Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകമറ’: ഫോക്സ്‌വാഗൻ ഇന്ത്യയുടെ കർമപദ്ധതി ഉടൻ

volkswagen-engine

മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ പിഴവ് പരിഹരിക്കാനുള്ള പദ്ധതി ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഗ്രൂപ് ഇന്ത്യ രണ്ടു മൂന്നു ദിവസത്തിനകം സമർപ്പിക്കുമെന്ന് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ). മലിനീകരണ നിയന്ത്രണ സംവിധാനങ്ങളിലെ തകരാർ പരിഹരിക്കാൻ മോഡൽ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പദ്ധതിയാണു ഫോക്സ്‌വാഗനിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നും എ ആർ എ ഐ ഡയറക്ടർ രശ്മി ഉർധവർഷെ വ്യക്തമാക്കി. പരിഹാര നിർദേശങ്ങൾ ലഭിച്ചാലുടൻ ഇവ പ്രയോഗത്തിൽ വരുത്തി എ ആർ എ ഐ ഫോക്സ്വാഗന്റെ പദ്ധതിയുടെ ഫലം പരിശോധിക്കും. പദ്ധതി വിലയിരുത്തലിനുള്ള നടപടികൾക്ക് ഒരു മാസമെടുക്കുമെന്നാണു പ്രതീക്ഷ. തുടർന്നു പരീക്ഷണത്തിന്റെ ഫലം എ ആർ എ ഐ കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തെ അറിയിക്കും. കേന്ദ്രാനുമതി ലഭിച്ച ശേഷമാവും തകരാർ പരിഹരിക്കാനായി ഫോക്സ്‌വാഗൻ വാഹനങ്ങൾ തിരിച്ചുവിളിച്ചു തുടങ്ങുക.

മലിനീകരണ നിലവാരം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ ഇന്ത്യയിൽ വിറ്റ, ഡീസൽ എൻജിനുള്ള 3,23,700 കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഡിസംബറിലാണു ഫോക്സ്‌വാഗൻ സന്നദ്ധത പ്രകടിപ്പിച്ചത്. ഫോക്സ്വാഗനു പുറമെ സ്കോഡ, ഔഡി ബ്രാൻഡുകളിലായി വിറ്റ, ഇ എ 189 മോഡൽ ഡീസൽ എൻജിൻ ഘടിപ്പിച്ച കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക. പ്രശ്നങ്ങൾ കൂടുതലുള്ള കാറുകൾ ആദ്യവും കുറവുള്ളവ പിന്നീടും പരിശോധിക്കണമെന്ന നിർദേശമാണ് ഇതു സംബന്ധിച്ച് എ ആർ എ ഐ മുന്നോട്ടുവച്ചതെന്ന് ഉർധവർഷെ വെളിപ്പെടുത്തി. യൂറോപ്പിലെ മാതൃകയിൽ ഇന്ത്യയിലും ഈ നിർദേശം പാലിച്ചാൽ നിർമാണ തകരാർ പരിഹരിക്കാൻ ഘട്ടംഘട്ടമായുള്ള നടപടികളാവും ഫോക്സ്വാഗൻ സ്വീകരിക്കുക. ശേഷിയേറിയ എൻജിനുകളാവും ആദ്യഘട്ടത്തിൽ പരിശോധിക്കുക. ഫോക്സ്‌വാഗൻ അവകാശപ്പെടുന്നതിനെ അപേക്ഷിച്ച് ഒൻപതിരട്ടി വരെ നൈട്രജൻ ഓക്സൈഡാണു ചില കാറുകൾ പുറന്തള്ളുന്നതെന്ന് എ ആർ എ ഐ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു.

ഫോക്സ്‌വാഗൻ സമർപ്പിച്ച പദ്ധതി അതേപടി അംഗീകരിക്കുമോ അതോ എ ആർ എ ഐ ഇതിൽ മാറ്റങ്ങൾ നിർദേശിക്കുമോ എന്നറിയാൻ മാർച്ച് മധ്യം വരെ കാത്തിരിക്കേണ്ടി വരും. യു എസിലും ദക്ഷിണ കൊറിയയിലുമൊക്കെ ഫോക്സ്വാഗൻ സമർപ്പിച്ച പരിഹാര നിർദേശങ്ങൾ അതേപടി അംഗീകരിക്കപ്പെട്ടിരുന്നില്ല. ജർമനിക്കാവട്ടെ ഒറ്റ എൻജിന്റെ കാര്യത്തിൽ മാത്രമാണ് ഫോക്സ്‌വാഗൻ സമർപ്പിച്ച പരിഹാര നിർദേശം സ്വീകാര്യമായത്.പോരെങ്കിൽ ഇപ്പോൾ വിൽപ്പനയിലുള്ള കാറുകളിലൊന്നും മലിനീകരണ നിലവാരം കുറച്ചുകാട്ടാൻ സഹായിക്കുന്ന ‘പുകമറ’ സോഫ്റ്റ്വെയർ ഘടിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യതയും ഫോക്സ്‌വാഗനുണ്ട്. ഇന്ത്യയിൽ വിറ്റ കാറുകളിലൊന്നും ഈ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമില്ലെന്നു കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ‘പുകമറ’ സോഫ്റ്റ്വെയറിന്റെ പേരിലല്ല, മറിച്ച് സാങ്കേതികവിഭാഗത്തിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പേരിലാണു കാറുകൾ തിരിച്ചുവിളിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. പ്രശ്നത്തിൽ ഡൽഹിയിലെ ദേശീയ ഹരിത ട്രൈബ്യൂണൽ നാലിന് അടുത്ത ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.