Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പനയിൽ ആദ്യ ലക്ഷം പിന്നിട്ട് മൂന്നാം തലമുറ ‘സ്കോഡ’

skoda-superb-testdrive

ഫാമിലി സെഡാനായ ‘സുപർബി’ന്റെ മൂന്നാം തലമുറയുടെ നിർമാണം ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഫോക്സ്‌വാഗന്‍ ഗ്രൂപ്പിൽപെട്ട ചെക്ക് നിർമാതാക്കളായ സ്കോഡ. 2001ൽ അരങ്ങേറ്റം കുറിച്ച ‘സുപർബി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പനയാവട്ടെ ഒൻപതു ലക്ഷം യൂണിറ്റിനു മുകളിലായി. 2015 മാർച്ചിലാണു ‘സുപർബി’ന്റെ മൂന്നാം തലമുറ നിരത്തിലെത്തിയത്; ഈ വർഷം ആദ്യത്തോടെ ഇന്ത്യയിലും ഈ കാർ വിൽപ്പനയ്ക്കെത്തി. പുതിയ ‘സുപർബി’ന്റെ ഒന്നര പതിറ്റാണ്ട് നീണ്ട യാത്രയും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണു സ്കോഡ. പോരെങ്കിൽ ‘സുപർബ്’ എന്ന പേരിനാവട്ടെ 1934 മുതലുള്ള ചരിത്രം അവകാശപ്പെടാനാവും; കാരണം അക്കൊല്ലമാണ് ‘സ്കോഡ 640 സുപർബ്’ വിൽപ്പനയ്ക്കെത്തിയത്.

അക്കാലത്തെ പുതുമയായിരുന്ന സ്വതന്ത്ര സസ്പെൻഷനായിരുന്നു ഈ കാറിന്റെ പ്രധാന സവിശേഷത. കാറിലെ 2.5 ലീറ്റർ, ആറു സിലിണ്ടർ എൻജിനാവട്ടെ പരമാവധി 55 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുമുണ്ടായിരുന്നു. ‘640 സുപർബ്’ മൊത്തം 200 എണ്ണത്തോളമാണു നിർമിച്ചതെന്നും സ്കോഡ വെളിപ്പെടുത്തുന്നു.ആധുനിക കാലത്തെ മൂന്നാം തലമുറ ‘സുപർബി’ന് അടിത്തറയാവുന്നത് ഫോക്സ്വാഗന്റെ എം ക്യു ബി പ്ലാറ്റ്ഫോമാണ്; കരുത്തേകുന്നതാവട്ടെ മുൻതലമുറ കാറിലുണ്ടായിരുന്ന 1.8 ലീറ്റർ ടി എസ് ഐ പെട്രോൾ, രണ്ടു ലീറ്റർ ടി ഡി ഐ, സി ആർ ഡീസൽ എൻജിനുകളും. പെട്രോൾ എൻജിൻ പരമാവധി 177.5 ബി എച്ച് പി വരെ കരുത്തും 320 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ഡീസൽ എൻജിൻ സൃഷ്ടിക്കുന്നത് 174.6 ബി എച്ച് പി കരുത്തും 350 എൻ എം ടോർക്കുമാണ്.

ട്രാൻസ്മിഷൻ വിഭാഗത്തിൽ ‘സുപർബി’ലുള്ളത് ആറു സ്പീഡ് മാനുവൽ ഗീയർബോക്സും പെട്രോൾ എൻജിനൊപ്പം ഏഴു സ്പീഡ് ഓട്ടമാറ്റിക് ഡയറക്ട് ഷിഫ്റ്റ് ഗീയർബോക്സും(ഡി എസ് ജി) ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സുമാണ്. നിലവിൽ ‘സുപർബി’നു പുറമെ ‘റാപിഡ്’, ‘ഒക്ടേവിയ’, ‘യെതി’ എന്നിവയാണു സ്കോഡ ഓട്ടോ ഇന്ത്യയിൽ വിൽക്കുന്നത്. അടുത്ത വർഷം എസ് യു വിയായ ‘കോഡിയാക്’ അടക്കം നാലു പുതിയ മോഡലുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ തയാറെടുക്കുന്നുണ്ട്.  

Your Rating: