Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ എയർ ഇഞ്ചക്ഷൻ സംവിധാനം: ടി വി എസിനു പേറ്റന്റ്

TVS Apache RTR 180

വാഹനത്തിന്റെ വേഗം കുറയുമ്പോൾ ഇന്ധനവിതരണം കുറയ്ക്കാൻ സഹായിക്കുന്ന പുത്തൻ എയർ ഇഞ്ചക്ഷൻ സംവിധാനത്തിനുള്ള പകർപ്പവകാശം ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി നേടി. എയർ ഇഞ്ചക്ഷൻ സംവിധാനത്തിലൂടെ വാഹനങ്ങൾക്ക് കൂടുതൽ ഇന്ധനക്ഷമത കൈവരിക്കാനാവുമെന്നാണു ടി വി എസിന്റെ പ്രതീക്ഷ. പരമ്പരാഗത സെക്കൻഡറി എയർ ഇഞ്ചക്ഷൻ സംവിധാനത്തിൽ അധികമായുള്ള വായു എൻജിനിൽ നിന്നു പുകക്കുഴലിലേക്കു പോകുന്ന പോർട്ട് വഴിയാണു കടന്നു പോകുക. വാഹനം പുറന്തള്ളുന്ന പുകയിൽ ഈ വായു കലർത്തി മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനാണ് ഈ മാർഗം പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഈ അധിക വായുവിന്റെ സാന്നിധ്യം വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നുമില്ല.

എന്നാൽ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കുന്നതിനൊപ്പം വാഹനത്തിന്റെ വേഗം കുറയുമ്പോൾ എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം കുറയ്ക്കുകയും ചെയ്യുമെന്നതാണ് ടി വി എസ് വികസിപ്പിച്ച പുതിയ എയർ ഇഞ്ചക്ഷൻ സംവിധാനത്തിന്റെ സവിശേഷത. വാഹനത്തിന്റെ ഇന്ധനക്ഷമത വർധിപ്പിക്കുന്ന ഈ എയർ ഇഞ്ചക്ഷൻ സംവിധാനത്തിന്റെ പേറ്റന്റിനായി 2008ലാണു ടി വി എസ് അപേക്ഷിച്ചത്. എന്നാൽ ഇതുസംബന്ധിച്ച ആദ്യ പരിശോധന നടന്നത് 2014ൽ മാത്രമാണ്. തുടർന്ന് ഏതാനും മാസം മുമ്പ് ഈ നൂതന എയർ ഇഞ്ചക്ഷൻ സംവിധാനത്തിനുള്ള പകർപ്പവകാശം ടി വി എസിനു ലഭിക്കുകയും ചെയ്തു.പകർപ്പവകാശം കൈവന്നതോടെ ടി വി എസിൽ നിന്നുള്ള പുതിയ മോഡലുകളിൽ ഈ പുതിയ സാങ്കേതികവിദ്യ ഇടംപിടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൂടാതെ ഈ പുതിയ എയർ ഇഞ്ചക്ഷൻ സംവിധാനത്തിലാവും ടി വി എസിന്റെ ഭാവിയിലെ വിപണനതന്ത്രങ്ങളും കേന്ദ്രീകരിക്കുകയെന്നാണു സൂചന. വിൽപ്പന സാധ്യതയേറിയ കമ്യൂട്ടർ മോട്ടോർ സൈക്കിൾ, ഗീയർരഹിത സ്കൂട്ടർ വിഭാഗങ്ങളിൽ ഉപയോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത് ഇന്ധനക്ഷമതയാണെന്നിരിക്കെ പുതിയ എയർ ഇഞ്ചക്ഷൻ സംവിധാനം ടി വി എസിനു വൻനേട്ടമാകുമെന്നാണു പ്രതീക്ഷ.

എൻജിനിലെ ഘർഷണം കുറച്ച് ഇന്ധനക്ഷമത ഉയർത്താനായി ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയ്ക്കും യമഹയ്ക്കും സുസുക്കിക്കുമൊക്കെ സ്വന്തം സാങ്കേതികവിദ്യകളുണ്ട്. ഇത്തരം സാങ്കേതികവിദ്യകൾക്ക് ഈ കമ്പനികൾ വ്യത്യസ്ത പേരുകൾ കണ്ടെത്തിയിട്ടുണ്ട്. ഹോണ്ട ‘ഇകോ ടെക്നോളജി’ (എച്ച് ഇ ടി)യെന്നും യമഹ ‘ബ്ലൂ കോർ’ എന്നും സുസുക്കി ‘ഇകോ പെർഫോമൻസ്’(എസ് ഇ പി) എന്നുമൊക്കെ വിളിക്കുന്നത് അടിസ്ഥാനപരമായി ഒരേ സാങ്കേതികവിദ്യയെ തന്നെ. അതേസമയം എൻജിൻ ഘടകങ്ങളുടെ ഘർഷണം കുറച്ച് ഇന്ധനക്ഷമത ഉയർത്തുന്ന പരമ്പരാഗത സാങ്കേതികവിദ്യയിൽ നിന്നു വ്യത്യസ്തമാണു പുതിയ എയർ ഇഞ്ചക്ഷൻ സംവിധാനമെന്നാണു ടി വി എസിന്റെ വാദം.  

Your Rating: