Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപ്പന: ഇക്കൊല്ലവും ‘കോടിപതി’യെന്നു ടൊയോട്ട

toyota-logo

അടുത്ത വർഷത്തെ മൊത്തം വാഹന വിൽപ്പന ഒരു കോടിയിലേറെ യൂണിറ്റായി തുടരുമെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി). ആഗോള വാഹന വ്യാപാരത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ഒന്നാം സ്ഥാനത്തുള്ള ടൊയോട്ട ഗ്രൂപ് ഈ വർഷം ജനുവരി — ഡിസംബർ കാലത്ത് 1.0098 കോടി യൂണിറ്റിന്റെ വിൽപ്പനയാണു പ്രതീക്ഷിക്കുന്നത്. 2016ൽ കാര്യമായ വളർച്ച കൈവരിക്കാതെ മൊത്തം വിൽപ്പന 1.0114 കോടി യൂണിറ്റിലെത്തുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ടി എം സിക്കു പുറമെ ചെറുകിട വാഹന നിർമാതാക്കളായ ഡയ്ഹാറ്റ്സു മോട്ടോർ കമ്പനിയും ട്രക്ക് നിർമാതാക്കളായ ഹിനൊ മോട്ടോഴ്സും കൂടി ചേരുന്നതാണു ടൊയോട്ട ഗ്രൂപ്. ഒപ്പം ഇക്കൊല്ലത്തെ മൊത്തം വാഹന നിർമാണം മുൻവർഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം വർധനയോടെ 1.02 കോടി യൂണിറ്റാവുമെന്നും ടൊയോട്ട വെളിപ്പെടുത്തി.

Toyota Camry toyota camry

ഇക്കൊല്ലത്തിന്റെ ആദ്യ പകുതിയിൽ ടൊയോട്ടയെ പിന്തള്ളി മുന്നേറിയ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ എ ജിക്കു ‘ഡീസൽഗേറ്റ്’ ആണു തിരിച്ചടിയായത്. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഘടിപ്പിച്ചെന്ന കുറ്റസമ്മതാണു കമ്പനിക്കു വിനയായത്. ‘പുകമറ വിവാദം’ കത്തിക്കയറിയതോടെ ആഗോളതലത്തിൽ ഫോക്സ്‌വാഗൻ കാറുകളുടെ വിൽപ്പന ഗണ്യമായി ഇടിഞ്ഞു. ഇതോടെ ജൂലൈ — ഡിസംബർ കാലത്തെ വിൽപ്പനയിൽ ടൊയോട്ടയെ വെല്ലുവിളിക്കാൻ ഫോക്സ്‌വാഗനു കഴിയാതെ പോയി.

prius toyota prius

സങ്കര ഇന്ധന മോഡലായ ‘പ്രയസി’ന്റെയും സെഡാനായ ‘കാംറി’യുടെയുമൊക്കെ മികവിൽ 1.023 കോടി വാഹനങ്ങളാണു ടൊയോട്ട 2014ൽ വിറ്റത്. 1.014 കോടി യൂണിറ്റിന്റെ വിൽപ്പനയോടെ ഫോക്സ്‌വാഗൻ രണ്ടാം സ്ഥാനത്തും 99.20 ലക്ഷം വാഹനങ്ങൾ വിറ്റ് ജനറൽ മോട്ടോഴ്സ് മൂന്നാം സ്ഥാനത്തുമായിരുന്നു.