Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

160 കോടിയുടെ വികസനത്തിനൊരുങ്ങി ടി വി എസ് ശ്രീചക്ര

TVS Tyres

ഇരുചക്രവാഹന ടയർ നിർമാതാക്കളായ ടി വി എസ് ശ്രീചക്ര 160 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുന്നു. തമിഴ്നാട്ടിലെ മധുരയിലും ഉത്തരാഖണ്ഡിലെ രുദ്രാപൂരിലുമുള്ള ടയർ നിർമാണശാലകളുടെ ഉൽപ്പാദനശേഷി ഉയർത്താനാണു കമ്പനി നിക്ഷേപം നടത്തുന്നത്. ശാലകളുടെ പ്രതിമാസ ഉൽപ്പാദനശേഷി 25 ലക്ഷം ടയറിലെത്തിക്കാനാണു ടി വി എസ് ശ്രീചക്രയുടെ പദ്ധതി. കഴിഞ്ഞ സാമ്പത്തിക വർഷം 197.21 കോടി രൂപ അറ്റാദായം നേടിയ കമ്പനി 2015 — 16ൽ ഉൽപ്പാദനശേഷി വർധിപ്പിക്കാൻ 150 കോടി രൂപ മുടക്കിയിരുന്നു. അന്ന് പ്രതിമാസ ഉൽപ്പാദനശേഷി 20 ലക്ഷം യൂണിറ്റിൽ നിന്ന് 23 ലക്ഷം യൂണിറ്റായാണ് ഉയർത്തിയത്. 

ടി വി എസ് ഗ്രൂപ്പിൽപെട്ട ടി വി എസ് ശ്രീചക്ര കയറ്റുമതി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉൽപ്പാദനശേഷി ഉയർത്തുന്നതെന്ന് കമ്പനി ഡയറക്ടർ പി വിജയരാഘവൻ അറിയിച്ചു. നിലവിൽ പ്രതിമാസം 23 ലക്ഷം ടയർ ഉൽപ്പാദിപ്പിക്കുന്നത് 25 ലക്ഷമാക്കുകയാണു ലക്ഷ്യം; ഇതിനായി 160 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.പ്രധാനമായും ഇരുചക്ര, ത്രിചക്ര ടയറുകളാവും കമ്പനി കയറ്റുമതി ചെയ്യുക. ഒപ്പം കാർഷിക മേഖലയുടെ ഉപയോഗത്തിനുള്ള ഓഫ് റോഡ് ടയർ കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ഏഴുപതോളം രാജ്യങ്ങളിലേക്കു കമ്പനി ഓഫ് റോഡ് ടയറുകൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും വിജയരാഘവൻ അറിയിച്ചു.  ആഭ്യന്തര വിപണിയിൽ ടി വി എസ് ടയേഴ്സ് എന്ന പേരിലാണു കമ്പനിയുടെ ടയറുകൾ വിൽപ്പനയ്ക്കെത്തുന്നത്. അതേസമയം വിദേശ രാജ്യങ്ങളിൽ യൂറോഗ്രിപ് എന്ന ബ്രാൻഡ് നാമത്തിലാണു ടി വി എസ് ശ്രീചക്ര ടയറുകൾ വിൽക്കുന്നത്.

Your Rating: