Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലിവ’യ്ക്കു പരിമിതകാല പതിപ്പുമായി ടൊയോട്ട കിർലോസ്കർ

Toyota Etios Liva Special Edition Toyota Etios Liva Special Edition

ഉത്സവകാലം പ്രമാണിച്ചു ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’യുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. നിലവിലുള്ള ‘ലിവ’യുടെ ‘വി’, ‘വി ഡി’ വകഭേദങ്ങളെ ആധാരമാക്കി സാക്ഷാത്കരിച്ച പരിമിതകാല പതിപ്പിന് സാധാരണ മോഡലിനെ അപേക്ഷിച്ച് 9,000 രൂപയോളം വില കൂടുതലാണ്. പരിമിതകാലപതിപ്പിന്റെ 400 യൂണിറ്റ് മാത്രമാവും ടി കെ എം ലഭ്യമാക്കുക. പെട്രോൾ, ഡീസൽ എൻജിനുകളോടെ ഡിസംബർ വരെ വിൽപ്പനയ്ക്കുള്ള കാറിന് യഥാക്രമം 5.76 ലക്ഷം രൂപയും 6.79 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.

Toyota Etios Liva Special Edition

പില്ലറിനും മുകൾ ഭാഗത്തിനും കറുപ്പിന്റെ പകിട്ടോടെയുള്ള ഇരട്ട വർണ സങ്കലനം, കറുപ്പ് ഗ്രില്ലും ഔട്ടർ റിയർവ്യൂ മിററും, റൂഫിന്റെ പിൻഭാഗത്തു സ്പോയ്ലർ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവയാണു കാറിന്റെ പുറംഭാഗത്തെ പരിഷ്കാരങ്ങൾ.

ഡാഷ്ബോഡിൽ വുഡ് ഇൻസർട്ട്, ബ്ലൂ ടൂത്ത് എനേബിൾഡ് ഓഡിയോ സിസ്റ്റം, ഇരട്ട വർണ സീറ്റ് കവർ എന്നിവയാണ് അകത്തളത്തിലെ പരിഷ്കാരങ്ങൾ. സുരക്ഷയ്ക്കായി എ എസ്, ഇ ബി ഡി, ഇരട്ട എയർ ബാഗ്, പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും സഹിതമുള്ള മുൻ സീറ്റ് ബെൽറ്റ് എന്നിവയും ടൊയോട്ട ലഭ്യമാക്കുന്നു. സാങ്കേതിക വിഭാഗത്തിൽ മാറ്റങ്ങളില്ലാതെയാണു പരിമിതകാല ‘ലിവ’യുടെയും വരവ്.

Toyota Etios Liva Special Edition

കാറിലെ 1.2 ലീറ്റർ പെട്രോൾ എൻജിന് 80 പി എസ് വരെ കരുത്തും 104 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും; ലീറ്ററിന് 17.17 കിലോമീറ്ററാണു ടി കെ എം വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.4 ലീറ്റർ ഡീസൽ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി കരുത്ത് 68 പി എസും ടോർക്ക് 170 എൻ എമ്മുമാണ്. ലീറ്ററിന് 23.59 കിലോമീറ്ററാണു ടി കെ എം ഉറപ്പു നൽകുന്ന ഇന്ധനക്ഷമത. അതിനിടെ 1.5 ലീറ്റർ പെട്രോൾ എൻജിന്റെ കരുത്തോടെ വിപണിയിലുണ്ടായിരുന്ന ‘സ്പോർട്ടിവൊ’ എന്ന വകഭേദം ടി കെ എം നിർത്തലാക്കിയിട്ടുമുണ്ട്.

Toyota Etios Liva Special Edition

ഉപയോക്താക്കളുടെ താൽപര്യങ്ങൾക്കനുസൃതമായ മാറ്റങ്ങളും പരിഷ്കാരങ്ങളും വരുത്താൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ടി കെ എം സീനിയർ വൈസ് പ്രസിഡന്റ് അകിതൊഷി തകെമുര അഭിപ്രായപ്പെട്ടു. ഉത്സവാഘോഷവേളയിൽ ഇന്ത്യൻ ഇടപാടുകാർക്കു കൂടുതൽ ആഹ്ലാദം പകരാൻ ‘എത്തിയോസ് ലിവ’യുടെ പരിമിതകാല പതിപ്പിനു കഴിയുമെന്നും അദ്ദേഹം പ്രത്യാശിച്ചു.