Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദാസ് ഓട്ടോ’ വേണ്ട, ഫോക്സ്‌വാഗനു പ്രതിച്ഛായ മതി

volkswagen-dus-auto

മലിനീകരണ പരിശോധന വിജയിക്കാൻ കൃത്രിമം കാട്ടിയെന്നു സമ്മതിച്ചതു മൂലമുള്ള പേരുദോഷമകറ്റാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ വമ്പൻ പരസ്യ പ്രചാരണത്തിന് ഒരുങ്ങുന്നു. ആഗോളതലത്തിൽ തന്നെ പ്രചാരത്തിലുണ്ടായിരുന്ന ‘ദാസ് ഓട്ടോ’ എന്ന പ്രശസ്ത പരസ്യവാചകം പോലും ഉപേക്ഷിച്ചാവും ‘ഡീസൽഗേറ്റ്’ സൃഷ്ടിച്ച പ്രതിച്ഛായ നഷ്ടത്തെ അതിജീവിക്കാൻ ഫോക്സ്‌വാഗൻ ശ്രമിക്കുക. ‘പുകമറ’ വിവാദത്തിൽ കുടുങ്ങി സ്ഥാനം നഷ്ടമായ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മാർട്ടിൻ വിന്റർകോണാണ് 2007ൽ ‘ദാസ് ഓട്ടോ’ എന്ന ലാളിത്യം തുളുമ്പുന്ന മുദ്രാവാചകം സൃഷ്ടിച്ചത്; ‘ദ് കാർ’ എന്നതിന്റെ ജർമൻ ഭാഷാന്തരമാണ് ‘ദാസ് ഓട്ടോ’. ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിച്ച ‘ഡീസൽഗേറ്റി’ൽ നിന്നു കരകയറാൻ കഴിയുന്നത്ര വിനയാന്‌വിതരാവാൻ ശ്രമിക്കുന്ന ഫോക്സ്‌വാഗന് ‘ഇതാണു കാർ’ എന്ന വിളംബരം ചേരുന്നില്ലെന്നാണ് ഇപ്പോഴത്തെ ചിന്താഗതി.

എങ്കിലും ‘ദാസ് ഓട്ടോ’യുടെ കഥ കഴിഞ്ഞെന്നു ഫോക്സ്‌വാഗൻ പരസ്യമായി സമ്മതിക്കില്ല. പക്ഷേ ഭാവി പരസ്യപ്രചാരണങ്ങളിൽ ഫോക്സ്‌വാഗന്റെ ‘വി ഡബ്ല്യു’ ചിഹ്നത്തിനൊപ്പം ആ വാചകം ഉണ്ടാവില്ലെന്ന് അംഗീകരിക്കുകയും ചെയ്യും. പകരം ‘ഫോക്സ്‌വാഗൻ’ എന്നു മാത്രം ഉപയോഗിക്കാനാണത്രെ കമ്പനിയുടെ തീരുമാനം. ഘട്ടം ഘട്ടമായി ലോക വ്യാപകമായി തന്നെ മുദ്രാവാക്യത്തിലെ മാറ്റം നടപ്പാക്കാനാണു ഫോക്സ്‌വാഗൻ ഒരുങ്ങുന്നത്. യു എസിലെ കർശന മലിനീകരണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുള്ള കാറുകളിൽ പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചെന്നു കഴിഞ്ഞ സെപ്റ്റംബറിലാണു ഫോക്സ്‌വാഗൻ കുറ്റസമ്മതം നടത്തിയത്. തുടർന്ന് ഫോക്സ‌്‌വാഗൻ ഗ്രൂപ്പിൽപെട്ട വിവിധ കമ്പനികൾ നിർമിച്ച ലക്ഷക്കണക്കിനു കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാനും പ്രശ്നം പരിഹരിക്കാനുമൊക്കെയുള്ള തീവ്രശ്രമത്തിലാണു ഗ്രൂപ്.

യു എസും ബ്രിട്ടനും പോലുള്ള വിപണികളിൽ വിൽപ്പന ഇടിയുക കൂടി ചെയ്ത പശ്ചാത്തലത്തിലാണു പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പുതിയ പരസ്യതന്ത്രങ്ങളെപ്പറ്റി ആലോചിക്കാൻ രണ്ടായിരത്തിലേറെ ഗ്രൂപ് മാനേജർമാരെ പങ്കെടുപ്പിച്ചു ഫോക്സ്വാഗൻ വിപുല യോഗം സംഘടിപ്പിച്ചത്. ബ്യുഗാട്ടി സൂപ്പർ കാറുകളും ഡ്യുകാറ്റി മോട്ടോർ സൈക്കിളും സ്കാനിയ ട്രക്കും വരെയുള്ള മോഡലുകൾ ജർമൻ നഗരമായ ഡ്രെസ്ഡെനിൽ നടന്ന ചർച്ചയിൽ പരിഗണിക്കപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.