Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ കാറിനു വിലക്കിഴിവ് പാടില്ലെന്നു ടെസ്‌ല

tesla-model-3-1

പുത്തൻ കാർ വാങ്ങുന്നവർക്ക് വിലക്കിഴിവ് അനുവദിക്കരുതെന്ന് യു എസിലെ വൈദ്യുത കാർ നിർമാതാക്കളായ ടെസ്ല മോട്ടോഴ്സ് ഇൻകോർപറേറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എലോൻ മസ്ക്. പുതിയ കാറിനു വിലക്കിഴിവ് അനുവദിക്കില്ലെന്ന കമ്പനി നയം കർശനമായി പാലിക്കാനാണു ജീവനക്കാർക്കുള്ള ഇ മെയിൽ സന്ദേശത്തിൽ മസ്കിന്റെ നിർദേശം. പുതിയ വാഹനങ്ങൾക്ക് വിലക്കിഴിവ് അനുവദിക്കുന്നെന്ന പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി മസ്ക് ട്വിറ്ററിൽ വെളിപ്പെടുത്തി. അപൂർവം അവസരങ്ങളിൽ മാത്രമാണ് ഇത്തരം വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

വില പേശലോ വിലക്കിഴിവോ പാടില്ലെന്ന നയം കർശനമായി പിന്തുടരേണ്ടത് അത്യാവശ്യമാണെന്നു ജീവനക്കാർക്കുള്ള സന്ദേശത്തിൽ മസ്ക് വ്യക്തമാക്കി. 10 വർഷം മുമ്പ് ടെസ്ലയുടെ ആദ്യ കാറിനുള്ള ഓർഡർ സ്വീകരിക്കുന്ന വേളയിലെടുത്ത ഈ തീരുമാനം മാറ്റമൊന്നുമില്ലാതെ പിന്തുടരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ടെസ്റ്റ് ഡ്രൈവിന് ഉപയോഗിച്ച കാറുകൾക്കും ഷോറൂമിലേക്കുള്ള യാത്രയ്ക്കിടെ അപകടം സംഭവിച്ചവയ്ക്കുമൊക്കെ ഇളവുകൾ അനുവദിക്കുന്നതിൽ അസ്വാഭാവികതയില്ല. എന്നാൽ ഫാക്ടറിയിൽ നിന്നു ഷോറൂമിലെത്തി വിൽപ്പനയ്ക്കു വയ്ക്കുന്ന പുതുപുത്തൻ കാറിന് വിലക്കിഴിവ് അനുവദിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല.

ഇക്കൊല്ലം മൂന്നാം പാദത്തിലെ വിൽപ്പന മെച്ചപ്പെടുത്താൻ ടെസ്ല ‘മോഡൽ എസ്’ കാറുകൾക്ക് വിലക്കിഴിവ് അനുവദിക്കുന്നുണ്ടെന്ന് പസഫിക് ക്രെസ്റ്റ് സെക്യൂരിറ്റീസ് അനലിസ്റ്റ് ബ്രാഡ് എറിക്സൺ വിമർശിച്ച പശ്ചാത്തലത്തിലാണു മസ്കിന്റെ വിശദീകരണം. പ്രാബല്യത്തിലുള്ള ഇളവുകളെല്ലാം മൂന്നാം പാദത്തിന്റെ അവസാന ദിനമായ സെപ്റ്റംബർ 30 വരെയാണു തുടരുന്നതെന്നും എറിക്സൺ ആരോപിച്ചിരുന്നു. ഇളവുകളുടെയും ആനുകൂല്യങ്ങളുടെയും പിൻബലത്തിൽ ജൂലൈ — സെപ്റ്റംബർ ത്രൈമാസത്തിൽ ടെസ്ല 22,000 കാറുകൾ വിറ്റെന്നാണു കണക്ക്; 2015ൽ ഇതേ കാലത്തെ അപേക്ഷിച്ച് 90% അധികമാണത്രെ ഇത്. അതേസമയം ടെസ്ലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ത്രൈമാസ വിൽപ്പനയാവും കഴിഞ്ഞ മൂന്നു മാസത്തിനിടെ കൈവരികയെന്നു മസ്കും സ്ഥിരീകരിച്ചിട്ടുണ്ട്.  

Your Rating: