Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയവ വാങ്ങുന്നവർക്ക് 50% നികുതിയിളവ്

521499058

ദേശീയ വാഹന കൈമാറ്റ പരിപാടിയുടെ ഭാഗമായി 2.8 കോടി വാഹനങ്ങൾ നിരത്തിൽ നിന്നൊഴിവാക്കുന്നതിനു സർക്കാർ വിശദ പദ്ധതി തയാറാക്കി. പദ്ധതി നടപ്പാക്കുന്നതോടെ അന്തരീക്ഷ മലിനീകര‌ണം 30% വരെ കുറയ്ക്കാനാവുമെന്നാണു പ്രതീക്ഷ. പ്രതിവർഷം 320 കോടി ലീറ്റർ ഇന്ധനലാഭവുമുണ്ടാകും.

2005 മാർച്ച് 31നു മുൻപു റജിസ്റ്റർ ചെയ്ത വാഹനങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വൊളന്ററി വെഹിക്കിൾ ഫ്ലീറ്റ് മോഡേണൈസേഷൻ പ്ലാൻ (വി–വിഎംപി) എന്ന പേരു സൂചിപ്പിക്കുന്നതുപോലെ പദ്ധതി നിർബന്ധിതമല്ല. എന്നാൽ, ആകർഷക നിബന്ധനകളുള്ളതു കൊണ്ടു വാഹന ഉടമകളെ ആകർഷിക്കാനും ലക്ഷ്യം നേടാനും ബുദ്ധിമുട്ടുണ്ടാവില്ലെന്നു ഗതാഗത മന്ത്രാലയ വൃത്തങ്ങൾ പ്രതീക്ഷ പ്ര‌കടിപ്പിച്ചു.

ആകെ വാഹനങ്ങളുടെ 2.5% മാത്രമുള്ള ട്രക്കുകളും ബസുകളുമാണ് അന്തരീക്ഷ മലിനീകരണത്തിനു മുഖ്യ കാരണക്കാർ (60%) എ‌ന്നു ഗതാഗത മന്ത്രാലയത്തിന്റെ പഠനരേഖ വെളിപ്പെടുത്തുന്നു. പത്തു വർഷത്തിലേറെ പ്രായമായ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം പുതിയ വാഹനങ്ങളെക്കാൾ പത്തിരട്ടിയോളം.

പ്രോത്സാഹനങ്ങളും പദ്ധതി ലക്ഷ്യങ്ങളും:

∙ പകരം വാങ്ങുന്ന പുതിയ വാഹനങ്ങൾക്കു 50% എക്സൈസ് നികുതിയിളവ്. സംസ്ഥാന സർക്കാരുകളുടെ  പൊതുഗതാഗത വാഹ‌‌നങ്ങൾക്കു പൂർണ    നികുതിയിളവ്.

∙ മികച്ച‘സ്ക്രാപ്’ വില

∙ പഴയ വാഹനങ്ങൾ ശേഖരിച്ചു വില നി‌ശ്ചയിക്കുന്നതിനു റീസൈക്ലിങ് കേന്ദ്രങ്ങൾ

∙ വാഹനവിൽപന കുതിച്ചുയരുന്നതു വഴി ഓട്ടമൊബീൽ മേഖലയ്ക്ക് ഉണർവ്; ജിഡിപി വളർച്ച

∙ ബിഎസ് 4 നിബന്ധനകൾ പാലിക്കുന്ന വാഹനങ്ങൾ പകരം നിര‌ത്തിലെത്തുന്നതോടെ അന്തരീക്ഷ മലിനീകരണത്തിൽ 25–30% കുറ‌‌വ്; ഇന്ധനലാഭം.

വിൽപന വർധിക്കുമെന്നതു കണക്കിലെടുത്തു ബിഎസ് 4 നി‌ർഗമന നിബ‌ന്ധനകൾ പാലിക്കുന്ന പുതിയ വാഹനങ്ങൾക്കു പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിക്കണമെന്നു നിർമാതാക്കളോടു സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. റീസൈക്ലിങ് കേന്ദ്രങ്ങളാണു പഴയ വാഹനങ്ങളുടെ സ്ക്രാപ് വില നിശ്ചയിക്കുക. വാഹനത്തിന്റെ ഭാരം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചുള്ള വിലനിർണയ മാനദണ്ഡങ്ങൾക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

റീസൈക്ലിങ് കേന്ദ്രങ്ങളിൽ വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവ നൽകുകയാണ് ആദ്യ പടി. രേഖകൾ നി‌യമാനുസൃതമെന്ന് ഉറപ്പാ‌ക്കുന്നതിനു പിന്നാലെ വാഹനം ഹാജരാക്കാൻ ആവ‌ശ്യപ്പെടും. സ്ക്രാപ് വിലയെക്കുറിച്ചു റീസൈക്ലിങ് കേ‌ന്ദ്രവും ഉടമയും ധാരണയിലെത്തിയാൽ വാഹനം നൽകി വിലയും വി–വിഎംപി സർട്ടിഫിക്കറ്റും വാങ്ങാം. പുതിയ വാഹനം വാങ്ങുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഹാജ‌രാക്കണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണു പഴയ വാഹനം റീസൈക്കിൾ ചെയ്യുക. ഇതോടെ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാകും.

∙ വെല്ലുവിളികൾ പലത്

ഇതേസമയം, കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കും വാഹന നിർമാതാക്കൾ‌ക്കുമൊപ്പം അസംഘടിത മേഖലയിലെ റീസൈക്ലിങ് കേന്ദ്രങ്ങളെ കോർത്തിണക്കി പദ്ധതി വിജയിപ്പിക്കാനാവുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സർക്കാർ മുന്നോട്ടു വയ്ക്കുന്ന പ്രോത്സാഹന പദ്ധതികൾ ജനങ്ങൾക്ക് ആകർഷകമാകണമെന്നുമില്ല. മൂന്നു കോടിയോളം വാഹനങ്ങൾ കാര്യക്ഷമമായി റീസൈക്കിൾ ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യം നിലവിലില്ലാത്തതും വെല്ലുവിളിയാണ്.