Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാൻ ടെസ്‌ല

tesla-model-3-1 Tesla Model 3

ഇക്കൊല്ലം തന്നെ ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്നു സൂചന നൽകി യു എസിലെ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല. എന്നാവും ഇന്ത്യയിലെത്തുകയെന്ന ട്വിറ്റർ വഴിയുള്ള ചോദ്യത്തിന് കമ്പനി സ്ഥാപകൻ എലോൺ മസ്ക് തന്നെയാണു ‘മിക്കവാറും ഈ വേനൽക്കാലത്തു തന്നെ’ എന്നു മറുപടി നൽകിയത്. അടുത്ത വർഷം മധ്യത്തോടെ വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന പുത്തൻ വൈദ്യുത സെഡാനായ ‘മോഡൽ ത്രീ’ക്കുള്ള ഓർഡറുകൾ 2016 ഏപ്രിൽ മുതൽ ഇന്ത്യയിൽ നിന്നും ടെസ്‌ല സ്വീകരിക്കുന്നുണ്ട്. കാറിന്റെ വില 35,000 ഡോളർ(ഏകദേശം 23.20 ലക്ഷം രൂപ) നിലവാരത്തിലാവുമെന്നാണു പ്രതീക്ഷ.

തുടക്കത്തിൽ സ്വന്തം നാടായ യു എസിലാവും ‘മോഡൽ ത്രീ’ വിൽപ്പനയ്ക്കെത്തുക; തുടർന്നു മോദി ആഗോളതലത്തിൽ കാറിന്റെ വിപണനം ആരംഭിക്കും. ടെസ്‌ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാറായ ‘മോഡൽ ത്രീ’യുമായി ഇന്ത്യയ്ക്കു പുറമെ ന്യൂസീലൻഡ്, ബ്രസീൽ, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ മസ്കിനു പദ്ധതിയുണ്ട്. യു എസ് സന്ദർശനത്തിനിടെ 2015 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാൻജോസിലുള്ള ടെസ്‌ല ഫാക്ടറി സന്ദർശിച്ചിരുന്നു. തുടർന്ന് ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള താൽപര്യം കമ്പനി പലകുറി വ്യക്തമാക്കിയിട്ടുണ്ട്. സഹചര്യങ്ങൾ അനുകൂലമാകുകയാണെങ്കിൽ പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഭാഗമായി ടെസ്‍ല ഇന്ത്യയിൽ നിർമാണം ആരംഭിക്കാനും സാധ്യതയുണ്ട്. വൈദ്യുത കാർ വിൽപ്പനയ്ക്കപ്പുറം സൗരോർജ മേൽക്കൂര, പവർ പായ്ക്ക്, പവർ വാൾ തുടങ്ങിയ മേഖലകളിലൊക്കെ ടെസ്‌ല ഇന്ത്യയിൽ വിപണന സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.

നിലവിൽ ഇന്ത്യയിലെ വൈദ്യുത കാർ വിപണി തീർത്തും ശൈശവദശയിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ‘ഇ വെരിറ്റൊ’, ‘ഇ ടു ഒ’, വോൾവോയുടെ ‘എക്സ് സി 90’, ബി എം ഡബ്ല്യു ‘ഐ എയ്റ്റ്’ തുടങ്ങി വിരലിലെണ്ണാവുന്ന വൈദ്യുത കാറുകളാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ളത്. അതേസമയം, കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വൈദ്യുത, സങ്കര ഇന്ധന കാറുകൾക്കുള്ള സാമ്പത്തിക ആനുകൂല്യം സർക്കാർ 42% വർധിപ്പിച്ചിരുന്നു. വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘ഫെയിം ഇന്ത്യ’ പദ്ധതിക്കുള്ള വിഹിതമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ 123 കോടി രൂപയിൽ നിന്ന് ഇത്തവണ 175 കോടി രൂപയായി വർധിപ്പിച്ചത്.