Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സങ്കര ഇന്ധന സാങ്കേതികവിദ്യയിൽ പ്രതീക്ഷയർപ്പിച്ചു ടൊയോട്ട

prius Toyota Prius

ഇന്ത്യയിൽ പ്രാബല്യത്തിലെത്തുന്ന പുതിയ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാൻ സങ്കര ഇന്ധന സാങ്കേതികവിദ്യയെ ആശ്രയിക്കുമെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). മലിനീകരണ നിയന്ത്രണത്തിലും ഇന്ധനക്ഷമതയിലുമൊക്കെ 2017നും 2020നുമിടയിൽ പുത്തൻ നിലവാരം നടപ്പാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കോർപറേറ്റ് ആവറേജ് ഫ്യുവൽ കൺസംപ്ഷൻ(സി എ എഫ് സി), മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരം തുടങ്ങിയവ കൈവരിക്കാൻ സങ്കര ഇന്ധന മോഡലുകളെ ആശ്രയിക്കേണ്ടി വരുമെന്നു ടി കെ എം സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) എൻ രാജ അഭിപ്രായപ്പെട്ടു. ഇന്ധന ചെലവിനൊപ്പം മലിനീകരണ സാധ്യതയും കുറയ്ക്കാൻ ‘പ്യുവർ ഹൈബ്രിഡ്’ വിഭാഗത്തിലെ സങ്കര ഇന്ധന മോഡലുകൾക്ക് കഴിയും.

വൈദ്യുത വാഹനങ്ങളെ പോലെ ബാറ്ററി ചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ ആവശ്യമില്ലാത്തതും ഇത്തരം വാഹനങ്ങളുടെ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ സെഡാനായ ‘കാംറി’യും ‘പ്രയസു’മാണു ടി കെ എം സങ്കര ഇന്ധന വകഭേദത്തിൽ ഇന്ത്യയിൽ വിൽക്കുന്നത്. ഇത്തരം കൂടുതൽ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണു ടി കെ എമ്മിന്റെ പദ്ധതി. എങ്കിലും വിലയുടെ കാര്യത്തിൽ മത്സരക്ഷമത കൈവരിക്കണമെങ്കിൽ ഇത്തരം വാഹനങ്ങളിൽ പ്രാദേശികമായി നിർമിച്ച യന്ത്രഘടകങ്ങളുടെ വിഹിതം ഗണ്യമായി വർധിപ്പിക്കേണ്ടി വരുമെന്നും കമ്പനി തിരിച്ചറിയുന്നുണ്ട്. ഇന്ധന സെൽ സാങ്കേതികവിദ്യയും മറ്റും ടൊയോട്ടയ്ക്കുണ്ടെങ്കിലും ഇത്തരം വാഹനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കൽ ഇന്ത്യയിൽ വെല്ലുവിളിയാവുമെന്നു രാജ വിശദീകരിക്കുന്നു. ആഗോളതലത്തിൽ 30 സങ്കര ഇന്ധന മോഡലുകളാണു കമ്പനി വിൽക്കുന്നത്; ഇത്തരം വാഹനങ്ങളുടെ മൊത്തം വിൽപ്പനയാവട്ടെ 90 ലക്ഷത്തോളം യൂണിറ്റാണ്. ശക്തമായ സങ്കര ഇന്ധന വാഹനങ്ങൾക്കു വിലയേറുമെന്നതിനാൽ ഇത്തരം മോഡലുകൾ അവതരിപ്പിക്കാൻ സർക്കാർ പിന്തുണ അനിവാര്യമാണ്. ഒപ്പം പ്രാദേശിക നിർമിത യന്ത്രഘടകങ്ങളുടെ വിഹിതം വർധിപ്പിച്ചും ഇത്തരം വാഹനങ്ങൾ ആകർഷകമാക്കാനാവുമെന്നു രാജ പ്രതീക്ഷ പ്രകടിപ്പിച്ചു.
രാജ്യത്തെ വാഹന വ്യവസായ രംഗത്ത് സി എ എഫ് സി നിലവാരം അടുത്ത വർഷം നടപ്പാക്കാനാണു കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. പെട്രോൾ, ഡീസൽ, വാതകം തുടങ്ങി എല്ലാത്തരം ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾക്കും ഈ നിലവാരം ബാധകമാവും.

ഒപ്പം ഇറക്കുമതി ചെയ്ത വാഹനങ്ങളും സി എ എഫ് സി പരിധിയിൽപെടും. മോഡൽ അടിസ്ഥാനമാക്കുന്നതിനു പകരം ഉൽപ്പാദിപ്പിക്കുന്ന മൊത്തം വാഹനങ്ങളുടെ എണ്ണം ആധാരമാക്കി ഇന്ധനക്ഷമത നിർണയിക്കുന്ന രീതിയാണു സി എ എഫ് സി. ഇതോടെ വാഹനഭാരമാവും ഇന്ധനക്ഷമത നിർണയത്തിന്റെ അടിസ്ഥാനം. രാജ്യത്തെ വാഹനങ്ങളെ എട്ടോളം വിഭാഗങ്ങളിൽ പെടുത്താനാണു നിർദേശം.
പുതിയ സി എ എഫ് സി നിലവാരത്തിന്റെ ആദ്യ ഘട്ടമാണ് അടുത്ത വർഷം നടപ്പാവുക. കാറുകളും വാനുകളും യൂട്ടിലിറ്റി വാഹനങ്ങളും ഉൾപ്പെടുന്ന യാത്രാവാഹന വിഭാഗത്തിന്റെ ഇപ്പോഴത്തെ ശരാശരി ഇന്ധനക്ഷമത ലീറ്ററിന് 16 കിലോമീറ്ററാണ്. 2016 — 17ൽ ഇത്തരം വാഹനങ്ങളുടെ ഇന്ധക്ഷമത 18.2 കിലോമീറ്ററായും 2021—22ൽ ലീറ്ററിന് 22 കിലോമീറ്ററായും ഉയർത്താനാണ് സി എ എഫ് സി നിലവാരം ലക്ഷ്യമിടുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി 2020 ഏപ്രിൽ മുതൽ ഭാരത് സ്റ്റേജ് ആറ് നിലവാരം നടപ്പാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.  

Your Rating: