Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെംഗളൂരുവിൽ ടൊയോട്ട ഡീസൽ എൻജിൻ പ്ലാന്റ് തുടങ്ങി

toyota-logo

ജപ്പാനിലെ ടൊയോട്ട മോട്ടോർ കോർപറേഷന്റെ എൻജിൻ നിർമാണശാല ബെംഗളൂരുവിലെ ജിഗാനി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനം തുടങ്ങി. കിർലോസ്കർ സിസ്റ്റംസ് ലിമിറ്റഡും ജപ്പാനിലെ ടൊയോട്ട ഇൻഡസ്ട്രീസ് കോർപറേഷനും ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭമായ ടൊയോട്ട ഇൻഡസ്ട്രീസ് എൻജിൻ ഇന്ത്യ(ടി ഐ ഇ ഐ)യാണു പുതിയ നിർമാണശാല തുറന്നത്. ആഗോളതലത്തിൽ വിപണന സാധ്യതയുള്ള ഡീസൽ എൻജിനുകൾ നിർമിക്കാൻ ടൊയോട്ട ഇന്ത്യയിൽ സ്ഥാപിക്കുന്ന ആദ്യ ശാലയാണിത്. നിലവിൽ ജപ്പാനിലും തായ്ലൻഡിലും മാത്രമാണു കമ്പനിക്ക് ഇത്തരം ശാലകളുള്ളത്.മൊത്തം 1,100 കോടിയോളം രൂപ ചെലവിൽ 22 ഏക്കർ വിസ്തൃതിയിലാണു പുതിയ എൻജിൻ നിർമാണശാല പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പ്രതിവർഷം 1.08 ലക്ഷം യൂണിറ്റാണ് ശാലയുടെ ഉൽപ്പാദനശേഷി. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(യൂറോ നാല്) നിലവാരം പാലിക്കുന്ന 2.8 ലീറ്റർ വൺ ജി ഡി — എഫ് ടി വി, 2.4 ലീറ്റർ ടു ജി ഡി എഫ് ടി വി എൻജിനുകളാണ് ശാലയിൽ നിർമിക്കുക. ഒപ്പം പരിമിതമായ നിക്ഷേപത്തിൽ ബി എസ് അഞ്ചോ ബി എസ് ആറോ (യൂറോ അഞ്ച്, ആറ്) നിലവാരമുള്ള എൻജിനുകളുടെ നിർമാണവും ഈ ശാലയിൽ സാധ്യമാവും.

പുതിയ മോഡലായ ‘ഇന്നോവ ക്രിസ്റ്റ’യുടെ മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വകഭേദങ്ങളിലാണു 2.4 ലീറ്റർ, 2.8 ലീറ്റർ ഡീസൽ എൻജിനുകൾ ഇടംപിടിക്കുക. മുമ്പത്തെ ടു കെ ഡി എൻജിനെ അപേക്ഷിച്ച് 47% കൂടുതൽ കരുത്തും 13% ഇന്ധനക്ഷമതയുമാണ് 2.4 ലീറ്റർ ടു ജി ഡി — എഫ് ടി വി എൻജിൻ വാഗ്ദാനം ചെയ്യുന്നത്; വൺ ജി ഡി എഫ് ടി വി എൻജിനിലാവട്ടെ 71% അധിക കരുത്തും ഏഴു ശതമാനത്തോളം അധിക ഇന്ധനക്ഷമതയും പ്രതീക്ഷിക്കാം.രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സാന്നിധ്യത്തിലൂടെ കർണാടകത്തിൽ ടൊയോട്ട ചിരപരിചിതമായിട്ടുണ്ടെന്നു സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ടൊയോട്ട ജീവനക്കാർ കർണാടകത്തിന്റെ ബ്രാൻഡ് അംബാസഡർമാരാണെന്നും അവരുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വിലയിരുത്തി. ഭാവിയിലും കമ്പനി ഇന്ത്യയിൽ നിക്ഷേപം നടത്തണമെന്നും സിദ്ധരാമയ്യ അഭ്യർഥിച്ചു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദന(ജി ഡി പി)ത്തിൽ വൻസംഭാവനയാണു വാഹന വ്യവസായ മേഖല നൽകുന്നതെന്നു കേന്ദ്ര ഘനവ്യവസായ, പൊതുമേഖല മന്ത്രി അനന്ത് വി ഗീഥെ അറിയിച്ചു. അതേസമയം അന്തരീക്ഷ മലിനീകരണം ക്രമാതീതമായി ഉയരുന്നതിലും സർക്കാരിന് ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുകൾക്ക് ഏർപ്പെടുത്തിയ വിലക്കിനെപ്പറ്റി സമഗ്രമായ കാഴ്ചപ്പാടാവും സർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ എൻജിൻ നിർമാതാക്കളിൽ ഒന്നാം സ്ഥാനമാണു ടി ഐ ഇ ഐ ലക്ഷ്യമിടുന്നതെന്നു കമ്പനി ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ടി ആർ പരശുരാമൻ വെളിപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിൽ ആഗോള നിർമാണ നിലവാരം കൈവരിക്കാനാണു കമ്പനി ശ്രമിക്കുകയെന്നും പരശുരാമൻ വ്യക്തമാക്കി.  

Your Rating: