Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇന്നോവ’ പൊളിച്ചെഴുതാൻ ടൊയോട്ട

രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ഇന്നോവ’ പൂർണമായും പൊളിച്ചു പണിയാൻ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) ഒരുങ്ങുന്നു. അടുത്ത തലമുറ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ‘ഇന്നോവ’ പുതുവർഷത്തോടെ നിരത്തിലിറക്കാനാണു ടി കെ എമ്മിന്റെ പദ്ധതി. മേജർ മോഡൽ ചേഞ്ച്(എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്നും കമ്പനി വിശദീകരിക്കുന്നു.

പുതു മോഡലുകളുടെ കാര്യത്തിൽ ടാറ്റ മോട്ടോഴ്സ് പിന്തുടരന്നതിനു സമാനമായ സമീപനമാവും ടി കെ എമ്മും സ്വീകരിക്കുക; ടാക്സി വിഭാഗത്തിൽ പുതിയ ‘ഇന്നോവ’ വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്. പകരം വ്യക്തിഗത ഉപയോഗത്തിനാവുമത്രെ ടൊയോട്ട മുൻഗണന നൽകുക. ഒപ്പം ട്രാവൽ/ടൂറിസം മേഖലയ്ക്കായി പഴയ ‘ഇന്നോവ’ നിലനിർത്താനുള്ള സാധ്യതയാണു ടൊയോട്ട പരിഗണിക്കുന്നുണ്ട്.

ഭാവി ‘ഇന്നോവ’യ്ക്കായി ടി കെ എം പുതിയ പേരും തേടുന്നുണ്ടെന്നാണു സൂചന. കരുത്തേറിയ എൻജിൻ, പുതിയ രൂപകൽപ്പന, സുരക്ഷയ്ക്കായി കൂടുതൽ സംവിധാനങ്ങൾ എന്നിവയോടെ എത്തുന്ന ഈ വാഹനത്തിന് അടിത്തറയാവുക ലാഡർ ഫ്രെയിം സെറ്റപ്പോടെയുള്ള മൾട്ടി പർപ്പസ് വെഹിക്കിൾ പ്ലാറ്റ്ഫോമാകും.

വ്യക്തിഗത ഉപയോഗത്തിനുള്ള എം പി വികൾക്കുള്ള ആവശ്യം ഗണ്യമായി ഉയരുന്നതു മുൻനിർത്തിയാണു ടി കെ എമ്മിന്റെ നിലപാട് മാറ്റമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. നഗരങ്ങൾക്കിടയിലെ യാത്രകളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ക്രമമായി ഉയരുന്നുണ്ട്.

ടി കെ എമ്മിന്റെ അവതരണ മോഡലും എം പി വിയുമായിരുന്ന ‘ക്വാളിസ്’ പിൻവലിച്ച വേളയിൽ 2005ലാണ് ‘ഇന്നോവ’ ഇന്ത്യൻ നിരത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുള്ള ദശാബ്ദത്തിനിടെ 5.43 ലക്ഷത്തോളം ‘ഇന്നോവ’കളാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷമാവട്ടെ ടി കെ എമ്മിന്റെ മൊത്തം വാഹന വിൽപ്പനയിൽ 45 ശതമാനവും ‘ഇന്നോവ’യായിരുന്നു.

വിപണിയിൽ ശരിയായ സ്ഥാനം ഉറപ്പാക്കാനായി ‘ഇന്നോവ’ വകഭേദങ്ങളുടെയും വിലയുടെയും കാര്യത്തിൽ ആദ്യകാലത്ത് ടൊയോട്ട നിരന്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ പന്ത്രണ്ടോളം വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘ഇന്നോവ’യ്ക്ക് 11 മുതൽ 16 ലക്ഷം രൂപ വരെയാണു വില. കൂടുതൽ പുതുമകളും പരിഷ്കാരങ്ങളുമായി ‘ഇന്നോവ’ എത്തുമ്പോൾ വിലയിൽ ഒരു ലക്ഷത്തോളം രൂപയുടെ വർധനയാണു പ്രതീക്ഷിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.