Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡ് അഷ്‌വേഡ് ഇന്ത്യയിലെത്തിയിട്ട് 5 വർഷം

ford-assured

യൂസ്ഡ് കാർ വ്യാപാരത്തിനായി യു എസ് നിർമാതാക്കളായ ഫോഡ് ആരംഭിച്ച ‘ഫോഡ് അഷ്വേഡ്’ ഇന്ത്യയിൽ പ്രവർത്തനത്തിന്റെ അഞ്ചു വർഷം പൂർത്തിയാക്കുന്നു. രാജ്യത്തു നിലവിൽ 185 ഔട്ട്ലെറ്റുകളാണ് ഫോഡിന്റെ ഈ യൂസ്ഡ് കാർ വ്യാപാര വിഭാഗത്തിനുള്ളത്.
സുതാര്യത, ഗുണമേന്മ, വൈവിധ്യം, ആകർഷക വില എന്നിവയ്ക്കൊപ്പം വാറന്റിയും വാഗ്ദാനം ചെയ്തുള്ള യൂസ്ഡ് കാർ വ്യാപാരമാണു ഫോഡ് അഷ്വേഡ് ഇന്ത്യയ്ക്കു പരിചയപ്പെടുത്തിയതെന്നു കമ്പനി അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ കടന്നു പോയ വർഷങ്ങൾക്കിടെ മികച്ച വളർച്ചയാണ് ഈ വിഭാഗം കൈവരിച്ചതെന്നും ഫോഡ് വെളിപ്പെടുത്തി.

ഗുണമേന്മ ഉറപ്പാക്കാൻ ഫോഡ് അംഗീകൃത എൻജിനീയർമാരുടെ നേതൃത്വത്തിൽ 169 പോയിന്റുള്ള പരിശോധന പൂർത്തിയാക്കിയ ശേഷമാണു ഫോഡ് അഷ്വേഡിലെ കാറുകൾ വിൽപ്പനയ്ക്കെത്തുന്നത്. തട്ടിപ്പുകൾ തടയാനായി കാറിന്റെ ചരിത്രവും വായ്പര സംബന്ധിച്ച വിവരങ്ങളും കമ്പനി വിശദമായി പരിശോധിക്കാറുണ്ട്. വാഹനത്തിലെ അക്സസറികളുടെ സാന്നിധ്യവും അവശേഷിക്കുന്ന ഇൻഷുറൻസ് കാലാവധിയുമൊക്കെ പരിഗണിച്ചാണു ഫോഡ് അഷ്വേഡ് യൂസ്ഡ് കാറുകളുടെ വിൽപ്പന വില നിർണയിക്കുന്നത്.

ഫോഡ് വർക്ഷോപ്പുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനാൽ ഫോഡ് അഷ്വേഡ് വഴി വിൽക്കുന്ന കാറുകൾക്ക് 20,000 കിലോമീറ്റർ അഥവാ ഒരു വർഷം നീളുന്ന വാറന്റിയും വാഗ്ദാനമുണ്ട്. ഫോഡ് നിർമിത കാറുകൾക്കു മാത്രമല്ല മറ്റു ബ്രാൻഡിൽ പെട്ട കാറുകൾക്കും ഈ ആനുകൂല്യം ലഭ്യമാണ്. കൂടാതെ ഇത്തരത്തിൽ വിൽക്കുന്ന കാറുകൾക്ക് രണ്ടു സൗജന്യ സർവീസുകളും ലഭിക്കും. യൂസ്ഡ് കാർ വ്യാപാര ശൃംഖല വിപുലകരണത്തിന്റെ ഭാഗമായി യഥാർഥ സ്പെയർ പാർട്സിന്റെ ലഭ്യത ഉറപ്പാക്കാനും ഫോഡ് നടപടി തടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തമിഴ്നാട്, ഡൽഹി, കേരളം, കർണാടകം, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിൽ സ്പെയർ പാർട്സ് വ്യാപാരത്തിനു പ്രത്യേക ഡീലർമാരെയും നിയോഗിച്ചു. അടുത്ത ഘട്ടത്തിൽ പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ സ്പെയർ പാർട്സ് ഡീലർമാരെ നിയമിക്കാനും നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.  

Your Rating: