Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനങ്ങള്‍ പൊളിച്ചടുക്കും

vehicle-scrap

പഴക്കമുള്ള വാഹനങ്ങളെല്ലാമങ്ങു നിരോധിച്ചുകളഞ്ഞാലോ എന്നൊക്കെയാണിപ്പോൾ പലർക്കും ചിന്ത. അങ്ങനെ നിരോധിക്കപ്പെടുന്ന വാഹനങ്ങൾ എന്തുചെയ്യും, എന്തു ചെയ്യണം... പഴയ വാഹനങ്ങൾക്കു നിരോധനമുള്ള വികസിത രാജ്യങ്ങളിൽ അവ കൈകാര്യം ചെയ്യാൻ വിപുലമായ സൗകര്യങ്ങളുണ്ട്. അതൊക്കെ ഇവിടെ സർക്കാർ ആലോചിച്ചുതുടങ്ങിയിട്ടേയുള്ളൂ. പഴയവ മാറ്റി പുതിയതുവാങ്ങുന്നവർക്ക് സാമ്പത്തിക ഇളവുകൾ, പഴയവ ‘ഇരുമ്പുവില’യ്ക്കു വാങ്ങാൻ അംഗീകൃത സംവിധാനങ്ങൾ ഒക്കെ പരിഗണനയിലുണ്ട്.

ഉരുക്ക് ഉൽപ്പാദനത്തിന് 50– 60 ലക്ഷം ടൺ ‘ആക്രി’ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എങ്കിലും വഴിയരികിലിട്ടു വണ്ടിതല്ലിപ്പൊളിച്ച് അതിൽനിന്നു ‘സ്പെയർ പാർട്സ’ കണ്ടെത്തി വിൽക്കുന്ന പരിപാടിക്കപ്പുറത്തേക്കു നമ്മുടെ നോട്ടം എത്തിയിട്ടില്ല. ഈ സാധ്യത മുതലെടുക്കാൻ ആദ്യ ചുവടുവച്ചിരിക്കുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റൽ സ്ക്രാപ് ടേഡിങ് കോർപറേഷനും(എംഎസ്ടിസി) മഹീന്ദ്ര ഗ്രൂപ്പിലെ മഹീന്ദ്ര ഇന്റർട്രേഡും. രാജ്യത്തെ ആദ്യ വാഹനം ‘പൊളിക്കൽ– റീ സൈക്ക്ളിങ്’ പ്ലാന്റാണ് ഗുജറാത്തിലോ മഹാരാഷ്ട്രയിലോ ആദ്യം സ്ഥാപിക്കുക. വർഷം ഒരു ലക്ഷം ടൺ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാവും. ഇവിടേക്കു പഴയ വാഹനങ്ങളെത്തിക്കാൻ സംഭരണകേന്ദ്രങ്ങളുമുണ്ടാകും. 2018 മാർച്ചിൽ പ്രവർത്തനം തുടങ്ങും. ആകെ മുതൽമുടക്ക് 120 കോടി രൂപയാകുമെന്നു കണക്കാക്കുന്നു.ടണ്ണിന് 200–300 ഡോളർ നിരക്കിലാണിപ്പോൾ ആക്രി ഇറക്കുമതി ചെയ്യുന്നത്.

വാഹനങ്ങളിലുപയോഗിക്കുന്ന ഉയർന്ന ഗ്രേഡ് സ്റ്റീൽ പുനരുപയോഗത്തിനു ലഭ്യമാക്കുന്നതുവഴി രാജ്യത്തിനു വൻ സാമ്പത്തികനേട്ടമുണ്ടാകുമെന്നാണു വിലയിരുത്തൽ. സ്റ്റീൽ പ്ലാന്റുകളിൽ ഇവ പുതിയ സ്റ്റീൽ ആയി മാറുന്നതുവഴി ഇരുമ്പയിര്, കൽക്കരി, ചുണ്ണാമ്പുകല്ല് തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ ഉപയോഗം കുറയ്ക്കാനുമാകും. ഇത്തരത്തിൽ ആക്രി ഉപയോഗിക്കുന്നതിന്റെ അളവ് അഞ്ചു വർഷം കൊണ്ട് ഇപ്പോഴത്തേതിന്റെ ഇരട്ടിയാകുമെന്നു കണക്കാക്കുന്നു. അമേരിക്കയിൽ വാഹനം റീസൈക്ക്ളിങ്ങിന് ഇരുനൂറോളം പ്ലാന്റുകളുണ്ട്. ശാസ്ത്രീയമായി പൊളിക്കൽ നടക്കുന്നതിനാൽ മലിനീകരണം കുറയ്ക്കാനും ഇത്തരം പ്ലാന്റുകൾ സഹായിക്കും. സ്റ്റീൽ, അലുമിനിയം, പ്ലാസ്റ്റിക്, റബർ ഭാഗങ്ങൾ പ്രത്യേകം വേർതിരിച്ചാണു റീസൈക്ക്ളിങ് നടത്തുക. പഴയ വാഹനങ്ങൾക്കുപുറമെ, റഫ്രിജറേറ്ററുകളും എയർ കണ്ടീഷനറുകളും പൊളിക്കാനെടുക്കും.

Your Rating: