Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി കെ എം: കിർലോസ്കർ ഓഹരി വാങ്ങാനില്ലെന്നു ടൊയോട്ട

Toyota

രണ്ടു വർഷമായി തുടരുന്ന നഷ്ടം മറികടന്ന് 2014 — 15ൽ 529 കോടി രൂപ പ്രവർത്തനലാഭം നേടിയെങ്കിലും ഇന്ത്യൻ ഉപസ്ഥാപനത്തിലെ ന്യൂനപക്ഷ ഓഹരി പങ്കാളിത്തം ഒഴിവാക്കില്ലെന്നു ടൊയോട്ട. ഇന്ത്യൻ സംയുക്ത സംരംഭമായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ൽ കിർലോസ്കർ ഗ്രൂപ്പിനുള്ള 11% ഓഹരി വാങ്ങിക്കാനില്ലെന്നാണു ടൊയോട്ട മോട്ടോർ കോർപറേഷന്റെ നിലപാട്.

കിർലോക്സർ ഗ്രൂപ്പുമായി ദീർഘകാല ബന്ധമാണുള്ളതെന്നും ഇപ്പോഴത്തെ സംയുക്ത സംരംഭത്തിൽ സന്തുഷ്ടരാണെന്നും ടി കെ എം മാനേജിങ് ഡയറക്ടർ നവോമി ഇഷി വ്യക്തമാക്കി. കമ്പനിയുടെ ഓഹരികൾ പൂർണമായി ഏറ്റെടുക്കാൻ ടൊയോട്ടയോ ടി കെ എമ്മിലെ ഓഹരി വിറ്റൊഴിയാൻ കിർലോസ്കറോ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. 2014ൽ കമ്പനിയുടെ മേധാവിയായി ചുമതലയേറ്റ ഇഷിയുടെ നേതൃത്വത്തിലാണു ടി കെ എം ലാഭത്തിൽ തിരിച്ചെത്തിയത്.

കിർലോസ്കറുമായി സഹകരിച്ച് 1997 ഒക്ടോബറിലാണ് ടൊയോട്ട ഇന്ത്യയിലെത്തിയത്. ബെംഗളൂരുവിനടുത്തുള്ള ബിദഡിയിൽ 432 ഏക്കർ സ്ഥലത്തു സ്ഥാപിച്ച ശാലയിൽ നിന്ന് 1999 ഡിസംബറിൽ ടി കെ എം ഉൽപ്പാദനം ആരംഭിച്ചു. അതിനിടെ പങ്കാളിത്തം ഉപേക്ഷിക്കാനോ കമ്പനിയിൽ കൂടുതൽ ഓഹരി സ്വന്തമാക്കാനോ കിർലോസ്കറിനും പദ്ധതിയില്ലെന്നു ടി കെ എം വൈസ് ചെയർമാനും മുഴുവൻ സമയ ഡയറക്ടറുമായ ശേഖർ വിശ്വനാഥനും വെളിപ്പെടുത്തി. സംയുക്ത സംരംഭത്തിന്റെ പ്രവർത്തനത്തിൽ ഇരുപങ്കാളികളും തികച്ചും സന്തുഷ്ടരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിപണി വിഹിതം ഉയർത്താനോ വിൽപ്പന ലക്ഷ്യങ്ങൾ കൈവരിക്കാനോ ഉള്ള മത്സരത്തിന് ടൊയോട്ടയില്ലെന്ന് ഇഷി അറിയിച്ചു. ഇന്ത്യയിലുള്ള 10 ലക്ഷത്തോളം ഇടപാടുകാരെ നിലനിർത്താനുള്ള ശ്രമങ്ങൾക്കാണു ടി കെ എം മുൻഗണന നൽകുന്നത്. ലാഭക്ഷമതയോടെയുള്ള വളർച്ചയിലാണു ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒപ്പം നിലവിലുള്ള ഇടപാടുകാരെ പൂർണമായും സംതൃപ്തരായി നിലനിർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അതേസമയം ആഗോളതലത്തിൽ ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കുന്ന എട്ടു പ്രധാന വിപണികൾക്കൊപ്പം ഇന്ത്യയുമുണ്ട്. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കു പണം പ്രശ്നമാവില്ലെന്നും ഇഷി വ്യക്തമാക്കി. 1997 മുതൽ ഇതുവരെ എണ്ണായിരത്തോളം കോടി രൂപയാണു കമ്പനി ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ‘എന്തു വില കൊടുത്തും ഇടപാടുകാരെ നിലനിർത്തുക’ എന്ന പദ്ധതി നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നും അദ്ദേഹം കരുതുന്നു.