Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയൻ വിലക്ക്: നിയമനടപടിക്കില്ലെന്നു ഫോക്സ്‌വാഗൻ

volkswagen-will-overhaul-430000-cars

കമ്പനിയുടെ വാഹന വിൽപ്പനയ്ക്കു ദക്ഷിണ കൊറിയ ഏർപ്പെടുത്തിയ വിലക്കിനെതിരെ നിയമനടപടി വേണ്ടെന്നു ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ തീരുമാനിച്ചു. ‘ഡീസൽഗേറ്റി’ന്റെ പശ്ചാത്തലത്തിൽ ഫോക്സ്‌വാഗൻ കാറുകളുടെ വിൽപ്പന തടയാൻ കഴിഞ്ഞ മാസമാണു ദക്ഷിണ കൊറിയ തീരുമാനിച്ചത്. ഒപ്പം കമ്പനിക്ക് 1780 കോടി വോൺ(ഏകദേശം 106.83 കോടി രൂപ) പിഴശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കാതെ വിൽപ്പന വിലക്കിയ മോഡലുകൾക്കു പുതിയ സർട്ടിഫിക്കേഷൻ നേടാനാണു ഫോക്സ്‌വാഗന്റെ തീരുമാനം. നിയമനടപടികൾ പൂർത്തിയാവാനുള്ള കാലതാമസം പരിഗണിച്ചാണു പുതിയ സാക്ഷ്യപത്രങ്ങൾ സ്വന്തമാക്കി വാഹന വിൽപ്പന പുനഃരാരംഭിക്കാൻ ശ്രമിക്കുന്നതെന്നു കമ്പനിയുടെ ദക്ഷിണ കൊറിയൻ യൂണിറ്റിന്റെ വക്താവ് വിശദീകരിച്ചു.

ഫോക്സ്‌വാഗൻ, ഔഡി, ബെന്റ്ലി ബ്രാൻഡുകളിലായി 80 മോഡലുകളുടെ സർട്ടിഫിക്കേഷനാണു കഴിഞ്ഞ മാസം കൊറിയൻ സർക്കാർ പിൻവലിച്ചത്. മലിനീകരണ നിയന്ത്രണത്തിലും ശബ്ദ നിലവാരത്തിലും ജർമൻ കമ്പനി വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയെന്ന് ആരോപിച്ചായിരുന്നു നടപടി. അന്നു നടപടിയെ അതീവ ഗൗരവതരമെന്നു വിശേഷിപ്പിച്ച ഫോക്സ്വാഗൻ തീരുമാനത്തിനെതിരെ നിയമ നടപട സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കൊറിയയിലെ ഫോക്സ്‌വാഗൻ വിൽപ്പനയിൽ കനത്ത ഇടിവാണു കഴിഞ്ഞ ജനുവരി — ജൂൺ കാലത്തു രേഖപ്പെടുത്തിയത്. 2015ൽ 17% വർധന കൈവരിച്ച വിപണിയിൽ 2016ന്റെ ആദ്യ പകുതിയിൽ 40% ഇടിവോടെ 12,888 വാഹനങ്ങളാണു ഫോക്സ്‌വാഗൻ വിറ്റത്.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ സോഫ്റ്റ്‌വെയർ സഹായം തേടി ‘പുകമറ’ വിവാദത്തിൽ കുടങ്ങിയതാണു കമ്പനിക്കു വിനയായതെന്നാണു വിലയിരുത്തൽ. അതേസമയം, മലിനീകരണ നിയന്ത്രണത്തിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച കൊറിയൻ പരിസ്ഥിതി മന്ത്രാലയത്തിനെതിരെ ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാൻ മോട്ടോഴ്സ് നിയമ പോരാട്ടത്തിലാണ്. ഡീസൽ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘കാഷ്ക്വെയി’യുടെ മലിനീകരണ നിയന്ത്രണ നിലവാരത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു നിസ്സാനെതിരായ ആക്ഷേപം.