Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രയസി’ന്റെ പേരിലുള്ള പോരിൽ ടൊയോട്ടയ്ക്കു ജയം

Toyota Prius

സങ്കര ഇന്ധന കാറുകൾക്ക് ആഗോളതലത്തിൽതന്നെ മേൽവിലാസം സൃഷ്ടിച്ച ‘പ്രയസ്’ എന്ന പേരിനെ ചൊല്ലി ഡൽഹി ഹൈക്കോടതിയിൽ നിലനിന്ന കേസിൽ ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയ്ക്കു വിജയം. ‘പ്രയസ്’ എന്ന വ്യാപാര നാമം അനധികൃതമയി ഉപയോഗിക്കുന്നെന്ന് ആരോപിച്ച് ദീപക് മംഗളിനും മറ്റുള്ളവർക്കുമെതിരെ 2009ൽ ടൊയോട്ട ജിദോഷ കബുഷിക് കൈഷ തുടങ്ങിയ നിയമപോരാട്ടത്തിനാണു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൻമോഹൻ സിങ്ങിന്റെ വിധിയോടെ താൽക്കാലിക വിരാമമാവുന്നത്.പ്രയസ് ഓട്ടോ ഇൻഡസ്ട്രീസ്, പ്രയസ് ഓട്ടോ അക്സസറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഉടമകളായ ദീപക് മംഗൾ കുടുംബത്തിനെതിരെയായിരുന്നു ടൊയോട്ടയുടെ പോരാട്ടം. ലോകത്തിലെ തന്നെ ആദ്യ സങ്കര ഇന്ധന കാറായ ‘പ്രയസി’ന്റെ പേര് എതിർകക്ഷികൾ ഉപയോഗിക്കുന്നതിനെയാണു ടൊയോട്ട ചോദ്യം ചെയ്തത്. പോരെങ്കിൽ ‘ടൊയോട്ട’, ‘ഇന്നോവ’, ‘ക്വാളിസ്’ എന്നീ വ്യാപാര നാമങ്ങളിൽ ഈ കമ്പനികൾ സ്പെയർപാർട്സ് നിർമിച്ചു വിറ്റിരുന്നതും ജാപ്പനീസ് കമ്പനിയെ പ്രകോപിപ്പിച്ചു.

പോരാത്തതിന് ‘പ്രയസ്’ എന്ന പേര് ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അവകാശവും എതിർകക്ഷികൾ റജിസ്റ്റർ ചെയ്തിരുന്നു. ടൊയോട്ടയാവട്ടെ ം ‘പ്രയസ്’ എന്ന പേര് ഇന്ത്യയിൽ ഉപയോഗിക്കാനനുള്ള അവകാശവും ഉറപ്പാക്കിയിരുന്നില്ല. എങ്കിലും കമ്പനിയുടെ വാഹനങ്ങൾക്കുള്ള സൽപ്പേര് മുതലെടുക്കാൻ എതിർകക്ഷികൾ ഗൂഢശ്രമം നടത്തുന്നെന്ന് ഉറപ്പായതോടെയാണ് ‘പ്രയസി’നായി ടൊയോട്ട ഇന്ത്യയിൽ നിയമപോരാട്ടത്തിനിറങ്ങിയത്. പ്രമുഖ നിയമ സ്ഥാപനമായ ആനന്ദ് ആൻഡ് ആനന്ദിലെ പ്രവീൺ ആനന്ദായിരുന്നു ടൊയോട്ടയ്ക്കായി പട നയിച്ചത്. ഏഴു വർഷം നീണ്ട നിയമയുദ്ധത്തിനിടെ ഇന്ത്യയിൽ പിന്തുടർന്നുവരുന്ന പകർപ്പവകാശ തത്വങ്ങൾ ഇഴകീറി പരിശോധിക്കപ്പെട്ടു. ഒടുവിൽ ‘പ്രയസ്’ എന്ന പേര് ടൊയോട്ടയുടേതാണെന്ന വാദം അംഗീകരിച്ച കോടതി കമ്പനിക്ക് അനുകൂലമായി കേസിൽ വിധിയും പറഞ്ഞു.

‘പ്രയസ്’ എന്ന വ്യാപാരനാമത്തിൽ 20 കോടി രൂപയുടെ വിറ്റുവരവ് കമ്പനി നേടുന്നുണ്ടെന്നായിരുന്നു എതിർകക്ഷികൾ കോടതിയിൽ സമർപ്പിച്ചത്. ഈ കണക്ക് അടിസ്ഥാനമാക്കി പ്രയസ് ഓട്ടോ ഇൻഡസ്ട്രീസ്, പ്രയസ് ഓട്ടോ അക്സസറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ ടൊയോട്ടയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി ഉത്തരവായി. ടൊയോട്ടയുടെ അവകാശങ്ങൾ ലംഘിച്ചതിനും വ്യാപാരനാമത്തിന്റെ ജനപ്രീതി അന്യായമായി ചൂഷണം ചെയ്തതിനുമാണ് ഈ പിഴശിക്ഷ.

Your Rating: