Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസ്ക് ബ്രേക്കോടെ ടി വി എസ് ‘ജുപ്പീറ്റർ’ വരുന്നു

TVS Jupiter ZX Representative Image

ഗീയർരഹിത സ്കൂട്ടറായ ‘ജുപ്പീറ്ററി’ൽ നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി ഡിസ്ക് ബ്രേക്ക് ലഭ്യമാക്കുന്നു. മുന്നിൽ ഡിസ്ക് ബ്രേക്കിനൊപ്പം രൂപകൽപ്പനയിലും നിറക്കൂട്ടിലുമൊക്കെ പരിഷ്കാരങ്ങളുമായി എത്തുന്ന ‘ജുപ്പീറ്ററി’ന് 69,500 രൂപയാണു പുണെയിലെ ഓൺ റോഡ് വില. പരിഷ്കരിച്ച ‘ജുപ്പീറ്ററി’ന്റെ വരവ് ടി വി എസ് മോട്ടോർ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മിക്കവാറും ഈ മാസം തന്നെ 110 സി സി എൻജിനുള്ള സ്കൂട്ടർ ഷോറൂമിലെത്തുമെന്നാണു ഡീലർമാർ നൽകുന്ന സൂചന. മാത്രമല്ല, മുഴുവൻ വിലയും മുൻകൂർ ഈടാക്കി പരിഷ്കരിച്ച ‘ജുപ്പീറ്ററി’നുള്ള ബുക്കിങ്ങുകളും ചില ഡീലർഷിപ്പുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. സെന്റർ സ്റ്റാൻഡ്, ക്രോം സൈഡ് ഗാർഡ് എന്നിവയ്ക്കെല്ലാം ചേർന്നാണ് 69,500 രൂപ വില ഈടാക്കുന്നത്.

പർപ്ൾ — ബീജ് വർണ സങ്കലനത്തിലാവും ഡിസ്ക് ബ്രേക്കുള്ള ‘ജുപ്പീറ്റർ’ വിപണിയിലെത്തുക; നിലവിൽ മറ്റു നിറങ്ങളിലൊന്നും ഈ പരിഷ്കരിച്ച പതിപ്പ് ലഭ്യമാവില്ലെന്നാണു സൂചന. അകത്തെ പ്ലാസ്റ്റിക് പാനലുകൾക്ക് ലൈറ്റ് ബീജ് നിറവും ഔട്ടർ ബോഡി പാനലുകൾക്ക് ഡാർക്ക് പർപ്ളുമാണു ടി വി എസ് തിരഞ്ഞെടുത്തിരിക്കുന്നത്. പാർശ്വത്തിലെ പാനലുകളിൽ പ്രകടമായ ക്രോം അക്സന്റും സ്കൂട്ടറിന്റെ സവിശേഷതയാവും. ബ്രൗണും ബീജും സംഗമിക്കുന്ന ഇരട്ട വർണ സീറ്റാണു സ്കൂട്ടറിലുള്ളത്. ‘മില്യൻ ആർ എഡീഷൻ’ എന്നു പേരിട്ട പരിമിതകാല പതിപ്പിനായാണ് ഈ രൂപകൽപ്പന ടി വി എസ് തിരഞ്ഞെടുത്തതെന്നു വ്യക്തമാക്കുന്ന പ്രത്യേക ബാഡ്ജും മുൻ ഏപ്രണിലുണ്ട്. ഈ പരിമിതകാല പതിപ്പിനൊപ്പമാവും ഡിസ്ക് ബ്രേക്കുള്ള ‘ജുപ്പീറ്ററി’ന്റെയും വരെന്നാണു വിപണിയുടെ വിലയിരുത്തൽ.

സാധാരണ പരിമിതികാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു നവീകരിച്ച ‘ജുപ്പീറ്ററി’ന്റെയും വരവ്. അതുകൊണ്ടുതന്നെ ഫ്യുവൽ ഇഞ്ചക്റ്റഡ്(എഫ് ഐ) എൻജിൻ പോലുള്ള വിപ്ലവകരമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പരിഷ്കരിച്ച ‘ജുപ്പീറ്ററി’നും കരുത്തേകുക 109.7 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ്; 7,500 ആർ പി എമ്മിൽ എട്ടു ബി എച്ച് പി കരുത്തും 5,500 ആർ പി എമ്മിൽ എട്ട് എൻ എം വരെ കരുത്തുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. മിക്കവാറും ‘വിഗോ’യിൽ നിന്നു കടമെടുത്ത 220 എം എം ഡിസ്ക് ബ്രേക്കാവും ‘ജുപ്പീറ്ററി’ലും ഇടംപിടിക്കുകയെന്നാണു സൂചന.