Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകമറ’ വിവാദം: സോക്കറിനെ കൈവിട്ട് ഫോക്സ്‌വാഗൻ

Volkswagen

ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജിക്കേറ്റ തിരിച്ചടി യൂറോപ്പിലെ വിവിധ ഫുട്ബോൾ ക്ലബ്ബുകൾക്കും തലവേദനയാവുന്നു. ‘പുകമറ’ വിവാദം സൃഷ്ടിച്ച സാമ്പത്തികബാധ്യത മറികടക്കാൻ ജർമൻ ഫുട്ബോൾ ലീഗായ ബുന്ദസ്ലീഗയിൽ കളിക്കുന്ന ഹനോവർ 96, വെർജർ ബ്രെമൻ, ഷാൽകെ 04 തുടങ്ങിയവർക്കും സെക്കൻഡ് ഡിവിഷനിലെ 1860 മ്യൂനിച്ചിനുമുള്ള സ്പോൺസർഷിപ്പുകൾ വെട്ടിച്ചുരുക്കാനാണു ഫോക്സ്‌വാഗന്റെ ആലോചന.ഫുട്ബോൾ ക്ലബ്ബുകൾക്കായി പ്രതിവർഷം ഒന്നര കോടിയോളം യൂറോ(ഏകദേശം 105.85 കോടി രൂപ) ആണു ഫോക്സ‌്‌വാഗൻ ഓരോ സീസണിലും മുടക്കുന്നത്. ഫുട്ബോളിൽ നിന്നു പിന്മാറുന്നതിനൊപ്പം ഐസ് ഹോക്കി ക്ലബ്ബായ ഗ്രിസ്ലിസ് വുൾഫ്സ്ബർഗുമായുള്ള സ്പോൺസർഷിപ്പും അവസാനിപ്പിക്കാൻ ഫോക്സ്‌വാഗൻ ആലോചിക്കുന്നുണ്ട്. പ്രതിവർഷം 50 ലക്ഷം യൂറോ(35.28 കോടി രൂപ) ആണു കമ്പനി ഐസ് ഹോക്കിയിൽ മുടക്കുന്നത്.

അതേസമയം, സ്പോൺസർഷിപ് തന്ത്രത്തിൽ സുപ്രധാന സ്ഥാനമുള്ള ഫുട്ബോളിൽ നിന്നു പൂർണമായും പിൻമാറില്ലെന്നാണു ഫോക്സ്‌വാഗന്റെ നിലപാട്. എന്നാൽ ഫുട്ബോളിലെ നിക്ഷേപം എത്രയാവുമെന്നു വ്യക്തമാക്കാൻ കമ്പനി തയാറായിട്ടുമില്ല. യു എസിലെ കർശന മലിനീകരണ നിലവാര പരിശോധനയെ മറികടക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയെന്നു തെളിഞ്ഞതോടെ കഴിഞ്ഞ 78 വർഷത്തിനിടയിലെ ഏറ്റവും ഗുരുതര പ്രതിസന്ധിയാണു യൂറോപ്പിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ നേരിടുന്നത്. അനുവദനീയമായതിന്റെ പല മടങ്ങ് മലിനീകരണം സൃഷ്ടിക്കുന്ന എൻജിനുള്ള കാറുകൾ വിറ്റെന്നു സെപ്റ്റംബർ മധ്യത്തിൽ അംഗീകരിച്ചതോടെ ശതകോടിക്കണക്കിനു ഡോളറിന്റെ പിഴശിക്ഷയാണു വിവിധ രാജ്യങ്ങളിലായി ഫോക്സ്‌വാഗനെ കാത്തിരിക്കുന്നത്.

ഈ സാഹചര്യത്തിൽ 2016ലെ നിക്ഷേപ രൂപരേഖയിൽ 100 കോടി യൂറോ (ഏകദേശം 7301.30 കോടി രൂപ)യുടെ കുറവു വരുത്തുകയാണെന്നു ഫോക്സ്‌വാഗൻ പ്രഖ്യാപിച്ചിരുന്നു. ‘പുകമറ’ സോഫ്റ്റ‌ുവെയർ വിവാദത്തിന്റെ പ്രത്യാഘാതമായി പിഴകളും നിയമ പോരാട്ടങ്ങളും വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുമൊക്കെ നേരിടാൻ കമ്പനി 3,500 കോടി യൂറോ(2.47 ലക്ഷം കോടിയോളം രൂപ) കണ്ടെത്തേണ്ടിവരുമെന്നാണു വിലയിരുത്തൽ. ഫോക്സ്‌വാഗൻ ‘പുകമറ’ വിവാദത്തിൽ കുടുങ്ങിയ പിന്നാലെ യുവകളിക്കാർക്കു വേണ്ടിയുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി അനിശ്ചിതമായി മാറ്റിയതായി സോക്കർ ക്ലബ്ബായ വി എഫ് എൽ വുൾസ്ബർഗ് പ്രഖ്യാപിച്ചിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.