Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡൽ ത്രീ: 140 കോടി ഡോളർ സമാഹരിക്കാൻ ടെസ്‌ല

tesla-model-3-1 ടെസ്‌ല മോഡൽ 3

പുതിയ കാറായ ‘മോഡൽ ത്രീ’ ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 140 കോടി ഡോളർ(ഏകദേശം 9407.30 കോടി രൂപ) മൂലധനം സമാഹരിക്കുമെന്ന് ആഡംബര വൈദ്യുത കാർ നിർമാതാക്കളായ ടെസ്‌ല മോട്ടോഴ്സ്. 2018 ആകുമ്പോഴേക്ക് വാർഷിക ഉൽപ്പാദനം അഞ്ചു ലക്ഷം യൂണിറ്റിലെത്തിക്കുമെന്ന് ഈ മാസം ആദ്യമാണു ടെസ്‌ല മോട്ടോഴ്സ് പ്രഖ്യാപിച്ചത്. ഈ ഉൽപ്പാദനലക്ഷ്യം കൈവരിക്കാനുള്ള മൂലധന സമാഹരണത്തിനായി 68 ലക്ഷം ഓഹരികൾ പൊതുജനങ്ങൾക്കു വിൽക്കുമെന്നാണു ടെസ്‌ല മോട്ടോഴ്സ് നൽകുന്ന സൂചന.

അടുത്ത വർഷം ആദ്യം കാർ കൈമാറാമെന്ന പ്രതീക്ഷയിൽ 3.73 ലക്ഷത്തോളം ബുക്കിങ്ങുകളാണ് ‘മോഡൽ ത്രീ’ക്കായി ടെസ്‌ല സ്വീകരിച്ചത്. വിപണിയിൽ നിന്നുള്ള അപ്രതീക്ഷിത ആവശ്യം പരിഗണിച്ച് 2018ൽ തന്നെ വാർഷിക ഉൽപ്പാദനശേഷി അഞ്ചു ലക്ഷം യൂണിറ്റിലെത്തിക്കാനാണു ശ്രമിക്കുന്നതെന്നു ടെസ്‌ല മോട്ടോഴ്സ് വ്യക്തമാക്കി. ‘മോഡൽ എസ്’, ‘മോഡൽ എക്സ്’ എന്നിവയ്ക്കൊപ്പം ‘മോഡൽ ത്രീ’ കൂടി ചേരുന്നതോടെയാവും വാർഷിക ഉൽപ്പാദനം അഞ്ചു ലക്ഷം യൂണിറ്റോളമെത്തുകയെന്നും ടെസ്‌ല മോട്ടോഴ്സ് വിശദീകരിച്ചിട്ടുണ്ട്. മുമ്പു നിശ്ചയിച്ചതിലും രണ്ടു വർഷം നേരത്തെയാവും ടെസ്‌ല മോട്ടോഴ്സ് ഈ ഉൽപ്പാദനലക്ഷ്യം കൈവരിക്കുക.

കഴിഞ്ഞ വർഷങ്ങളിൽ ടെസ്‌ല മോട്ടോഴ്സിന്റെ വരുമാനത്തിൽ ക്രമമായ വർധന രേഖപ്പെടുത്തിയിരുന്നു; എന്നാൽ കഴിഞ്ഞ വർഷം കമ്പനിയുടെ പ്രവർത്തനം 7.5 കോടി ഡോളർ(ഏകദേശം 503.96 കോടി രൂപ) നഷ്ടത്തിലാണു കലാശിച്ചത്.

tesla-model-3-2 ടെസ്‌ല മോഡൽ 3

മൂലധന സമാഹരണത്തിനൊപ്പം തന്റെ പക്കലുള്ള 28 ലക്ഷം ഓഹരികൾ വിറ്റൊഴിയാനും കമ്പനി സ്ഥാപകൻ എലോൺ മസ്ക് തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഈ വിൽപ്പനയിൽ നിന്നുള്ള വരുമാനം മസ്ക് കമ്പനിക്കു കൈമാറില്ല; പകരം നികുതി ബാധ്യത ഒഴിവാക്കാനാവും അദ്ദേഹം ഈ തുക വിനിയോഗിക്കുക. അതേസമയം, ആവശ്യമേറിയാൽ 82 ലക്ഷം ഓഹരി വരെ വിൽക്കാൻ സന്നദ്ധമാണെന്നും ടെസ്‌ല മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി 170 കോടി ഡോളർ (ഏകദേശം 11423.15 കോടി രൂപ) വരെ സമാഹരിക്കാമെന്നും കമ്പനി കരുതുന്നു.

അതേസമയം വിൽപ്പനയ്ക്കുള്ള ഓഹരികളുടെ വില നിലവാരം ടെസ്‌ല മോട്ടോഴ്സ് നിശ്ചയിച്ചിട്ടില്ല; എങ്കിലും 204.66 ഡോളർ (ഏകദേശം 13752.13 രൂപ) വിലയ്ക്കാവും വിൽപ്പനയെന്നാണു പ്രതീക്ഷ. 

Your Rating: