Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ വിലക്ക്: കുരുക്കിൽപെട്ടു ടൊയോട്ടയും ഹോണ്ടയും

diesel-ban

ഇന്ത്യയിൽ ഡീസൽ എൻജിനുകളുടെ ഉൽപ്പാദനശേഷി വിപണിയുടെ ആവശ്യത്തെക്കാൾ വളരെയേറെയായതു വാഹന നിർമാതാക്കൾക്കു പൊല്ലാപ്പാവുന്നു. ഈ പ്രതിസന്ധിയിൽ നിന്നു പുറത്തുകടക്കാനായി ഇന്ത്യയിൽ പുതിയ നിക്ഷേപങ്ങൾ നിർത്തിവയ്ക്കുകയാണെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ചില മോഡലുകളുടെ ഇന്ത്യയിലെ അവതരണം മുടങ്ങാനുള്ള സാധ്യതയും ടൊയോട്ട തള്ളിക്കളയുന്നില്ല. കഴിഞ്ഞ രണ്ടു മൂന്നു വർഷത്തിനിടെ ഇന്ത്യയിൽ ഡീസലിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ച ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ നിലയും വ്യത്യസ്തമല്ല. ഡീസൽ മോഡലുകൾക്ക് ആവശ്യം ഇടിഞ്ഞതു കമ്പനിയുടെ വിൽപ്പന പദ്ധതിയാകെ തകിടം മറിച്ചെന്നാണു ഹോണ്ടയുടെ വിലാപം. ഭാവിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ ആസൂത്രണം നടത്താനാവാത്ത സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും കമ്പനി ആരോപിക്കുന്നു.

രണ്ടു ലീറ്ററിലേറെ എൻജിൻ ശേഷിയുള്ള ഡീസൽ മോഡലുകളുടെ വിൽപ്പന ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിൽ വിലക്കിയ സുപ്രീം കോടതി ഉത്തരവാണു കമ്പനികളെ കടുത്ത പ്രതിസന്ധിയിലേക്കു നയിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ അന്തരം ഇല്ലാതാവുന്നതാണു മറ്റൊരു വെല്ലുവിളി. 10 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ കാറുകളുടെ റജിസ്ട്രേഷൻ റദ്ദാക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണൽ(എൻ ജി ടി) ഉത്തരവാകട്ടെ സ്ഥിതി കൂടുതൽ ഗുരുതരവുമാക്കി. ഇതോടെ രാജ്യമെങ്ങും മികച്ച വിൽപ്പന നേടുന്ന ‘ഇന്നോവ’ എം പി വിയോ ‘ഫോർച്യൂണർ’ എസ് യു വിയോ രാജ്യതലസ്ഥാനത്തു വിൽക്കാനാവാത്ത ഗതികേടിലാണു ടൊയോട്ട കിർലോസ്കർ മോട്ടോർ. പ്രശ്നങ്ങൾ അവസാനിക്കുന്നതിനു പകരം ദിവസങ്ങൾ കഴിയുംതോറും സ്ഥിതി കൂടുതൽ വഷളാവുകയാണെന്ന വിലയിരുത്തലും കമ്പനിക്കുണ്ട്.

ഇന്ത്യയിലുള്ള വിശ്വാസത്തിനാണ് ഇടിവു നേരിടുന്നതെന്നു ടൊയോട്ട കിർലോസ്കർ വൈസ് ചെയർമാനും ഡയറക്ടറുമായ ശേഖർ വിശ്വനാഥൻ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ നിക്ഷേപങ്ങൾ നിർത്തിവയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നേരത്തെ നിശ്ചയിച്ച മോഡൽ അവതരണങ്ങളിൽ ചിലതൊക്കെ നടക്കും; എന്നാൽ പുതിയവ വിപണിയിലെത്താനുള്ള സാധ്യത കുറവാണ്. 2020 വരെയുള്ള തന്ത്രങ്ങൾ പുനഃപരിശോധിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഡീസൽ എൻജിൻ നിർമാണത്തിനായി 1,200 കോടി രൂപ ചെലവിൽ ടൊയോട്ട സ്ഥാപിച്ച ശാല അടുത്തയിടെയാണ് ഉൽപ്പാദനം തുടങ്ങിയത്. ഒരു ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദനശേഷിയുള്ള ശാലയുടെ ശേഷി വിനിയോഗം 30 ശതമാനത്തോളം മാത്രമാണ്. ഈ അധിക ഉൽപ്പാദന ശേഷി എന്തു ചെയ്യണമെന്നതിയാതെ കുഴങ്ങുകയാണു ടൊയോട്ട. ജപ്പാനിലെ കമ്പനി ആസ്ഥാനത്തു പോയി പുതിയ പദ്ധതികൾ വിശദീകരിക്കാനാവാത്ത സാഹചര്യമാണെന്നു വിശ്വനാഥൻ പറയുന്നു.

ഡീസൽ വകഭേദങ്ങൾക്കു തിരിച്ചടി നേരിട്ടതോടെ മാസങ്ങളായി വിൽപ്പന ഇടിയുന്നതാണു ഹോണ്ട നേരിടുന്ന പ്രതിസന്ധി. 2013ലാണു കമ്പനി രാജസ്ഥാനിലെ തപുകരയിലുള്ള ശാലയിൽ ഡീസൽ എൻജിൻ നിർമാണം ആരംഭിച്ചത്; എന്നാൽ ഈ ശാല ഇപ്പോൾ സമ്മർദത്തിലാണ്. നേരത്തെ പ്രതിദിനം 400 ഡീസൽ എൻജിൻ വരെ നിർമിച്ചിരുന്നത് ഇപ്പോൾ 150 ആയി കുറഞ്ഞു; സ്ഥാപിത ശേഷിയുടെ 35% മാത്രമാണു വിനിയോഗം. ആത്മവിശ്വാസത്തോടെ ആസുത്രണം ചെയ്യാനുള്ള സാഹചര്യമാണ് ഇല്ലാതായതെന്നു ഹോണ്ട കാഴ്സ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ്( സെയിൽസ് ആൻഡ് മാർക്കറ്റിങ്) ജ്ഞാനേശ്വർ സെൻ വിശദീകരിക്കുന്നു. പൊട്ടും പൊടിയുമായി വളരെ പെട്ടെന്നാണു മാറ്റങ്ങൾ സംഭവിക്കുന്നത്. ഇതോടെ ഉപയോക്താക്കളും ആശയക്കുഴപ്പത്തിലാവുകയാണെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഡീസൽ എൻജിൻ നിർമാണത്തിൽ ഇടിവു നേരിട്ടെന്നു ഫിയറ്റ് ഇന്ത്യയും വ്യക്തമാക്കുന്നു. വാഹന വ്യവസായത്തിന്റെ കൂടി സഹകരണത്തോടെ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു എന്നാണു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് ഇന്ത്യ മാനേജിങ് ഡയറക്ടർ കെവിൻ ഫ്ളിന്നിന്റെ വിലയിരുത്തൽ. സ്വന്തം കാർ വിൽപ്പനയിൽ കാര്യമായ പുരോഗതിയില്ലെങ്കിലും ഡീസൽ എൻജിൻ നിർമാണത്തിൽ ഫിയറ്റ് ഇന്ത്യയിൽ തകർപ്പൻ പ്രകടനമാണു കാഴ്ചവച്ചിരുന്നത്.  

Your Rating: