Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ബൈക്ക് പ്രേമി ഇനിയില്ല

dilip-bam Dilip Bam

മണലാരണ്യം എന്ന പേര് അക്ഷരംപ്രതി ശരിയായ സഹാറ മരുഭൂമി ഒരു ഇരു ചക്രവാഹനത്തിൽ താണ്ടുക, കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ഈ കാര്യം ചെയ്തത് ഒരു കൈനറ്റിക് ഹോണ്ടയിലാണ് എന്നു കൂടി അറിഞ്ഞാലോ? അത്ഭുതം ആവേശത്തിനു വഴിമാറാൻ പിന്നെ വേറൊന്നും വേണ്ട. വാഹന പ്രേമികളുടെ ഹരമായ ആ കഥയിലെ താരം ദിലിപ് ബാം ഇനിയില്ല. ബൈക്ക് യാത്രകൾ എന്നെന്നേക്കുമായി അവസാനിപ്പിച്ച്, 69 ാം വയസ്സിൽ ആ റൈഡർ യാത്രയായി.

dilip-bam-4 Dilip Bam Crossing Sahara

ഇന്ത്യൻ ഇരുചക്രവാഹനലോകത്ത് ദിലിപ് ബാം കേവലം ഒരു വ്യക്തിയല്ല. 26 വർഷം നീണ്ട അദ്ദേഹത്തിന്റെ ബൈക്ക് ടെസ്റ്റിങ് കരിയറിനെക്കുറിച്ചു വാഹന പ്രേമികൾക്കു പറയാൻ നിരവധി കഥകളുണ്ട്. 1947 ജനുവരി നാലിനാണ് ദിലിപ് ബാം ജനിക്കുന്നത്. 1968 ൽ റൂർക്കി ഐഐടിയിൽ‌നിന്നു മെക്കാനിക്കൽ എൻജിനീയറിങ് പാസായ ദിലിപ് കിർലോസ്കർ ഓയിൽ എൻജിനീയറിങ്സ് ലിമിറ്റഡിലാണ് ജോലി ആരംഭിച്ചത്. തുടർന്ന് എക്സ്‌എൽ‌ആർ‌ഐ ജംഷഡ്പൂരിൽനിന്ന് എംബിഎ പാസായി. പിന്നീടു സ്വദേശത്തും വിദേശത്തും പല ജോലികളും ചെയ്ത അദ്ദേഹം 1987 ല്‍ കാർ ആൻഡ് ബൈക്ക് മാസികയിൽ ബൈക്ക് ടെസ്റ്ററായി.

dilip-bam-1 Dilip Bam Crossing Sahara

26 വർഷത്തോളം വിവിധ മാസികകൾക്കും കമ്പനികള്‍ക്കും വേണ്ടി അദ്ദേഹം ടെസ്റ്റ് റൈഡുകൾ നടത്തിയിട്ടുണ്ട്. പുതിയതായി വികസിപ്പിച്ചെടുക്കുന്ന വാഹനങ്ങൾ ഏതു സാഹചര്യത്തിലും ടെസ്റ്റ്‌ റൈഡ് നടത്തി അദ്ദേഹം അഭിപ്രായം പറയും. ആ അഭിപ്രായത്തിനാകട്ടെ നല്ല വിലയും. അതുകൊണ്ടുതന്നെ ദിലിപ് ബാമിന്റെ കൈകളിലൂടെ കടന്നു പോകാത്ത വാഹനങ്ങൾ ഉണ്ടെന്ന് പറയാനാവില്ല.

dilip-bam Dilip Bam Crossing Sahara

1992 ലാണ് ഇദ്ദേഹം തന്റെ കൈനറ്റിക് ഹോണ്ടയിൽ സഹാറ കടക്കുന്നത്‌. ഗിയറില്ലാത്ത സ്കൂട്ടറിൽ സഹാറ മരുഭൂമി കടക്കുന്ന ആദ്യ വ്യക്തി എന്ന ഗിന്നസ് റിക്കോർഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. കൂടാതെ മൂന്നു പ്രാവശ്യം (1999, 2001, 2003 ) കശ്മീരിൽനിന്നു കന്യാകുമാരി വരെയും ഒരു പ്രാവശ്യം പുണെയിൽനിന്നു കന്യാകുമാരി വരെയും അദ്ദേഹം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിട്ടുണ്ട്.

dilip-bam-2 Dilip Bam Crossing Sahara

1987 ൽ കാർ ആൻഡ്‌ ബൈക്ക് ഇന്റർനാഷണൽ മാഗസിനിൽ റോഡ്‌ ടെസ്റ്റ്‌ എഡിറ്റർ ആയാണ് ദിലിപ് ബാം തന്റെ ജീവിതം ആരംഭിക്കുന്നത്. 1993 മുതൽ ഓട്ടോ ഇന്ത്യ മാഗസിന് വേണ്ടി വാഹനങ്ങളുടെ റിവ്യൂ എഴുതി തുടങ്ങി. ഇങ്ങനെ വാഹന ഭ്രാന്ത്‌ തലയ്ക്കു പിടിച്ചിരിക്കുമ്പോഴാണ് കൈനറ്റിക് ഹോണ്ടയിൽ സഹാറ മരുഭൂമി കടക്കുന്നതും

dilip-bam-3 Dilip Bam

ചൈനീസ്, ഇന്തോനീഷ്യൻ, മലേഷ്യൻ, പഞ്ചാബി, മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകൾ അദ്ദേഹം അനായാസം കൈകാര്യം ചെയ്തിരുന്നു. 1988 - 90 കാലഘട്ടത്തിൽ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ സിംബയോസിസ്, BIMM, ICFAI, IMD എന്നിവിടങ്ങളിൽ അദ്ദേഹം ക്ലാസുകൾ എടുത്തിട്ടുണ്ട്. തന്റെ വാഹനപരിചയത്തെ മുൻനിർത്തി പല പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.