Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകമറ’ വിവാദം: തന്ത്രങ്ങൾ ഒരുക്കാൻ വിദഗ്ധൻ ഒപെലിൽ നിന്ന്

Thomas Sedran Thomas Sedran

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ‘പുകമറ’ സോഫ്റ്റ്​വെയറിന്റെ സഹായം തേടി പുലിവാലു പിടിച്ച ജർമൻ നിർമാതാക്കളായ ഫോക്സ്​വാഗൻ വിവാദത്തിൽ നിന്നു കരകയറാൻ വഴികൾ തേടുന്നു. പ്രതിസന്ധിയെ അതിജീവിക്കാനുള്ള തന്ത്രങ്ങൾക്കു രൂപം നൽകാൻ എതിരാളികളായ ഒപെലിൽ നിന്നുള്ള തോമസ് സെഡ്രാനെയാണു ഫോക്സ്​വാഗൻ പുതിയ കോർപറേറ്റ് സ്ട്രാറ്റജി മേധാവിയായി നിയോഗിച്ചിരിക്കുന്നത്.

നേരത്തെ മുൻ ജഡ്ജിയായ ക്രിസ്റ്റീൻ ഹോഹ്മാൻ ഡെൻഹാർട്ന്റെ സേവനവും വുൾഫ്സ്ബർഗ് ആസ്ഥാനമായ ഫോക്സ്​വാഗൻ തേടിയിരുന്നു. കൈക്കൂലി വിവാദത്തിൽ കുടങ്ങിയ ഘട്ടത്തിൽ എതിരാളിയായ ഡെയ്മ്​ലർ എ ജിയിൽ ലീഗൽ കംപ്ലയൻസ് വിഭാഗത്തിന്റെ മേൽനോട്ടം വഹിച്ച പരിചയസമ്പത്തുമായാണു ഡെൻഹാർട്ന്റെ വരവ്.

പ്രതിസന്ധിയിലായ കമ്പനികളെ കരകയറാൻ സഹായിക്കുന്ന അലിക്സ് പാർട്ണേഴ്സിൽ മാനേജിങ് ഡയററ്ടറായിരുന്നു സെഡ്രാൻ. 2012ലാണ് അദ്ദേഹം ജനറൽ മോട്ടോഴ്സിന്റെ ഒപെൽ ഡിവിഷനിൽ സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് വിഭാഗം മേധാവിയായി ചുമതലയേറ്റത്.

‘പുകമറ’ വിവാദം പൊട്ടിപ്പുറപ്പെട്ട പിന്നാലെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായിരുന്ന ഹാൻസ് ഡീറ്റർ പോഷിനെ ബോർഡ് ചെയർമാനായി നിയോഗിച്ചത് സംശയങ്ങൾക്കു വഴി തെളിച്ചിരുന്നു. പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരം നിർദേശിക്കാനും കമ്പനിക്കു പുറത്തു നിന്നുള്ളവരുടെ സേവനമാകും പ്രയോജനകരമെന്നായിരുന്നു വിമർശകരുടെ വാദം.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിഞ്ഞ മാർട്ടിൻ വിന്റർകോണിനു പിൻഗാമിയായി കമ്പനി കണ്ടെത്തിയതും ഫോക്സ്​വാഗൻ എ ജിയിൽ ദീർഘകാലമായി ജോലി നോക്കുന്ന മത്തിയാസ് മ്യുള്ളറെയായിരുന്നു.

പരിശോധന നടക്കുന്നെന്നു തിരിച്ചറിഞ്ഞു മലിനീകരണം നിയന്ത്രിക്കാൻ സഹായിക്കുന്ന സോഫ്റ്റ്​വെയർ ഫോക്സ്​വാഗൻ 4.82 ലക്ഷം കാറുകളിൽ ഘടിപ്പിച്ചെന്നായിരുന്നു യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ വെളിപ്പെടുത്തൽ. തുടർന്ന് ലോക വ്യാപകമായി 1.10 കോടിയോളം വാഹനങ്ങളിൽ ഈ ‘പുകമറ’ സോഫ്റ്റ്​വെയറിന്റെ സാന്നിധ്യമുണ്ടെന്നു ഫോക്സ്​വാഗൻ തന്നെ സ്ഥിരീകരിച്ചു. എന്നാൽ ഏതൊക്കെ രാജ്യങ്ങളിലെ മലിനീകരണ നിലവാര പരിശോധന ജയിക്കാനാണു ഫോക്സ്​വാഗൻ ഈ സോഫ്റ്റ്​വെയറിന്റെ സഹായം തേടിയതെന്നു വ്യക്തമല്ല.

‘പുകമറ’ വിവാദത്തിന്റെ പ്രത്യാഘാതമായി പ്രതീക്ഷിക്കുന്ന പിഴശിക്ഷയ്ക്കും പരിഹാര നടപടികൾക്കുമായി 730 കോടി ഡോളർ (ഏകദേശം 47,435 കോടി രൂപ) ഫോക്സ്​വാഗൻ നീക്കിവച്ചിട്ടുണ്ട്. പക്ഷേ പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള യഥാർഥ ചെലവുകൾ ഇതിന്റെ പല മടങ്ങാവുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.