Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേസിങ്ങിലെ പെൺപുലി

shreya-iyer-tvs-racing Shreya Iyer

ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ടി വി എസ് റേസിങ് ടീമിലെ ആദ്യ വനിതാ റൈഡറായി ശ്രേയ സുന്ദർ അയ്യർ ട്രാക്കിലിറങ്ങുന്നു. പതിനേഴാം വയസ്സിൽ റൈഡിങ് തുടങ്ങിയ ശ്രേയ മോട്ടോർ സൈക്കിളിൽ രാജ്യം ചുറ്റിയ പരിചയസമ്പത്തുമായാണു റാലി ചാംപ്യൻഷിപ്പിനെത്തുന്നത്. ഹിമാലയത്തിലെ ആളൊഴിഞ്ഞ താഴ്വരയായ സുരുവിൽ പോയതിനൊപ്പം ബൈക്കിൽ ആറു ദിവസം കൊണ്ട് 2,000 കിലോമീറ്റർ നീണ്ട ദക്ഷിണേന്ത്യൻ പര്യടനം പൂർത്തിയാക്കിയ ചരിത്രവും ശ്രേയയ്ക്കു സ്വന്തമാണ്. ആഗോളതലത്തിൽ മോട്ടോർ സ്പോർട്സിൽ ധാരാളം വനിതകൾ നേട്ടം കൊയ്ത ചരിത്രമുള്ളതിനാൽ ഈ കായികവിനോദത്തെ പുരുഷൻമാരുടെ വിനോദമായി കരുതുന്നതു ശരിയല്ലെന്നാണു ശ്രേയ അയ്യരുടെ നിലപാട്. മോട്ടോർ സ്പോർട് പുരുഷൻമാർക്കുള്ളതാണെന്ന ധാരണ ശരിയല്ലെന്നും ശ്രേയ അയ്യർ (24) വ്യക്തമാക്കുന്നു. റേസ് ട്രാക്കുകളെ അടക്കി വാഴുന്ന ധാരാളം സ്ത്രീകൾ വിവിധ ലോക രാജ്യങ്ങളിലുണ്ടെന്നും ഈ യുവറൈഡർ ഓർമിപ്പിക്കുന്നു. ഇന്ത്യയിലും കൂടുതൽ പേർ റൈഡിങ്ങിലേക്കു കടന്നു വരണമെന്നു മോഹിക്കുന്ന ശ്രേയ, റാലി ചാംപ്യൻഷിപ്പിൽ മത്സരിക്കാൻ ടി വി എസ് റേസിങ് നൽകിയ അവസരത്തിൽ അതീവ സന്തുഷ്ടയുമാണ്.

shreya-iyer-tvs-racing-1 Shreya Iyer

രണ്ടാഴ്ചയായി ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിനുള്ള തീവ്രപരിശീലനത്തിലാണു താനെന്നും ശ്രേയ അയ്യർ വെളിപ്പെടുത്തി. ചാംപ്യൻഷിപ്പിനു മുന്നോടിയായി മത്സരിക്കാനുള്ള മാനസികാവസ്ഥ കൈവരിക്കുകയാണു പ്രധാന വെല്ലുവിളിയെന്നും ശ്രേയ കരുതുന്നു. മാതൃകയാക്കാൻ അധികമാരുമില്ലാതെയാണ് ശ്രേയ റേസിങ്ങിൽ പെൺകരുത്ത് തെളിയിക്കാൻ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. മാതൃകകളുടെ അഭാവത്തിൽ പ്രചോദനം എവിടെനിന്നും കണ്ടെത്താനാവുമെന്ന നിലപാടിലാണു ശ്രേയ അയ്യർ. അതേസമയം കൂടുതൽ വനിതകളെ റേസിങ്ങിലേക്ക് ആകർഷിക്കാൻ ശ്രേയ അയ്യരുടെ അരങ്ങേറ്റം അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണു ടി വി എസ് റേസിങ് ടീം മേധാവി അരവിന്ദ് പനഗാവോങ്കർ. മികച്ച ബൈക്കുകൾ യാഥാർഥ്യമാക്കിയും കഴിവുറ്റ റൈഡർമാരെ അവതരിപ്പിച്ചും റേസിങ്ങിന്റെ ആവേശം സമൂഹത്തിന്റെ വിവിധ തുറകളിൽ എത്തിക്കാനാണു ടീം ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Your Rating: