Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഷർ മോട്ടോഴ്സ് ഓഹരികൾ വോൾവോ വിറ്റൊഴിഞ്ഞു

Volvo

വാണിജ്യ വാഹന നിർമാതാക്കളായ ഐഷർ മോട്ടോഴ്സിലെ ഓഹരി പങ്കാളിത്തം സ്വീഡനിലെ വോൾവോ എ ബി പൂർണമായും വിറ്റൊഴിഞ്ഞു. ഐഷർ മോട്ടോഴ്സിന്റെ 10 ലക്ഷം ഓഹരികളാണ് വോൾവോയുടെ പക്കലുണ്ടായിരുന്നത്; കമ്പനിയിലെ ഈ 3.7% പങ്കാളിത്തം വിൽക്കുക വഴി ഗോഥൻബർഗ് ആസ്ഥാനമായ വോൾവോ എ ബി 1,731 കോടി രൂപയാണു സ്വന്തമാക്കിയത്.

ഓഹരിക്ക് 17,214.34 രൂപ നിരക്കിൽ വ്യാഴാഴ്ചയായിരുന്നു വിൽപ്പനയെന്ന് ഐഷർ മോട്ടോഴ്സ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. വോൾവോ വിറ്റ ഓഹരികളിൽ 2,64,818 എണ്ണം മൊറീഷ്യസിലെ സിറ്റിഗ്രൂപ് ഗ്ലോബൽ മാർക്കറ്റ്സ് ആണു വാങ്ങിയത്; 17,190 രൂപ വിലയ്ക്കായിരുന്നു ഇടപാട്.

വോൾവോ മാർച്ച് നാലിന് ഐഷർ മോട്ടോഴ്സ് ഓഹരി വിറ്റ വേളയിലും സിറ്റി ഗ്രൂപ് 4,09,675 എണ്ണം വാങ്ങിയിരുന്നു; അന്ന് 15,111 രൂപ വിലയ്ക്കായിരുന്നു ഇടപാട്. മാർച്ചിൽ ഐഷറിലെ 4.6% ഓഹരികളാണു വോൾവോ വിറ്റൊഴിഞ്ഞത്. 2008ലാണു വോൾവോ എ ബി 157 കോടി രൂപ മുടക്കി ഐഷർ മോട്ടോഴ്സിൽ 8.4% ഓഹരി പങ്കാളിത്തം സ്വന്തമാക്കിയത്.

‘ബുള്ളറ്റ്’ ശ്രേണിയിലെ മോട്ടോർ സൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ കൂടി ഉടമസ്ഥരായ ഐഷർ മോട്ടോഴ്സിന്റെ 13.02 ലക്ഷം ഓഹരികളാണു കഴിഞ്ഞ ദിവസം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കൈമാറ്റം ചെയ്യപ്പെട്ടത്. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലാവട്ടെ ഐഷർ മോട്ടോഴ്സിന്റെ 3.31 ലക്ഷത്തിലേറെ ഓഹരികളാണു കൈമാറ്റം ചെയ്യപ്പെട്ടത്.

അതേസമയം ഓഹരി വിൽപ്പനയ്ക്കു ശേഷവും വോൾവോ ഐഷർ കൊമേഴ്സ്യൽ വെഹിക്കിൾസി(വി ഇ സി വി)യുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാവില്ലെന്നു പങ്കാളികളായ വോൾവോ ഗ്രൂപ്പും ഐഷർ മോട്ടോഴ്സും വ്യക്തമാക്കിയിട്ടുണ്ട്. വി ഇ സി വിയുടെ നിക്ഷേപ, വികസന പദ്ധതികൾ മാറ്റമില്ലാതെ തുടരുമെന്നും ഐഷർ മോട്ടോഴ്സ് വിശദീകരിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.