Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ വില കൂട്ടിയതു ടൊയോട്ടയും ടാറ്റയും സ്കോഡയും മാത്രം

logos-1

പുതുവർഷത്തിൽ വാഹന വില വർധിക്കുമെന്ന നിർമാതാക്കളുടെ പ്രഖ്യാപനം വാക്കിലൊതുങ്ങി. ഇന്ത്യയിലെ മിക്കവാറുമെല്ലാ വാഹന നിർമാതാക്കളും ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെ വില വർധന പ്രഖ്യാപിച്ചിരുന്നു. പക്ഷേ പുതുവർഷമെത്തിയപ്പോൾ ടൊയോട്ട കിർലോസ്കർ മോട്ടോറും ടാറ്റ മോട്ടോഴ്സും ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട സ്കോഡയും മാത്രമാണു വാഹന വില ഉയർത്തിയത്. പരമാവധി 33,000 രൂപയുടെ വരെ വിലവർധനയാണ് ഈ കമ്പനിയുടെ മോഡലുകളിൽ പ്രാബല്യത്തിലെത്തിയത്. വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും പ്രധാന എതിരാളികളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും മുതൽ ജനറൽ മോട്ടോഴ്സും റെനോയും നിസ്സാനും ഹോണ്ടയും മെഴ്സീഡിസ് ബെൻസും ബി എം ഡബ്ല്യുവമൊക്കെ ജനുവരിയിൽ വാഹന വില ഉയരുമെന്നു പ്രഖ്യാപിച്ചിരുന്നതാണ്.

Toyota Innova Toyota Innova

അസംസ്കൃത വസ്തുക്കളുടെ വില വർധന, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ച തുടങ്ങിയ സ്ഥിരം ന്യായീകരണങ്ങളാണു വില കൂട്ടാനുള്ള കാരണമായി എല്ലാ കമ്പനികളും നിരത്തിയത്. എന്നാൽ ജനുവരിയിലെ ആദ്യ ദിനങ്ങൾ പിന്നിടുമ്പോൾ ടൊയോട്ട കിർലോസ്കറും ടാറ്റ മോട്ടോഴ്സും സ്കോഡയും മാത്രമാണു വില വർധന നടപ്പായെന്നു സ്ഥിരീകരിച്ചത്. വിവിധോദ്ദേശ്യ വാഹനമായ ‘ഇന്നോവ’യുടെ വില 14,000 രൂപ വരെ വർധിച്ചതായി ടൊയോട്ട കിർലോസ്കർ അറിയിച്ചു. ഇടത്തരം സെഡാനായ ‘എത്തിയോസി’ന്റെ വിലയിൽ 7,500 രൂപയുടെയും ഹാച്ച്ബാക്കായ ‘ലിവ’യുടെ വിലയിൽ 6000 രൂപയുടെയും വർധന നിലവിൽവന്നു. പ്രീമിയം സെഡാനായ ‘കാംറി’ക്ക് 31,500 രൂപയും സെഡാനായ ‘കൊറോള’യ്ക്ക് 29,000 രൂപയുമാണു വർധിച്ചത്.

tata zest Tata Zest

ഇന്ത്യൻ കമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ വാഹന വിലയിൽ 20,000 രൂപയുടെ വരെ വർധന നടപ്പായെന്നു കമ്പനി സ്ഥിരീകരിച്ചു. എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കമ്പനി തയാറായില്ല. സ്കോഡയുടെ എല്ലാ മോഡലുകളുടെയും വില ജനുവരി ഒന്നു മുതൽ ഉയർന്നതായി കമ്പനി വ്യക്മതാക്കി. ഇടത്തരം സെഡനായ ‘റാപിഡി’ന്റെ അടിസ്ഥാന മോഡലിന്റെ വിലയിലെ വർധന 15,000 രൂപയാണ്. ‘ഒക്ടേവിയ’യുടെ വിലയിൽ 33,000 രൂപ വർധനയുണ്ട്.

rapid-1 Skoda Rapid

ഡിസംബറാവുന്നതോടെ പുതുവർഷത്തിൽ വാഹനവിലയേറുമെന്ന നിർമാതാക്കളുടെ പതിവു പ്രഖ്യാപനത്തെ വിപണനതന്ത്രമായാണു വിപണി വിലയിരുത്തുന്നത്. പൊതുവേ വിൽപ്പന മന്ദഗതിയിലാവുന്ന വർഷാന്ത്യത്തിൽ കാര്യങ്ങൾ ഉഷാറാക്കാനുള്ള ശ്രമമാണത്രെ ഈ വില വർധന പ്രഖ്യാപനം. പുതിയ വർഷത്തിൽ പുതിയ മോഡൽ നിരത്തിലെത്തുന്നതു കാത്ത് പലരും കാർ വാങ്ങാനുള്ള തീരുമാനം നീട്ടാറുണ്ട്. ഇത്തരക്കാരെ ആകർഷിക്കാനും പഴയ സ്റ്റോക്ക് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും നിർമാതാക്കൾ പയറ്റുന്നത പതിവു തന്ത്രമായി ഇത്തവണത്തെ വിലവർധന പ്രഖ്യാപനവും മാറിയെന്ന വേണം കരുതാൻ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.