Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഞ്ചാര വിപ്ലവമായി ഓൺലൈൻ ടാക്സി

India Taxi Rivals

കൊച്ചി ∙ കേരളത്തിൽ ഓൺലൈൻ ടാക്സി ബിസിനസിന് വൻ വളർച്ച. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഓൺലൈൻ ടാക്സികളുടെ സേവനത്തിനായി കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ റജിസ്റ്റർ ചെയ്ത യാത്രികർ അഞ്ചു ലക്ഷത്തിലേറെയാണ്. അതിൽ വലിയൊരു വിഭാഗം വനിതകളും. കൊച്ചി നഗരത്തിൽ മാത്രം 12000 കാറുകളും ഡ്രൈവർമാരും യൂബർ–ഒല സേവനത്തിനു റജിസ്റ്റർ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് 1500 ടാക്സികളും ഡ്രൈവർമാരും റജിസ്റ്റർ ചെയ്തു. രണ്ടു നഗരങ്ങളിലും ഡ്രൈവർമാരിൽ വലിയൊരു വിഭാഗം മറ്റു ജോലികളുള്ളവരും പാർട് ടൈമായി ടാക്സി ഓടിക്കുന്നവരുമാണെന്ന പ്രത്യേകതയുമുണ്ട്. അതിനാൽ റജിസ്റ്റർ ചെയ്തവരുടെ നാലിലൊന്നു മാത്രമേ ഒരു സമയം റോഡിൽ ഉണ്ടാവുകയുള്ളൂ.

ആഴ്ചതോറും 5% വളർച്ചാനിരക്കാണ് ടാക്സികളുടെയും യാത്രികരുടെയും ട്രിപ്പുകളുടെയും എണ്ണത്തിലും പുതിയ ഡ്രൈവർ റജിസ്ട്രേഷനിലും ഉള്ളതെന്ന് യൂബർ അവകാശപ്പെട്ടു. അതിനർഥം വർഷം 250 ശതമാനത്തിലേറെ വളർച്ചയാണ്. കഴിഞ്ഞ മേയ് മാസത്തിനു ശേഷം യൂബർ ടാക്സികളുടെ വരുമാനത്തിലും എണ്ണത്തിലും യാത്രക്കാരിലും മൂന്നിരട്ടി വർധന ഉണ്ടായിട്ടുണ്ടത്രേ. വനിതകളും വയോജനങ്ങളും ഓൺലൈൻ ടാക്സികളെ കൂടുതലായി‌ ആശ്രയിക്കുന്നു. ഡ്രൈവറുടെയും കാറിന്റെയും പടവും റജിസ്ട്രേഷൻ നമ്പറും മൊബൈലിൽ ലഭിക്കുമെന്നതിനാൽ സുരക്ഷിതത്വ ബോധമുണ്ട്. പേയ്ടിഎം വഴിയുള്ള പണം നൽകലിനേക്കാളേറെ ഡ്രൈവർക്കു നേരിട്ടു പണം നൽകുന്ന രീതിയാണ് കേരളത്തിൽ ഓൺലൈൻ ടാക്സികൾ അവലംബിക്കുന്നത്.

മറ്റു ജോലികളുള്ളവരും അധിക വരുമാനത്തിനായി ടാക്സി ഓടിക്കുന്ന രീതി വ്യാപകമാവുകയാണ്. പാർട് ടൈം ഡ്രൈവർമാരും വീക്കെൻഡുകളിൽ മാത്രം ഓടിക്കുന്നവരും ഉണ്ട്. പകൽ സമയം ഓഫിസ് ജോലി ചെയ്യുന്നവർ രാത്രി ഓൺലൈൻ ടാക്സി ഓടിക്കാനെത്തുന്ന രീതിയുമുണ്ട്. എപ്പോൾ ജോലിക്കു വരണമെന്നും എപ്പോൾ പോകണമെന്നും വ്യവസ്ഥയില്ലാത്തതാണ് ഇതു സാധ്യമാക്കുന്നത്.

മാസം അരലക്ഷം രൂപ വരെ ലഭിക്കുന്ന ഡ്രൈവർമാരുണ്ട്. ഓട്ടത്തിന് അനുസരിച്ചാണു പ്രതിഫലം. പുറമേ അധിക ഓട്ടത്തിന് ഇൻസെന്റീവുകളും ഓൺലൈൻ കമ്പനികൾ നൽകുന്നു. വാങ്ങിയ കാറിന്റെ വായ്പയുടെ മാസത്തവണ അടയ്ക്കാനായി മാത്രം ദിവസവും ഏതാനും മണിക്കൂർ ടാക്സി ഓടിക്കുന്നവരുമുണ്ട്. ദിവസം 600–1000 രൂപ വരുമാനം ലഭിക്കാം.

പരമ്പരാഗത ടാക്സി കമ്പനികളും അവരുടെ കാറുകൾ ഓൺലൈൻ ടാക്സി കമ്പനികളി‍ൽ റജിസ്റ്റർ ചെയ്ത് ഓടിക്കുന്നുവെന്നതാണു കൗതുകകരം. ദീർഘദൂര ഓട്ടം ഇല്ലാത്ത ദിവസങ്ങളിൽ ഡ്രൈവർമാരെ ഓൺലൈൻ ടാക്സി ഓട്ടത്തിനു വിടുന്നു. ടാക്സി ഉടമയുടെ അക്കൗണ്ടിലേക്കാണു കമ്പനിയിൽനിന്നു വരുമാനം എത്തുക. ഡ്രൈവർക്ക് അതിന്റെ നിശ്ചിത ശതമാനം (25% വരെ) നൽകുന്നതാണു രീതി. കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം എന്നീ നഗരങ്ങളിൽ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കാനാണു യൂബറിന്റെ പദ്ധതി.

ഓൺലൈൻ ടാക്സി ഓടിക്കുന്നവർക്കു യൂണിയനുമായിട്ടുണ്ട്. ഓൺലൈൻ ടാക്സികൾ പുതിയ കാലത്തിന്റെയും നൂതന സാങ്കേതിക വിദ്യയുടെയും ഫലമാണെന്നും അവയെ ട്രേഡ് യൂണിയനുകൾ പിന്തുണയ്ക്കുകയാണു വേണ്ടതെന്നും ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (ഒടിഡിയു) പ്രസിഡന്റ് ടി.ആർ.എസ്.കുമാർ പറയുന്നു. 3712 അംഗങ്ങളാണ് യൂണിയനിലുള്ളത്.

പടരുന്ന സേവനം

ഒല കാബുകൾ ഇന്ത്യയിലാകെ 102 നഗരങ്ങളിലുണ്ട്. അഞ്ചര ലക്ഷം ഡ്രൈവർമാരും നാലര ലക്ഷം വാഹനങ്ങളും. വാഹനങ്ങളിൽ ഒരു ലക്ഷം ഓട്ടോകളുമുണ്ട്. ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിലെ 29 നഗരങ്ങളിലാണ് യൂബർ ടാക്സികളോടുന്നത്. നാലു ലക്ഷം ‍‍‍ഡ്രൈവർമാരും നാലു ലക്ഷം കാറുകളുമുണ്ട്.

Your Rating: