Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡ് സൈഡ് അസിസ്റ്റൻസ് പദ്ധതിയുമായി ടി വി എസ്

tvs-logo

ഇരുചക്രവാഹന ഉടമകൾക്ക് മുഴുവൻ സമയ റോഡ് സൈഡ് അസിസ്റ്റൻസ് പദ്ധതി(ആർ എസ് എ)യുമായി ടി വി എസ് മോട്ടോർ കമ്പനി രംഗത്ത്. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 70 നഗരങ്ങളിലാണ് 24 മണിക്കൂറും നിലവിലുള്ള ആർ എസ് എ നിലവിൽ വരിക. ഒക്ടോബർ അവസാനത്തോടെ രാജ്യത്തെ 200 നഗരങ്ങളിലേക്കു കൂടി മുഴുവൻ സമയ റോഡ്സൈഡ് അസിസ്റ്റൻസ് പദ്ധതി വ്യാപിപ്പിക്കുമെന്ന് ടി വി എസ് മോട്ടോർ കമ്പനി അറിയിച്ചു.

ഇരുചക്രവാഹന ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്ലൈനിനൊപ്പം വ്യക്തിഗത സഹായവും ടി വി എസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്പെയർ കീ പിക് അപ്, ഇന്ധനം ലഭ്യമാക്കൽ, തകരാറായ വാഹനം സ്ഥലത്തെത്തി അറ്റകുറ്റപ്പണി നടത്തൽ തുടങ്ങിയ സേവനങ്ങളും റോഡ്സൈഡ് അസിസ്റ്റൻസ് പദ്ധതിയിൽപെടും. അറ്റകുറ്റപ്പണി സാധ്യമല്ലെങ്കിൽ തുടർയാത്രയ്ക്കായി ടാക്സി ഏർപ്പെടുത്തൽ, അപകടഘട്ടത്തിലെ സഹായം, കേടായ വാഹനം വർക്ഷോപ്പിലേക്കു നീക്കൽ തുടങ്ങിയ സംവിധാനങ്ങളും ടി വി എസ് ഏർപ്പെടുത്തും.വാറന്റിയോടെ നിരത്തിലുള്ള എല്ലാ സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഈ റോഡ് സൈഡ് അസിസ്റ്റൻസ് പദ്ധതിയുടെ പരിധിയിൽവരും. പ്രത്യേക നിരക്ക് ഈടാക്കാതെയാണ് റോഡ് സൈഡ് അസിസ്റ്റൻസ് സൗകര്യം ലഭ്യമാക്കുന്നതെന്നും ടി വി എസ് അറിയിച്ചു. അടുത്ത മാർച്ചോടെ രാജ്യവ്യാപകമായി തന്നെ പദ്ധതി നടപ്പാക്കാനാണു ടി വി എസ് ലക്ഷ്യമിടുന്നത്.

ഇരുചക്രവാഹന ഉടമകളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാനുള്ള നിരന്തര ശ്രമമാണു കമ്പനി നടത്തുന്നതെന്നു ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് സർവീസ്) ജെ എസ് ശ്രീനിവാസൻ അറിയിച്ചു. രാജ്യത്തുള്ള മൂവായിരത്തി അഞ്ഞൂറിലേറെ ടച് പോയിന്റുകൾ വഴി ഉടമകൾക്ക് പ്രയോജനപ്രദമായ രീതിയിൽ മുഴുവൻ സമയ റോഡ് സൈഡ് അസിസ്റ്റൻസ് പദ്ധതി നടപ്പാക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ഇടപാടുകാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കാനും അവ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാനും ടി വി എസ് നിരന്തരം ശ്രമിക്കാറുണ്ട്. കമ്പനിയിൽ ഉപയോക്താക്കൾ അർപ്പിക്കുന്ന പ്രതീക്ഷയ്ക്കൊത്ത് ഉയരുക എന്ന നിരന്തര വെല്ലുവിളിയാണു ടി വി എസ് നേരിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Your Rating: