Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നിർമിത ബസ് യൂറോപ്പിൽ വിൽക്കാൻ വോൾവോ

Hakan Agnevall Hakan Agnevall

ഇന്ത്യയെ കയറ്റുമതി കേന്ദ്രമാക്കാൻ സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ വോൾവോ ബസസിനു പദ്ധതി. ജന്മനാടായ യൂറോപ്പിലേക്കും മറ്റു വികസിത വിപണികളിലേക്കും ഇന്ത്യയിൽ നിർമിച്ച ബസ്സുകൾ കയറ്റുമതി ചെയ്യാനാണു വോൾവോയുടെ പദ്ധതി. ബെംഗളൂരുവിനടുത്തുള്ള ശാലയിൽ നിന്നുള്ള ബസ്സുകൾ വൈകാതെ യൂറോപ്പിൽ വിൽപ്പനയ്ക്കെത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. വോൾവോയുടെ തീരുമാനം നടപ്പായാൽ ഇതാദ്യമായിട്ടാവും പൂർണമായും ഇന്ത്യയിലെന്നല്ല ഏഷ്യയിൽ തന്നെ നിർമിച്ച ബസ്സുകൾ യൂറോപ്പിൽ വിൽപ്പനയ്ക്കെത്തുന്നത്.

ഭാവിയിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഗണ്യമായി ഉയർത്താനാവുമെന്നാണു വോൾവോ ബസസിന്റെ കണക്കുകൂട്ടൽ. യൂറോപ്പ് പോലുള്ള വികസിത രാജ്യങ്ങളിൽ ഇന്ത്യയിൽ നിർമിച്ച ബസ് വിൽക്കാനായാൽ കയറ്റുമതി രംഗത്തു വൻ കുതിച്ചുചാട്ടമാവും വോൾവോ ഇന്ത്യ കൈവരിക്കുക. പോരെങ്കിൽ ആഭ്യന്തര വിപണിയിലെ കയറ്റിറക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും കയറ്റുമതിയിലെ മുന്നേറ്റം സഹായകമാകും.

നിലവിൽ ബംഗ്ലദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും ദക്ഷിണാഫ്രിക്കയിലേക്കുമാണു വോൾവോ ഇന്ത്യയിൽ നിർമിച്ച ഇന്റർസിറ്റി കോച്ചുകളും സിറ്റി ബസ്സുകളും കയറ്റുമതി ചെയ്യുന്നത്.

ചൈനയിൽ ബസ് നിർമാണസൗകര്യമുണ്ടെങ്കിലും യൂറോപ്പിലേക്കുള്ള കയറ്റുമതിക്കായി ഇന്ത്യയെ തിരഞ്ഞെടുക്കാനായിരുന്നു വോൾവോയുടെ തീരുമാനം. യന്ത്രഘടക ദാതാക്കളുടെ വൈദഗ്ധ്യവും ചെലവു കുറഞ്ഞ നിർമാണവുമൊക്കെ പ്രയോജനപ്പെടുത്തി തികച്ചും മത്സരക്ഷമമായ വിലകളിൽ ഇന്ത്യൻ നിർമിത ബസ്സുകൾ യൂറോപ്പിൽ വിൽക്കാമെന്നാണു വോൾവോയുടെ കണക്കുകൂട്ടൽ. ഇതോടെ യൂറോപ്പിലെ ഇന്റർസിറ്റി ബസ് വിപണിയിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാവുമെന്നും വോൾവോ കരുതുന്നു. നിലവിൽ വിപണി വാഴുന്ന ഡെയ്മ്​ലറിനെയും ഇവെകോയെയുമൊക്കെ വെല്ലുവിളിക്കാനാണു വോൾവോയുടെ പുറപ്പാട്. പ്രാദേശികമായി നിർമിക്കുന്ന ഈ ബസ് മോഡലുകളെ അപേക്ഷിച്ചു കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ നിന്നുള്ള ബസ്സുകൾ വിൽക്കാനാവുമെന്നാണു വോൾവോയുടെ പ്രതീക്ഷ.

പ്രതിവർഷം അയ്യായിരത്തോളം ഇന്റർസിറ്റി ബസ്സുകളാണു യൂറോപ്പിൽ വിൽക്കുന്നത്. പ്രാദേശികമായ ആവശ്യങ്ങൾ പരിഗണിച്ച് ഇന്ത്യയിൽ ലഭിക്കുന്നതിൽ നിന്നു ചില്ലറ മാറ്റങ്ങളോടെയാവും വോൾവോ ബസ്സുകൾ യൂറോപ്പിലെത്തുകയെന്നു വോൾവോ ബസസ് ഇന്ത്യ പ്രസിഡന്റ് ഹാകെൻ ആഗ്നെവാൽ വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.