Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസുക്കിയും ടൊയോട്ടയും കൈകോർക്കുന്നു

toyota-suzuki

പരിസ്ഥിതി, സുരക്ഷ, ഇൻഫർമേഷൻ ടെക്നോളജി (ഐ ടി) മേഖലകളിലെ സഹകരണം ശക്തമാക്കാനുള്ള സാധ്യതകൾ തേടി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷനും സുസുക്കി മോട്ടോർ കോർപറേഷനും രംഗത്ത്. പൂർണതോതിലുള്ള പങ്കാളിത്തത്തിൽ കലാശിക്കുന്ന തലത്തിലേക്കു സഹകരണം വളർത്താനുള്ള മാർഗങ്ങൾ ആരായാൻ ഇരുകമ്പനികളും സമ്മതിച്ചു. രാജ്യാന്തരതലത്തിൽ നേരിടുന്ന വിവിധ വെല്ലുവിളികളിൽ നിന്നു കരകയറാനുള്ള മാർഗമെന്ന നിലയിലാണു ടൊയോട്ടയും സുസുക്കിയും പരസ്പര സഹകരണത്തിനുള്ള സാധ്യതകൾ തേടിത്തുടങ്ങിയത്. അതേസമയം, നീതിപൂർവവും സ്വതന്ത്രവുമായി പരസ്പരം മത്സരിക്കാനുള്ള സ്വാതന്ത്യ്രം നിലനിർത്തിയാവും വിവിധ മേഖലകളിൽ സഹകരിക്കുകയെന്ന് ഇരുകമ്പനികളും മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്.

പങ്കാളിത്തത്തിനുള്ള ആശയങ്ങൾ തേടി ടൊയോട്ടയുമായി ചർച്ചകൾ ആരംഭിക്കുന്നതിനെ സുസുക്കി മോട്ടോർ ചെയർമാൻ ഒസാമു സുസുക്കി അഭിനന്ദിച്ചു. സുസുക്കിയുടെ ഭാവി ലക്ഷ്യമിട്ടാണ് ഈ ചർച്ചകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുള്ള ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങളാവും പരസ്പര സഹകരണത്തിലൂടെ ടൊയോട്ടയും സുസുക്കിയും ലക്ഷ്യമിടുക. ഇന്ത്യൻ വിപണിയിൽ കാര്യമായ താൽപര്യം പ്രകടിപ്പിക്കുന്ന കമ്പനികളാണു പരസ്പര സഹകരണത്തിനുള്ള സാധ്യതകൾ ആരായുന്നത് എന്നതും ശ്രദ്ധേയമാണ്. മിനി വിഭാഗം വാഹനങ്ങളിലാണു സുസുക്കി പ്രധാനമായും ശ്രദ്ധയൂന്നുന്നത്; കമ്പനിയുടെ ഉപസ്ഥാപനമായ മാരുതി സുസുക്കിയാവട്ടെ ഇന്ത്യൻ വിപണിയിൽ നേതൃസ്ഥാനത്തുമാണ്.

ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെ മത്സരക്ഷമമായ വിലകളിൽ ചെറുകാറുകൾ നിർമിച്ചു വിൽക്കുന്നതിൽ വിദഗ്ധരാണു സുസുക്കി. എന്നാൽ ഭാവിക്കായുള്ള സാങ്കേതികവിദ്യകളിലും ഗവേഷണ, വികസന മേഖലകളിലുമൊക്കെ സുസുക്കി പ്രകടമായ അനിശ്ചിതത്വം നേരിടുന്നുണ്ട്. അതേസമയം പരിസ്ഥിതി, സുരക്ഷ, ഐ ടി മേഖലകളിലെ ഗവേഷണ, വികസനത്തിൽ ടൊയോട്ടയ്ക്കു വ്യക്തമായ മേൽക്കൈയുണ്ട്. എങ്കിലും മറ്റു കമ്പനികളുമായുള്ള പങ്കാളിത്തത്തിലും മറ്റും നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും എതിരാളികളെ അപേക്ഷിച്ചു ടൊയോട്ട പിന്നിലുമാണ്.
 

Your Rating: