Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

51 വോൾവോ ബസ് കൂടി വാങ്ങാൻ വി ആർ എൽ

volvo-9400-xl Volvo 9400 XL

ഇന്ത്യൻ ആഡംബര ബസ് വിപണിയിൽ നിലനിൽക്കുന്ന ശക്തമായ മത്സരത്തെ അതിജീവിച്ച് പ്രമുഖ ട്രാൻസ്പോർട്ട് കമ്പനിയായ വി ആർ എൽ ലോജിസ്റ്റിക്സിൽ നിന്ന് 51 മൾട്ടി ആക്സിൽ ഇന്റർസിറ്റി കോച്ചുകൾക്കുള്ള കരാർ സ്വീഡിഷ് നിർമാതാക്കളായ വോൾവോ ബസസ് സ്വന്തമാക്കി. ഐ ഷിഫ്റ്റുള്ള ‘9400 എക്സ് എൽ’, ‘9400 പി എക്സ്’ കോച്ചുകളാണു വോൾവോ ബസസിൽ നിന്ന് വി ആർ എൽ ലോജിസ്റ്റിക്സ് വാങ്ങുന്നത്. നിലവിൽ ബെംഗളൂരുവിൽ നിന്നു രാജസ്ഥാനിലെ ജോധ്പൂരിലേക്ക് വോൾവോ ബസ് ഉപയോഗിച്ച് വി ആർ എൽ ലോജിസ്റ്റിക്സ് സർവീസ് നടത്തുന്നുണ്ട്; രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ബസ് സർവീസ് എന്ന പെരുമയും ഈ റൂട്ടിനു സ്വന്തമാണ്. രാജ്യത്തെ അന്തർ നഗര ബസ് യാത്രകളെ നവീകരിക്കുന്നതിൽ എന്നും മുന്നിൽ നിന്ന ചരിത്രമാണ് വി ആർ എൽ ലോജിസ്റ്റിക്സിന്റേതെന്നു കമ്പനിയുമായി പുതിയ കരാർ ഒപ്പിട്ട ശേഷം വോൾവോ ബസസ് മാനേജിങ് ഡയറക്ടർ വി ആർ വി ശ്രീപ്രസാദ് അഭിപ്രായപ്പെട്ടു. വി ആർ എൽ ലോജിസ്റ്റിക്സുമായി ദീർഘകാല ബന്ധമാണു വോൾവോയ്ക്കുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. ദീർഘദൂര യാത്രയ്ക്കുള്ള ബസ് മോഡൽ തിരഞ്ഞെടുക്കുമ്പോൾ വോൾവോ വീണ്ടും വിശ്വാസമർപ്പിച്ചതിന് അദ്ദേഹം കൃതജ്ഞതയും രേഖപ്പെടുത്തി.

volvo-9400-px Volvo 9400 PX

ദീർഘദൂര സർവീസുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണു വോൾവോയുടെ 14.5 മീറ്റർ നീളമുള്ള ‘9400 പി എക്സ്’ കോച്ച്. യാത്രക്കാർക്കും ഡ്രൈവർക്കും സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന കോച്ചിൽ സ്റ്റീയറബിൾ ടാഗ് ആക്സിലുമുണ്ട്. അതേസമയം 2008ൽ അരങ്ങേറ്റം കുറിച്ച ‘9400 എക്സ് എൽ’ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കോച്ച് ആണെന്നും വോൾവോ അവകാശപ്പെടുന്നു. സുരക്ഷയുടെ കാര്യത്തിൽ മുൻനിരയിലുള്ള ബസുകളാണു കമ്പനി ഇന്ത്യയിൽ ലഭ്യമാക്കുന്നതെന്നും വോൾവോ വ്യക്തമാക്കുന്നു. നിയമപരമായി പ്രാബല്യത്തിലെത്തുംമുമ്പു തന്നെ കമ്പനി ഇന്ത്യയിൽ ബസ് ബോഡി കോഡ് നടപ്പാക്കിയിരുന്നെന്നും വോളഅവോ അവകാശപ്പെടുന്നു.

സുരക്ഷയ്ക്കായി പുതിയ സാങ്കേതികവിദ്യകളും കൂടുതൽ സംവിധാനങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം ഡ്രൈവർമാർക്കു മികച്ച പരിശീലനം ലഭ്യമാക്കാനും വോൾവോ ശ്രദ്ധിക്കുന്നുണ്ടെന്നു ശ്രീപ്രസാദ് വെളിപ്പെടുത്തി. നിരത്തുകളിൽ ഡ്രൈവർമാർ കാഴ്ചവയ്ക്കുന്ന പെരുമാറ്റവും ഡ്രൈവിങ് ശൈലിയും അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കരുതുന്നു. ഇതുവരെ ഇരുപത്തി ആറായിരത്തിലേറെ ഡ്രൈവർമാർക്കു വോൾവോ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും ശ്രീപ്രസാദ് അറിയിച്ചു. രാജ്യത്തെ മുൻനിര വാണിജ്യ വാഹന ഉടമകൾക്കൊപ്പം സ്ഥാനമുള്ള വി ആർ എൽ ലോജിസ്റ്റിക്സിന് 373 ബസ്സുകളടക്കം 4,077 വാഹനങ്ങളാണു സ്വന്തമായുള്ളത്. പോരെങ്കിൽ 140 കോച്ചുകളുമായി രാജ്യത്തെ ഏറ്റവും വലിയ വോൾവോ ബസ് ഓപ്പറേറ്റർമാരുമാണു കമ്പനി. പ്രധാനമായും രാജ്യത്തിന്റെ ദക്ഷിണ, പശ്ചിമ മേഖലകളിലാണു വി ആർ എൽ ലോജിസ്റ്റിക്സിനു ശക്തമായ സാന്നിധ്യമുള്ളത്.