Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വിപണിക്കു നേട്ടത്തിന്റെ ഓഗസ്റ്റ്

top-sellers

രാജ്യത്തെ ഇരുചക്രവാഹന വിൽപ്പന റെക്കോഡ് തലത്തിലെത്തി. ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ഇക്കൊല്ലത്തെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പനയാണ് ഓഗസ്റ്റിൽ രേഖപ്പെടുത്തിയത്. എതിരാളികളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യും റെക്കോഡ് വിൽപ്പനയുടെ തിളക്കത്തിലാണ്. ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിനാവട്ടെ 2015 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ 32% വർധന നേടാനായി. മുൻവർഷം ഓഗസ്റ്റിൽ 4.80 ലക്ഷം യൂണിറ്റ് വിറ്റ ഹീറോ മോട്ടോ കോർപിന്റെ കഴിഞ്ഞ മാസത്തെ വിൽപ്പന 6.16 ലക്ഷം യൂണിറ്റാണ്; 28% വർധന. 2015 ഓഗസ്റ്റിൽ 3.73 ലക്ഷം ഇരുചക്രവാഹനം വിറ്റ എച്ച് എം എസ് ഐയ്ക്ക് കഴിഞ്ഞ മാസം 25% വളർച്ചയോടെ 4.66 ലക്ഷം യൂണിറ്റ് വിൽക്കാനായി.

മികച്ച മഴ ലഭിക്കുകയും ഇന്ധന വില കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വരുംമാസങ്ങളിലും മികച്ച വിൽപ്പന കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇരുചക്രവാഹന നിർമാതാക്കൾ. വരാനിരിക്കുന്ന ദീപാവലി — നവരാത്രി ഉത്സവകാലവും വാഹന വിൽപ്പനയെ തുണയ്ക്കുമെന്നു നിർമാതാക്കൾ കണക്കുകൂട്ടുന്നു. കാർ നിർമാതാക്കളിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഓഗസ്റ്റിൽ 1.20 ലക്ഷത്തോളം യൂണിറ്റാണു വിറ്റത്. 2015 ഓഗസ്റ്റിൽ വിറ്റ 1.07 ലക്ഷത്തെ അപേക്ഷിച്ച് 12% അധികമാണിത്. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഓഗസ്റ്റിലെ വിൽപ്പന 43,201 യൂണിറ്റാണ്; 2015 ഓഗസ്റ്റിലെ വിൽപ്പനയായ 40,505 എണ്ണത്തേക്കാൾ ഏഴു ശതമാനത്തോളം കൂടുതലാണിത്. ‘ഇലാൻട്ര’ പോലുള്ള പുതിയ അവതരണങ്ങളും ആധുനിക പ്രീമിയം ബ്രാൻഡുകളുടെ സാന്നിധ്യവും വരുംമാസങ്ങളിലും ഹ്യുണ്ടേയിയെ തുണയ്ക്കുമെന്നാണു കമ്പനി സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവയുടെ പ്രതീക്ഷ. രാജ്യത്തു മികച്ച മഴ ലഭിച്ചത് ഇക്കൊല്ലത്തെ ഉത്സവകാല വിൽപ്പനയിൽ അനുകൂലഘടകമാവുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

മാരുതിക്കും ഹ്യുണ്ടേയിക്കും പുറമെ ഫോഡ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ, നിസ്സാൻ ഇന്ത്യ, ഫോക്സ്വാഗൻ ഇന്ത്യ തുടങ്ങിയ നിർമാതാക്കളും ഓഗസ്റ്റിലെ വിൽപ്പനയിൽ നേട്ടം കൈവരിച്ചു.കഴിഞ്ഞ മാസം പുറത്തിറക്കിയ പെട്രോൾ എൻജിനുള്ള ‘ഇന്നോവ ക്രിസ്റ്റ’യ്ക്കു വിപണിയിൽ മികച്ച വരവേൽപ്പാണു ലഭിച്ചതെന്നു ടൊയോട്ട കിർലോക്സർ മോട്ടോർ ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റു(സെയിൽസ് ആൻഡ് മാർക്കറ്റിങ്)മായ എൻ രാജ അവകാശപ്പെട്ടു. ഈ വിഭാഗത്തിൽ ഇത്തരമൊരു മോഡൽ പുതുമയായതിനാൽ ഭാവിയിലും പുത്തൻ ‘ഇന്നോവ ക്രിസ്റ്റ’ മികച്ച വിൽപ്പന നേടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്ക് കഴിഞ്ഞ മാസം 29% വിൽപ്പന വളർച്ച നേടാനായി. 2015 ഓഗസ്റ്റിൽ എം ആൻഡ് എം 14,198 വാഹനം വിറ്റതു കഴിഞ്ഞ മാസം 18,246 യൂണിറ്റായിട്ടാണ് ഉയർന്നത്.

Your Rating: