Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിലെ യൂബർ ഇനി ദിദിക്കു സ്വന്തം

uber-taxi

ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരായ യൂബറിന് ചൈനീസ് വിപണിയിൽ തിരിച്ചടി. യൂബർ ടെക്നോളജീസ് ഇൻകോർപറേറ്റഡിന്റെ ചൈനയിലെ പ്രവർത്തനം ഏറ്റെടുക്കാൻ രാജ്യത്തെ പ്രധാന റൈഡ് ഹെയ്‌ലിങ് കമ്പനിയായ ദിദി ചക്സിങ് തീരുമാനിച്ചു. ഇതോടെ ഇടപാടുകാരെയും ഡ്രൈവർമാരെയും സ്വന്തമാക്കാനായി കോടിക്കണക്കിനു ഡോളർ ചെലവിട്ട് ഇരുകമ്പനികളും തുടർന്നു വന്ന കടുത്ത പോരാട്ടവും ചരിത്രമാവുകയാണ്. വിപണി വിഹിതം വർധിപ്പിക്കാനുള്ള തീവ്രമത്സരം പ്രവർത്തന ചെലവ് കുത്തനെ ഉയർത്തിയതോടെ ധനസമാഹരണത്തിനു പുതിയ മാർഗങ്ങൾ തേടാൻ ദിദിയും യൂബറും നിർബന്ധിതരായിരുന്നു. എന്നാൽ യൂബറിനെ സ്വന്തമാക്കി ചൈനയിലെ ഓൺലൈൻ ടാക്സി അഗ്രിഗേറ്റർ വിപണിയിൽ മേധാവിത്തം ഉറപ്പാക്കാനുള്ള ദിദിയുടെ ശ്രമങ്ങളാണ് ഇപ്പോൾ വിജയത്തിലെത്തുന്നത്.

യൂബറിന്റെ ചൈനയിലെ ബ്രാൻഡും ബിസിനസും വിവരങ്ങളുമാണ് ദിദി സ്വന്തമാക്കുക. പ്രതിഫലമായി പുതിയ കമ്പനിയിൽ 5.89% ഓഹരി പങ്കാളിത്തവും ഇടപാട് വഴി പ്രതീക്ഷിക്കുന്ന സാമ്പത്തിക നേട്ടത്തിന്റെ 17.7 ശതമാനവും സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ യൂബരർ ടെക്നോളജീസ് ഇൻകോർപറേറ്റഡിനു ലഭിക്കും. യൂബർ ചൈനയിൽ ഓഹരി ഉടമകളായ ബൈഡു ഇൻകോർപറേറ്റഡിന് ദിദി ചക്സിങ്ങിന്റെ സാമ്പത്തിക നേട്ടത്തിന്റെ 2.3% വിഹിതം കിട്ടും. ദിദി സ്ഥാപകൻ ചെങ് വിയും യൂബർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ട്രവെയ്സ് കലാനിക്കും എതിരാളിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇടം നേടും. ചൈനയിൽ ത്വരിത വളർച്ച നേടി മുന്നേറുന്ന റൈഡ് ഹെയ്ലിങ് വിപണിയിലെ നേതൃസ്ഥാനത്തിനായി കനത്ത പോരാട്ടമാണ് യൂബറും ദിദിയും നടത്തി വന്നത്. ചൈനീസ് വിപണി പിടിക്കാൻ പ്രതിവർഷം 100 കോടി ഡോളർ(6676.24 കോടി രൂപ) വരെയാണു യൂബർ മുടക്കിയിരുന്നത്; ഇതേ ലക്ഷ്യത്തോടെ ഡ്രൈവർമാർക്കും റൈഡർമാർക്കും ആനുകൂല്യം വാരിവിതറുന്നതിൽ ദിദിയും ഒട്ടും പിശുക്കുകാട്ടിയില്ല.

രണ്ടു വർഷത്തെ പ്രവർത്തനത്തിനിടെ ദിദി ചക്സിങ്ങും യൂബറും എതിരാളികളിൽ നിന്നു ധാരാളം കാര്യങ്ങൾ പഠിച്ചതായി പുതിയ സംരംഭത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയായ ചെങ് വി അഭിപ്രായപ്പെട്ടു. യൂബറുമായുള്ള ധാരണ നടപ്പാവുന്നതോടെ ആപ്ലിക്കേഷൻ അധിഷ്ഠിത ഗതാഗത വ്യവസായം സുസ്ഥിരത കൈവരിക്കുമെന്നും ഉയർന്ന വളർച്ച നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യൂബറും ദിദിയും ലയിച്ചു രൂപീകൃതമാവുന്ന പുതിയ കമ്പനിക്ക് 3,500 കോടി ഡോളർ(2,33,634 കോടിയോളം രൂപ) ആണു വിപണി മൂല്യം കണക്കാക്കുന്നത്. സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ യൂബർ ടെക്നോളജീസ് ഇൻകോർപറേറ്റഡും സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ബൈഡുവുമൊക്കെയായിരുന്നു യൂബർ ചൈനയ്ക്കു പിന്നിൽ.

യൂബറിൽ നിന്നുള്ള വെല്ലുവിളി നേരിടാൻ ചൈനീസ് റൈഡ് ഹെയ്‌ലിങ് മേഖലയിലെ പ്രമുഖരായ ദിദിയും കുവായ്ദിയും കഴിഞ്ഞ വർഷം ലയിച്ചതോടെയായിരുന്നു ദിദി ചക്സിങ്ങിന്റെ പിറവി. ഇ കൊമേഴ്സ് മേഖലയിലെ പ്രമുഖരായ ആലിബാബ ഗ്രൂപ് ഹോൾഡിങ് ലിമിറ്റഡും സോഷ്യൽ നെറ്റ്വർക്കിങ് രംഗത്തു പ്രവർത്തിക്കുന്ന ടെൻസെന്റ് ഹോൾഡിങ്സ് ലിമിറ്റഡും സ്ഥാപിച്ച ഈ വ്യത്യസ്ത കമ്പനികളുടെ ഓഹരികൾ ദിദി ചക്സിങ് സ്വന്തമാക്കി. 100 കോടി ഡോളർ നിക്ഷേപവുമായി ഇക്കൊല്ലം ആപ്പിൾ ഇൻകോർപറേറ്റഡും ദിദി ചക്സിങ്ങിൽ പങ്കാളിയായി.
ദിദിയും യൂബറും പോലുള്ള കമ്പനികളെ സംബന്ധിച്ച അനിശ്ചിതത്വം നീക്കാൻ കഴിഞ്ഞ ആഴ്ചയാണു ഓൺലൈൻ ടാക്സി അഗ്രിഗേറ്റർ വ്യാപാരത്തിനുള്ള മാർഗനിർദേശങ്ങൾ ചൈന പ്രഖ്യാപിച്ചത്. നയപ്രഖ്യാപനം പുറത്തെത്തി ദിവസങ്ങൾക്കുള്ളിൽ 200 കോടിയോളം ഡോളർ(ഏകദേശം 13,352.49 കോടി രൂപ) പ്രവർത്തന നഷ്ടം രേഖപ്പെടുത്തിയ യൂബർ ചൈനയെ ദിദി സ്വന്തമാക്കുകയും ചെയ്തു.  

Your Rating: