Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റകുറ്റപ്പണി: കാർ നിർമാണശാലകൾക്ക് അവധി

Maruti Suzuki Logo

പുതുവർഷമെത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിർമാണശാലകൾ വാർഷിക അറ്റകുറ്റപ്പണിക്കായി അടയ്ക്കാൻ വിവിധ കാർ കമ്പനികൾ തീരുമാനിച്ചു. പുതുവർഷത്തിനു മുന്നോടിയായി വാഹന വിൽപ്പനയിൽ നേരിടുന്ന ഇടിവ് മറികടക്കാൻ കൂടി ലക്ഷ്യമിട്ടാണു കമ്പനികളുടെ ഈ നടപടി. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ശാലകൾ ഡിസംബർ 27 മുതൽ ജനുവരി മൂന്നു വരെയാണ് അറ്റകുറ്റപ്പണിക്കായി അടയ്ക്കുക. ഫ്രഞ്ച് — ജാപ്പനീസ് സംയുക്ത സംരംഭമായ റെനോ നിസ്സാനു ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള ശാലയുടെ അറ്റകുറ്റപ്പണിയും ഡിസംബർ 28 മുതൽ ജനുവരി മൂന്നു വരെ തന്നെ.

bmw-logo

സാധാരണഗതിയിൽ പ്രതിമാസം 1.24 ലക്ഷം യൂണിറ്റാണു മാരുതി സുസുക്കിയുടെ ഉൽപ്പാദനം. എന്നാൽ അറ്റകുറ്റപ്പണി മൂലം ഡിസംബറിലെ ഉൽപ്പാദനം കമ്പനി 1.12 ലക്ഷം കാറുകളായി കുറച്ചിട്ടുണ്ട്. വർഷാവസാനം കാർ നിർമാണശാലകൾക്കു നിർബന്ധിത അവധി നൽകുന്നതിനെ തന്ത്രപരമായ നടപടിയായിട്ടാണു വിദഗ്ധർ വീക്ഷിക്കുന്നത്. പുതുവർഷം പിറക്കുന്ന വേളയിൽ ഡീലർഷിപ്പുകളിലും സ്റ്റോക്ക് യാർഡിലുമൊക്കെ പഴയ മോഡൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് ഈ അറ്റകുറ്റണിയെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. പഴയ മോഡൽ വാഹനങ്ങൾ വിറ്റു പോകാൻ കനത്ത വിലക്കിഴിവ് അനുവദിക്കേണ്ടി വരുമെന്നതാണു കമ്പനികൾ നേരിടുന്ന പ്രശ്നം. പോരെങ്കിൽ അറ്റകുറ്റപ്പണിയുടെ പേരിൽ ജീവനക്കാർക്ക് വർഷം തോറും അവധി അനുവദിക്കാമെന്ന നേട്ടവുമുണ്ട്. അതേസമയം, ചെന്നൈയിലെ അപ്രതീക്ഷിത പ്രളയത്തിന്റെ ഫലമായി ഫോഡും ബി എം ഡബ്ല്യുവും വാർഷിക അറ്റകുറ്റപ്പണി ക്രിസ്മസിനു മുമ്പേ പൂർത്തിയാക്കിയിരുന്നു. പ്രളയബാധിതമായ ശാലകൾ പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾക്കൊപ്പം ഇരുകമ്പനികളും വാർഷിക അറ്റകുറ്റപ്പണിയും നടത്തുകയായിരുന്നു.

Hyundai

അതിനിടെ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഇക്കൊല്ലം വാർഷിക അറ്റകുറ്റപ്പണി വേണ്ടെന്നു വച്ചിട്ടുമുണ്ട്. ആഭ്യന്തര, വിദേശ വിപണികളിൽ നിന്നുള്ള വർധിച്ച ആവശ്യം പരിഗണിച്ചാണ് കമ്പനി വർഷാവസാനവും മുടക്കമില്ലാതെ പ്രവർത്തിക്കുന്നത്. പരമ്പരാഗതമായി വർഷത്തിൽ രണ്ടു തവണയാണു വാഹന നിർമാതാക്കൾ അറ്റകുറ്റപ്പണിക്കായി പ്ലാന്റുകൾ അടയ്ക്കുന്നത്: വർഷത്തിന്റെ പകുതിയിലും വർഷാവസാനവും. എന്നാൽ ഏതാനും വർഷമായി ദീപാവലിത്തിരക്ക് കഴിഞ്ഞശേഷം അറ്റകുറ്റപ്പണിക്കായി ശാലകൾ അടയ്ക്കുന്നതാണു നിർമാതാക്കളുടെ രീതി.