Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി കെ എമ്മിൽ വൻനിക്ഷേപത്തിനൊരുങ്ങി ടൊയോട്ട

Toyota

ഇന്ത്യൻ ഉപസ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ സംതൃപ്തരായി കൂടുതൽ പണം നൽകാൻ ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി) ഒരുങ്ങുന്നു. ടൊയോട്ട കിർലോസകർ മോട്ടോറി(ടി കെ എം)ന്റെ പുതിയ എൻജിൻ നിർമാണശാലയ്ക്കും പുത്തൻ മോഡലുകൾക്കുമൊക്കെ വാരിക്കോരി പണം നൽകാനാണു ടൊയോട്ട ആലോചിക്കുന്നത്. പുതിയ ശാലയ്ക്കും പുത്തൻ ‘ഇന്നോവ’, ‘ഫോർച്യൂണർ’, ഇടത്തരം സെഡാൻ എന്നിവയ്ക്കുമൊക്കെയായി അടുത്ത രണ്ടു വർഷത്തിനിടെ 1,000 കോടിയോളം രൂപയാവും ടൊയോട്ട നിക്ഷേപിക്കുകയെന്നാണു സൂചന.

പോരെങ്കിൽ ടൊയോട്ടയുടെ ബജറ്റ് ബ്രാൻഡായ ഡയ്ഹാറ്റ്സു ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയും ടി എം സി ബോർഡ് ചെയർമാനായ തകേഷി ഉചിയമാഡ തള്ളിക്കളയുന്നില്ല. ഇന്ത്യയിൽ ധാരാളം വളർച്ചയ്ക്കും വികസനത്തിനുമുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ലാഭത്തിലെത്തിയതോടെ ടി കെ എമ്മിനെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ തന്നെ മാറ്റം വന്നിട്ടുണ്ടെന്ന് ഉചിയമാഡ വ്യക്തമാക്കുന്നു. അടുത്ത വർഷം പ്രവർത്തനക്ഷമമാവുമെന്നു കരുതുന്ന പുതിയ എൻജിൻ നിർമാണശാലയ്ക്കു പുറമെ പുത്തൻ മോഡൽ അവതരണങ്ങൾക്കും ഗണ്യമായ നിക്ഷേപം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇന്ത്യയിൽ ഡയ്ഹാറ്റ്സു ബ്രാൻഡ് അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതാപഠനം ടൊയോട്ട പൂർത്തിയാക്കിയിരുന്നു. ഒപ്പം കോംപാക്ട് യൂട്ടിലിറ്റി വാഹനങ്ങളായ ‘ടെറിയോസ്’, ‘സീനിയ’ എന്നിവയുടെ ഉൽപ്പാദനം ആരംഭിക്കാനായി വാഹനഘടക നിർമാതാക്കളുമായി കമ്പനി പ്രാഥമിക ചർച്ചകളും നടത്തിയിരുന്നു. പദ്ധതികൾ ലക്ഷ്യത്തിലെത്തിയാൽ 2018 — 19ൽ ഡയ്ഹാറ്റ്സുവിന്റെ ഇന്ത്യൻ അരങ്ങേറ്റം യാഥാർഥ്യമാവും. ഇതൊക്കെ പരിഗണിച്ചാവണം ഡയ്ഹാറ്റ്സു ഇന്ത്യയിലെത്താനുള്ള സാധ്യത ഉചിയമാഡ തള്ളാത്തത്. എങ്കിലും ടൊയോട്ടയുടെ ബജറ്റ് ബ്രാൻഡിന്റെ ഇന്ത്യൻ അവതരണത്തിന് ഉടനൊന്നും പദ്ധതിയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

രണ്ടു വർഷമായി തുടരുന്ന നഷ്ടം മറികടന്ന് 2014 — 15ൽ 529 കോടി രൂപയുടെ പ്രവർത്തനലാഭമാണു ടി കെ എം നേടിയത്. എങ്കിലും ഇക്കൊല്ലം പുതിയ മോഡലുകൾ അവതരിപ്പിക്കാതെ ബ്രാൻഡ് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധയൂന്നാനാണു കമ്പനിയുടെ തീരുമാനം. അടുത്ത വർഷം ആദ്യ പകുതിയിൽ പുത്തൻ ‘ഇന്നോവ’യും ഉത്സവകാലത്തോടെ പുത്തൻ ‘ഫോർച്യൂണ’റും പുറത്തിറക്കും. ഇതുവഴി ഇന്ത്യയിലെ ഉൽപ്പാദനശേഷി വിനിയോഗം മെച്ചപ്പെടുത്താനും ടൊയോട്ട ലക്ഷ്യമിടുന്നു. നിലവിൽ സ്ഥാപിത ശേഷിയും പകുതിയോളം മാത്രമാണു ടി കെ എം വിനിയോഗിക്കുന്നത്. അടുത്ത തലമുറ ‘ഇന്നോവ’യുടെ ഉൽപ്പാദനം 90,000 യൂണിറ്റിലെത്തിക്കാനാണു ടൊയോട്ടയുടെ പദ്ധതി; ‘ഫോർച്യൂണർ’ ഉൽപ്പാദനമാവട്ടെ 30,000 യൂണിറ്റും. ആഗോളതലത്തിൽ ഇരുമോഡലുകളും ചേർന്ന് 10 ലക്ഷം യൂണിറ്റിന്റെ വിൽപ്പന നേടുമെന്നാണു ടി എം സിയുടെ പ്രതീക്ഷ. പുത്തൻ ഐ എം വി പ്ലാറ്റ്ഫോമിന്റെ വിൽപ്പനയിൽ ഇന്ത്യയുടെ സംഭാവന 12% ആകുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ.