Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഡംബര പ്രദർശനമായി വിശാഖപട്ടണത്ത് ‘ടൈൽ’ എക്സ്പോ

luxury-expo Image courtesy : Facebook

കാറുകൾ അടക്കമുള്ള ആഡംബര ഉൽപന്നങ്ങൾ അണിനിരക്കുന്ന ‘ദ് ഇന്ത്യൻ ലക്ഷ്വറി എക്സ്പോ’ (ടൈൽ) രണ്ടിന് വിശാഖപട്ടണത്ത് ആരംഭിക്കും. കാറുകൾക്കു പുറമെ ആഡംബര ബൈക്കുകൾ, പെർഫ്യൂം, സൗന്ദര്യവർധക വസ്തുക്കൾ, ആഭരണങ്ങൾ തുടങ്ങിയവയാണു രണ്ടു നാൾ നീളുന്ന പ്രദർശനത്തിൽ ഇടംപിടിക്കുകയെന്ന് ‘ടൈൽ’ സ്ഥാപകൻ കരൺ ഭാംഗെ അറിയിച്ചു. വിശാഖപട്ടണത്തെ പ്രദർശനവുമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി)യും സഹകരിക്കുന്നുണ്ട്.

വരും വർഷങ്ങളിൽ ലോകത്ത് ഏറ്റവുമധികം സമ്പത്തു സൃഷ്ടിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്ന് ഭാംഗെ അഭിപ്രായപ്പെട്ടു. നിലവിൽ ഇന്ത്യയിൽ ഒന്നര ലക്ഷത്തോളം ലക്ഷപ്രഭുക്കളുണ്ട്; 15 ലക്ഷത്തോളം ഇന്ത്യക്കാരുടെ പക്കലാവട്ടെ പണമായി തന്നെ ലക്ഷം ഡോളറിലേറെ (ഏകദേശം 68 ലക്ഷത്തോളം) രൂപയുടെ സമ്പാദ്യവുമുണ്ട്. ആഡംബര വസ്തുക്കളിൽ പണം മുടക്കാൻ ഇന്ത്യക്കാർക്കു മടിയുമില്ല. പ്രതിവർഷം 65,000 കോടി രൂപയുടെ വിറ്റുവരവ് നേടുന്ന ആഡംബര വസ്തു വിപണി 14% വളർച്ചയും രേഖപ്പെടുത്തിയാണു മുന്നേറുന്നത്.

കാറും ബൈക്കുമടക്കമുള്ള ആഡംബര വസ്തുക്കളെയും ഇടപാടുകാരെയും മുഖാമുഖമെത്തിക്കുകയെന്ന ദൗത്യമാണ് ഈ എക്സ്പോ ഏറ്റെടുക്കുന്നതെന്ന് ടൈൽ സഹ സ്ഥാപകൻ വിശാൽ റെഡ്ഡി വിശദീകരിച്ചു. 2012ൽ ആരംഭിച്ച എക്സ്പോ നേരത്തെ ചെന്നൈ, ഹൈദരബാദ്, മുംബൈ, പുണെ, ചണ്ഡീഗഢ്, ഡൽഹി നഗരങ്ങളിലും വിരുന്നെത്തിയിരുന്നു.