Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിർമാണശാല: കർണാടകം വിട്ട ട്രയംഫ് ഹരിയാനയിലേക്ക്

triumph-rocket-3 Triumph Rocket 3

കർണാടകത്തിൽ സ്ഥാപിക്കുമെന്നു കരുതിയ ബൈക്ക് നിർമാണശാല പദ്ധതിയിൽ നിന്നു പിൻമാറുകയാണെന്ന് ബ്രിട്ടീഷ് നിർമാതാക്കളായ ട്രയംഫ്. കോളാർ ജില്ലയിൽ 850 കോടി രൂപ ചെലവിൽ ബൈക്ക് നിർമാണശാല പ്രഖ്യാപിക്കുമെന്നായിരുന്നു കമ്പനിയുടെ മുൻപ്രഖ്യാപനം. എന്നാൽ സംസ്ഥാന സർക്കാരിൽ നിന്നു പ്രതീക്ഷിച്ച പിന്തുണയും സഹകരണവുമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ഹരിയാനയിലെ മനേസാറിൽ ശാല സ്ഥാപിക്കാനാണു കമ്പനിയുടെ നീക്കം. നരസാപുര വ്യവസായ മേഖലയിലെ 30 ഏക്കർ ഭൂമിയിൽ ബൈക്ക് നിർമാണ ശാല സ്ഥാപിക്കാനായിരുന്നു ട്രയംഫിന്റെ ആദ്യ പദ്ധതി. പ്രകടനക്ഷമതയേറിയ 2.50 ലക്ഷം ബൈക്കുകൾ വർഷം തോറും ഈ ശാലയിൽ നിന്നു നിർമിക്കാനാവുമെന്നും ട്രയംഫ് കണക്കുകൂട്ടി. ശാല പ്രവർത്തനം തുടങ്ങുന്നതോടെ മേഖലയിലുള്ളവർക്ക് ആയിരക്കണക്കിനു തൊഴിലവസരങ്ങളും കമ്പനി വാഗ്ദാനം ചെയ്തു.

ഭൂമി എറ്റെടുത്തു കൈമാറാനായി കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡവലപ്മെന്റ് ബോർഡി(കെ ഐ എ ഡി ബി)നു നിശ്ചിത തുക കൈമാറിയെന്നും ട്രയംഫ് വെളിപ്പെടുത്തുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിന് ആവശ്യമായ വിവിധ അനുമതികളും 2012ൽ തന്നെ ട്രയംഫ് ശാല നേടിയിരുന്നു. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും പല പ്രശ്നങ്ങൾ മൂലം ഭൂമി കൈമാറ്റം നടപ്പാവാതെ പോയതാണു പദ്ധതിയിൽ നിന്നു പിൻമാറാൻ ട്രയംഫിനെ നിർബന്ധിതരാക്കിയത്. പോരെങ്കിൽ പ്രശ്നങ്ങൾ പരിഹരിച്ചു ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സഹകരിക്കാത്തതും ട്രയംഫിനെ നിരാശരാക്കി. ഇതോടെ ശാല ഹരിയാനയിലേക്കു പറിച്ചു നടാൻ തീരുമാനിച്ച കമ്പനി, കെ ഐ എ ഡി ബിക്കു നൽകിയ തുക മടക്കി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ശാല മാറ്റം സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണത്തിനു ട്രയംഫ് സന്നദ്ധമായിട്ടില്ല.

പുതിയ വ്യവസായം തുടങ്ങാനുള്ള നടപടികൾ എളുപ്പമാണെന്നതാണു വിവിധ വാഹന നിർമാതാക്കളെ ഹരിയാനയിലേക്ക് ആകർഷിക്കുന്നത്. ദക്ഷിണേന്ത്യയിലാവട്ടെ തമിഴ്നാട്ടിലും വ്യവസായം ആരംഭിക്കാൻ നൂലാമാലകൾ താരതമ്യേന കുറവാണ്; അതുകണ്ടുതന്നെ ഫോഡും റെനോ നിസ്സാനും ഹ്യുണ്ടേയിയുമൊക്കെ തമിഴകത്ത് പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്. ആന്ധ്ര പ്രദേശും പുതുതായി രൂപമെടുത്ത തെലങ്കാനയുമൊക്കെ വാഹന നിർമാതാക്കളെ ആകർഷിക്കാൻ തീവ്രശ്രമം നടത്തുന്ന പശ്ചാത്തലത്തിൽ ട്രയംഫിന്റെ പിൻമാറ്റം കർണാടകയ്ക്കു തിരിച്ചടി സൃഷ്ടിക്കാൻ സാധ്യതയേറെയാണ്. പ്രീമിയം മോഡലുകളുമായി 2014ൽ ഇന്ത്യയിലെത്തിയ ട്രയംഫ് ആക്രമണോത്സുകമായ മുന്നേറ്റമാണു കാഴ്ചവയ്ക്കുന്നത്; ഇന്ത്യയിലെ പ്രീമിയം മോട്ടോർ സൈക്കിൾ വിൽപ്പനയിൽ ഒന്നാം സ്ഥാനമാണു കമ്പനി ലക്ഷ്യമിടുന്നത്.