Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 മോഡലുകളുടെ നിർമാണം നിർത്താൻ ഫോക്സ്‌വാഗൻ

volkswagen-will-overhaul-430000-cars

പുതിയ വ്യാപാരതന്ത്രങ്ങളുടെ ഭാഗമായി വരും വർഷങ്ങളിൽ നാൽപതോളം മോഡലുകളുടെ ഉൽപ്പാദനം അവസാനിപ്പിക്കുമെന്നു യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ. ലോകത്തെ മലിനീകരണ വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ 2025 ആകുമ്പോഴേക്കു വൈദ്യുത കാറുകളുടെയും റൈഡ് ഹെയ്‌ലിങ് സംവിധാനത്തിന്റെയും സ്വയം ഓടുന്ന കാറുകളുടെയുമൊക്കെ വികസനം ഊർജിതമാക്കാനാണു ഫോക്സ്‌വാഗന്റെ പദ്ധതി. ഇത്തരം പരിസ്ഥിതി സൗഹൃദ നടപടികൾക്കായി കോടിക്കണക്കിനു യൂറോ നിക്ഷേപിക്കാനുള്ള സന്നദ്ധതയും ഗ്രൂപ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഇത്തരം പുരോഗമന നടപടികളുടെ ഭാഗമായാണു നാൽപതോളം മോഡലുകളുടെ ഉൽപ്പാദനം അവസാനിപ്പിക്കാനും കമ്പനി ആലോചിക്കുന്നത്. ഔഡി, സ്കോഡ, സീറ്റ്, ഫോക്സ്‌വാഗൻ തുടങ്ങിയ ബ്രാൻഡുകളിലായി മൊത്തം മുന്നൂറ്റി നാൽപതോളം മോഡലുകളാണു ഗ്രൂപ് നിലവിൽ ഉൽപ്പാദിപ്പിക്കുന്നത്. അതേസമയം ഏതൊക്കെ മോഡലുകളുടെ ഉൽപ്പാദനമാണ് അവസാനിപ്പിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണു ഫോക്സ്?വാഗൻ വക്താവിന്റെ വിശദീകറണം.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടി ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടുങ്ങിയതോടെയാണു ഫോക്സ്‌വാഗനു വീണ്ടുവിചാരമുണ്ടായതെന്നാണു സൂചന. ഡീസൽ എൻജിനുകളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഘടിപ്പിച്ചെന്നു കഴിഞ്ഞ സെപ്റ്റംബറിലാണു കമ്പനി കുറ്റസമ്മതം നടത്തിയത്. ഇതോടെ ആഗോളതലത്തിൽ 1.10 കോടിയോളം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കുകയും പ്രശ്ന പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ട ഗതികേടിലാണു ഫോക്സ്‌വാഗൻ.