Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ‘പുകമറ’ സോഫ്റ്റ്‌വെയറില്ലെന്നു ഫോക്സ്‌വാഗൻ

vw-logo

ഇന്ത്യയിൽ വിറ്റ കാറുകളിലും മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാനായി കൃത്രിമം കാട്ടുന്ന ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ ആരോപണം തള്ളി ജർമൻ വാഹന നിർമാതാക്കളായ ഫോക്സ‌്‌വാഗൻ. ‘ഡീസൽഗേറ്റ്’ വിവാദത്തിന്റെ പേരിൽ 2008 — 2015 കാലത്തു രാജ്യത്തു വിറ്റ ഡീസൽ എൻജിനുള്ള 3.23 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു ‘പുകമറ’ സോഫ്റ്റ്‌വ‌െയറിന്റെ സാന്നിധ്യം നിഷേധിച്ചുള്ള ഫോക്സ്‌വാഗൻ ഇന്ത്യയുടെ വിശദീകരണം. അതേസമയം ഇന്ത്യയിൽ വിറ്റ കാറുകളിലും മലിനീകരണ നിലവാരം മറച്ചു വയ്ക്കുന്ന ‘പുകമറ’ സോഫ്റ്റ്‌വ‌‌െയറിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഇതേപ്പറ്റി പഠനം നടത്തിയ ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഫോക്സ‌്‌വാഗനു പുറമെ ഔഡി, സ്കോഡ ബ്രാൻഡുകളിൽപെട്ടവയുമടക്കം ലക്ഷക്കണക്കിനു കാറുകൾ തിരിച്ചു വിളിച്ചു പരിശോധിക്കുന്നതു ‘പുകമറ’ സോഫ്റ്റ്‌വെയറിന്റെ പേരില്ലല്ലെന്നും കമ്പനി വാദിക്കുന്നു. യൂറോപ്പിലടക്കം ഇ എ 189 ശ്രേണിയിലെ എൻജിനുകളിൽ ഫോക്സ്‌വാഗൻ എ ജി നടപ്പാക്കുന്ന പരിഷ്കാരങ്ങൾ വരുത്താൻ വേണ്ടിയാണത്രെ ഇന്ത്യയിലും ഇത്തരം എൻജിനുള്ള കാറുകൾ തിരിച്ചുവിളിക്കുന്നത്. രണ്ടു ലീറ്റർ എൻജിനുകളിൽ സോഫ്റ്റ്വെയർ പരിഷ്കരിക്കാനും 1.5, 1.6 ലീറ്റർ എൻജിനുകളിൽ എയർ മാസ് സെൻസറിനു മുന്നിലായി ഫ്ളോ ട്രാൻസ്ഫോമർ ഘടിപ്പിക്കാനുമാണു പദ്ധതിയെന്നു ഫോക്സ്‌വാഗൻ ഇന്ത്യ വിശദീകരിച്ചു. കൂടാതെ ശേഷി കുറഞ്ഞ എൻജിനുകളിലെ സോഫ്റ്റ്‌വെയറിലും ചില പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ട്.

പോരെങ്കിൽ ഫോക്സ‌്‌വാഗൻ, സ്കോഡ, ഔഡി ബ്രാൻഡ് കാറുകൾ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരം പാലിക്കുന്നുണ്ടെന്ന് എ ആർ എ ഐയുടെ നിരീക്ഷണത്തിൽ ഫോക്സ്‌വാഗൻ ഗ്രൂപ് ഇന്ത്യ നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായും കമ്പനി അവകാശപ്പെട്ടു. അതേസമയം ഫോക്സ്‌വാഗൻ ഗ്രൂപ് ഓഫ് കമ്പനീസ് ഇ എ 189 എൻജിനോടെ ഇന്ത്യയിൽ നിർമിച്ചു വിറ്റ ഡീസൽ വാഹനങ്ങളിൽ വിവാദമായ ‘ഡിഫീറ്റ് ഡിവൈസ്’ ഘടിപ്പിച്ചിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനമെന്നായിരുന്നു കഴിഞ്ഞ ഒന്നിന് കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ പിന്നീട് വാഹനങ്ങളിൽ ‘ഡിഫീറ്റ് ഡിവൈസ്’കണ്ടത്തിയെന്നു പറഞ്ഞില്ലെന്നു കേന്ദ്ര ഘന വ്യവസായ അഡീഷനൽ സെക്രട്ടറി അംബുജ് ശർമ നിലപാട് മാറ്റി. എ ആർ എ ഐ നടത്തിയ പരിശോധനയിൽ മലിനീകരണ നിലവാരത്തിൽ വ്യതിയാനം കണ്ടെത്തിയെന്നും ഇത് ‘ഡിഫീറ്റ് ഡിവൈസി’ന്റെ സാന്നിധ്യത്തിനു തെളിവാകാമെന്നുമായിരുന്നു ശർമയുടെ വിശദീകരണം. എന്തായാലും പ്രശ്നത്തിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള തുടർനടപികൾക്കായി എ ആർ എ ഐയുടെ കണ്ടെത്തലുകൾ നിലവിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.