Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടൻ പുറത്തിറങ്ങുന്ന മാരുതി കാറുകൾ

maruti-cars

ഇന്ത്യയിലെ ഏറ്റവും ജനകീയനായ വാഹന നിർമാതാവ് എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രമേയുള്ള മാരുതി സുസുക്കി. ഇന്ത്യക്കാരുടെ കാർ എന്ന സ്വപ്നത്തെ യാഥാർഥ്യമാക്കിയ മാരുതിയുടെ കൈയ്യിലാണ് ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിലെ 50 ശതമാനവും. മാരുതി സുസുക്കി ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കുന്ന വാഹനങ്ങളേതൊക്കെയാണെന്നു നോക്കാം. ഇവയിൽ പലതും സെഗ്മെന്റ് ലീഡർ തന്നെയായിരിക്കും.

ഇഗ്നിസ്

maruti-ignis

കോംപാക്റ്റ് എസ് യു വി സെഗ്മെന്റ് കീഴടക്കാൻ എത്തുന്ന മാരുതിയുടെ ചെറു എസ് യു വിയാണ് ഇഗ്നിസ്. നെക്സ ഡീലർഷിപ്പിലൂടെ മാരുതി പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമായിരിക്കും ഇവൻ. കോംപാക്ട് ക്രോസ് ഓവർ സെഗ്‍മെന്റിൽ ഓൾ വീൽ ഡ്രൈവുമായി എത്തുന്ന ആദ്യ മോഡലായിരിക്കും ഇഗ്നിസ്. ഫുൾ ടൈം ഓൾ വീൽ ഡ്രൈവ് യൂണിറ്റായിരിക്കും വാഹനത്തിൽ. അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ്‌യുവി വിപണി പിടിക്കാനെത്തുന്ന ഇഗ്‌നിസിന് 1.2 ലീറ്റർ പെട്രോൾ, 1 ലീറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ, 1.2 ലീറ്റർ ഡീസൽ എൻജിനുകളാണ് ഉണ്ടാകുക.

ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡല്‍ ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. പ്രീമിയം ഹാച്ച്ബാക്കായ ബലേനോ ആർഎസിൽ ഉപയോഗിക്കുന്ന 1 ലീറ്റർ എൻജിൻ തന്നെയാണ് ഇഗ്‌നിസിലും ഉപയോഗിക്കുക. വലിപ്പമേറിയ ഗ്രില്‍, ഹെഡ്‌ലാംപ്, ഉയരമുള്ള ബോണറ്റ്, കറുപ്പു തീമിലുള്ള എ, ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാംപ് തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്. നെക്സ ഡീലർഷിപ്പിലൂടെ മാരുതി പുറത്തിക്കുന്ന മൂന്നാമത്തെ വാഹനമായിരിക്കും ഇഗ്നിസ്.

മാരുതി സുസുക്കി ജിംനി

suzuki-gimny

ജിപ്സിക്ക് പകരക്കാരനായി ഓൺറോഡും ഓഫ്റോഡും ഒരുപോലെ ഇണങ്ങുന്ന ജിംനിയെ സുസുക്കി ഇന്ത്യയിലെത്തിച്ചേക്കും. സബ് കോംപാക്റ്റ് എസ് യു വി സെഗ്‍‌മെന്റിലേയ്ക്കായിരിക്കും ജിംനി അങ്കത്തിനെത്തുക. സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിക്കായി ഇന്ത്യയിലായിരിക്കും വാഹനം നിർമിക്കുക. ബലേനൊയും മാരുതി ഉടൻ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്‍‌നിസും നിർമിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ജിംനിയുടെ നിർമാണം മാരുതിയുടെ ഗുജറാത്ത് നിർമാണ ശാലയിൽ 2017 ൽ ആരംഭിക്കും.

തുടക്കത്തിൽ 1 ലീറ്റർ ബൂസ്റ്റർജെറ്റ്, 1.4 ലീറ്റർ ബൂസ്റ്റർജെറ്റ് എന്നീ എന്‍ജിനുകളുമായാണ് ജിംനി എത്തുക. ‍ഡീസൽ എൻജിൻ ഉണ്ടാകാൻ ഇടയില്ല. നാല് വീൽ ഡ്രൈവ് മോഡലുമായി ജിപ്സി എന്ന പേരില്‍ പുറത്തിറങ്ങുന്ന വാഹനം ഇന്ത്യയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ബലേനോ ആർ എസ്

baleno-rs-concept

പുന്തോ അബാർത്ത്, ഫോക്സ്‍വാഗൺ പോളെ ജിടി ടിഎസ്ഐ തുടങ്ങിയ വാഹനങ്ങളോട് എതിരിടാൻ മാരുതി പുറത്തിറക്കുന്ന സ്പോർട്ടി ഹാച്ചാണ് ബലേനോ ആർ എസ്. പ്രീമിയം ഹാച്ചായ ബലേനോയുടെ കരുത്തു കൂടിയ വകഭേദത്തിൽ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ബുസ്റ്റർജെറ്റ് പെട്രോൾ‌ എൻജിനാണ് ഉപയോഗിക്കുന്നത്. 110 ബിഎച്ച്പിയും ടോർക്ക് 170 എൻഎമ്മുമാണ്. പൂജ്യത്തിൽ നിന്ന് 100 കീ.മി. വേഗത കൈവരിക്കാൻ 12 സെക്കന്റ് മാത്രം മതി ഈ കരുത്തന്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും കാറിന്.

പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി തന്നെയായിരിക്കും ആർഎസിന്റേയും വിൽപ്പന. കഴിഞ്ഞ ഫെബ്രുവരി നടന്ന ഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ബലേനോയെ കാഴ്ച്ചയിൽ കൂടൂതൽ സ്പോർട്ടിയായിട്ടുണ്ട് ബലേനോ ആർഎസ്. സ്പോർടിയായ മുൻ-പിൻ ബമ്പറുകൾ, സ്കേർട്ടിങ്ങുകള്‍, ഡയമഡ് കട്ട് അലേയ് വീലുകൾ എന്നിവ പുതിയ ബലേനോയിലുണ്ടാകും. മാറ്റങ്ങൾ പുറം ഭാഗത്ത് മാത്രം ഒതുക്കാതെ കൂടുതൽ സ്പോർട്ടിയായിരിക്കും ഉൾഭാഗവും. റിവേഴ്സ് ക്യാമറ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ്കൺട്രോൾ, ആപ്പിൾ കാർ പ്ലേയോടുകൂടിയ 7 ഇഞ്ച് ടച്ച്സ്ക്രീൻ എന്റർടെയ്ൻമെന്റ് സിസ്റ്റം എന്നിവ ആർ എസിൽ ഉണ്ടാകും.

ബ്രെസ പെട്രോൾ

brezza-1

കോംപാക്റ്റ് എസ് യു വി സെഗ്മെന്റിലേക്ക് തരംഗമായാണ് ബ്രെസ എത്തിയത്. എസ് യു വി സ്റ്റൈലും കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളുമായി എത്തിയ ബ്രെസയെ ഇരു കൈയ്യും നീട്ടിയാണ് ആളുകൾ വരവേറ്റത്. ഡീസൽ എൻജിൻ മാത്രമേ ബ്രെസയ്ക്കുള്ളു എന്നത് പെട്രോൾ കാർ പ്രേമികളെ നിരാശയിലാഴ്ത്തിയിരുന്നു. എന്നാൽ പെട്രോൾ എൻജിനുമായി ബ്രെസ ഉടൻ എത്തുമെന്നു തന്നെയാണ് കരുതുന്നത്.

പ്രീമിയം ഹാച്ച്ബാക്കായ ബലേനോ ആർഎസ്, ഇഗ്നിസ് എന്നിവയിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്ന 1 ലീറ്റർ എൻജിൻ തന്നെയാണ് ബ്രെസയുടെ പെട്രോള്‍ പതിപ്പിലും ഉപയോഗിക്കുക. 110 ബിഎച്ച്പി കരുത്തുള്ള ഈ എൻജിൻ സെഗ്‌മെന്റിലെ ഏറ്റവും കരുത്തുള്ള എൻജിനുകളിലൊന്നാകും.

സ്വിഫ്റ്റ്

swift-rs

മാരുതിയുടെ ജനപ്രിയ ഹാച്ച് സ്വിഫ്റ്റിന്റെ പുതിയ പതിപ്പാണ് ഉടൻ പുറത്തിറങ്ങുന്ന മറ്റൊരു വാഹനം. അടുത്ത വർഷം ആദ്യം വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന പുതിയ ‘സ്വിഫ്റ്റി’ൽ വിപുലമായി മാറ്റങ്ങളാണു പ്രതീക്ഷിക്കുന്നത്. കോംപാക്ട് ശൈലി പൂർണമായും ഉപേക്ഷിക്കാതെ പുതിയ ‘സ്വിഫ്റ്റി’ൽ ഹാച്ച്ബാക്കിന്റെ സവിശേഷതകൾ ഉൾപ്പെടുത്താനാവും മാരുതി സുസുക്കിയുടെ ശ്രമം.

പുത്തൻ ‘സ്വിഫ്റ്റി’നു നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് ഭാരം കുറവാകും. ഇതോടെ കാഴ്ചയിൽ മാത്രമല്ല, പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ ‘സ്വിഫ്റ്റ്’ മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാവും. പൂർണമായും പൊളിച്ചെഴുതിയ അകത്തളത്തിലാവട്ടെ പുത്തൻ മോഡലുകളോടു കിടപിടിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മറ്റു സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പ്രതീക്ഷിക്കാം. നിലവിലുള്ള പെട്രോൾ, ഡീസൽ എൻജിനുകൾക്കു പുറമെ മൂന്നാമതൊരു എൻജിൻ സാധ്യത കൂടി പുത്തൻ ‘സ്വിഫ്റ്റി’ലുണ്ടാവുമെന്ന സൂചനകളും ശക്തമാണ്. വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനത്തിനുള്ള പുത്തൻ ‘സ്വിഫ്റ്റ്’ ഒക്ടോബറിൽ നടക്കുന്ന പാരിസ് ഓട്ടോ ഷോയിലാവും അരങ്ങേറ്റം കുറിക്കുക.