Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്യയുടെ ഹോണ്ട സിറ്റി വെറും ഒരു ലക്ഷം രൂപയ്ക്ക്

mallyas-cars-1

കിങ് ഓഫ് ഗുഡ് ടൈംസ് എന്നാണ് വിജയ് മല്യ അറിയപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സമയം ചീത്തയാകാൻ അധികം കാലം വേണ്ടി വന്നില്ല. രാജ്യത്തെ ലക്ഷ്വറി വിമാനകമ്പനിയായിരുന്നു കിങ് ഫിഷർ എയർലൈൻസ് വരുത്തി വെച്ച കടം കമ്പനിയേയും അതുപോലെ മല്യയെയും ഒരുപോലെ വെട്ടിലാക്കി. ഏകദേശം 9000 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്.

കിങ്ഫിഷർ എയർലൈൻസിന്റേയും മല്യയുടേയും ആസ്തികൾ കണ്ടുകെട്ടിയ ബാങ്കുകൾ അവ വിൽക്കുന്നതിനുള്ള ശ്രമത്തിലാണ്. വിമാനങ്ങളും വസ്തുവകകളും വിൽക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും വാങ്ങാൻ ആളില്ലാത്തതിനാൽ ആ ശ്രമം നടന്നില്ല. എന്നാലിപ്പോൾ‌ കിങ് ഫിഷർ എയർലൈൻസിന്റെ മൂവബിൾ സെക്യൂർ അസറ്റ്സ് വിൽക്കാൻ ശ്രമിക്കുകയാണ് ബാങ്കുകൾ. ഒൻപത് കാറുകളാണ് ബാങ്കുകൾ ലേലത്തിൽ വെച്ചിരിക്കുന്നത്.

mallyas-cars

ഇന്നോവ (3.5 ലക്ഷം രൂപ), ഹോണ്ട സിറ്റി ഇസഡ്എക്സ്ഐ (2.50 ലക്ഷം), ഹോണ്ട സിറ്റി ഇഎക്സ്ഐ (2.5 ലക്ഷം), ഹോണ്ട സിറ്റി ഇഎക്സ്ഐ (1 ലക്ഷം), ഹ്യുണ്ടേയ് സാൻട്രോ സിപ് ഡ്രൈവ് (80000 രൂപ), ഹ്യുണ്ടേയ് എലാൻട്ര (1.50 ലക്ഷം) ടൊയോട്ട കോറോള (2.5 ലക്ഷം), ടൊയോട്ട കാംമ്രി (2.50 ലക്ഷം), ഹോണ്ടി സിവിക്ക് (2.00 ലക്ഷം) എന്നിവയടക്കം ഏകദേശം 18.8 ലക്ഷം രൂപയുടെ വാഹനങ്ങളാണ് ലേലത്തിൽ വെച്ചിരിക്കുന്നത്.

നേരത്തെ വിജയ് മല്യയുടെ ലക്ഷ്വറി സ്വകാര്യ വിമാനം ലേലത്തിൽ‌ വെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സർവീസ് ടാക്സ് ഡിപ്പാർട്ടുമെന്റ് ജപ്തി ചെയ്ത മല്യയുടെ എയർബസ് എസിജെ 319 (വിജെഎം 319) എന്ന വിമാനമാണ് മെയ് 12 ന് ലേലത്തിൽ വെയ്ക്കുന്നത്. 2006 ൽ വിജയ് മല്യ ഏകദേശം 400 കോടിരൂപ മുടക്കിയാണ് ഈ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കുന്നത്. കോൺഫറൻസ് റൂം, ലിവിങ് റൂം, ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഈ ജെറ്റിലുണ്ട്. ഏകദേശം 10 കോടി രൂപയാണ് വിമാനത്തിന്റെ ചെലവുകൾക്കായി മല്യ ഓരോ വർഷവും മുടക്കിയിരുന്നത്.

Your Rating: