Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുകമറ’ വിവാദം: സമഗ്ര പരിഷ്കാരം 4.30 ലക്ഷം കാറുകളിൽ

volkswagen-will-overhaul-430000-cars

യു എസിൽ നിലവിലുള്ള മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാൻ കമ്പനി വിറ്റ 4.30 ലക്ഷത്തോളം ഡീസൽ കാറുകൾ സമഗ്രമായി പരിഷ്കരിക്കേണ്ടി വരുമെന്നു ഫോക്സ്​വാഗൻ എ ജി. അധിക ടാങ്കോ സമാന ഉപകരണങ്ങളോ ഘടിപ്പിക്കുന്നതു പോലുള്ള ചെലവേറിയ നടപടികളാണു പരിഹാരമെന്നും പ്രശ്ന പരിഹാരത്തിനു വർഷങ്ങൾ വേണ്ടി വരുമെന്നും കമ്പനി യു എസ് കോൺഗ്രസ് സമിതിയെ അറിയിച്ചു.

യു എസിൽ നിലനിൽക്കുന്ന കർശന മലിനീകരണ നിയന്ത്രണ പരിശോധനയെ മറികടക്കാൻ സോഫ്റ്റ്​വെയറിൽ കൃത്രിമം കാട്ടുകയാണു ഫോക്സ്​വാഗൻ ചെയ്തത്. എന്നാൽ സോഫ്റ്റ്​വെയർ പരിഷ്കരിച്ചു മാത്രം പ്രശ്നം പരിഹരിക്കാനാവില്ലെന്നു ഫോക്സ്​വാഗൻ ഓഫ് അമേരിക്ക പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മൈക്കൽ ഹോൺ വെളിപ്പെടുത്തി. കാറിന്റെ പിൻഭാഗത്തു പരിഷ്കരിച്ച കാറ്റലിറ്റിക് കൺവെർട്ടറുകളോ യൂറിയ ടാങ്കുകളോ ഘടിപ്പിച്ചു മലിനീകരണ നിയന്ത്രണ വിധേയമാക്കാനുള്ള മാർഗങ്ങളാണു ഫോക്സ്​വാഗൻ തേടുന്നത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും മാർഗം തെളിഞ്ഞാൽ റഗുലേറ്റർമാരുമായി ചർച്ച നടത്തുമെന്നും ഹോൺ സമിതിയെ അറിയിച്ചു.

വാഹന ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിനൊപ്പം ‘പുകമറ സോഫ്റ്റ്​വെയർ’ മൂലം കാറിന്റെ പ്രകടനത്തിലുണ്ടായ പോരായ്മകൾ പരിഹരിക്കുമെന്നും ഹോൺ വ്യക്തമാക്കി. കഴിഞ്ഞ 18ന് യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ)യും കലിഫോണിയ എയർ റിസോഴ്സസ് ബോഡും ഫോക്സ്​വാഗനെതിരെ അന്വേഷണം പ്രഖ്യാപിച്ച ശേഷം നടക്കുന്ന ആദ്യ തെളിവെടുപ്പിലാണു ഹോൺ കമ്പനിയുടെ നിലപാട് വിശദീകരിച്ചത്.

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഹോൺ ‘പുകമറ സോഫ്റ്റ്​വെയർ വിവാദ’ത്തെപ്പറ്റി ആഭ്യന്തരതലത്തിൽ വിശദ അന്വേഷമവും വാഗ്ദാനം ചെയ്തു. കൃത്രിമം നടന്ന കാറുകളുടെ തകരാർ എപ്പോൾ പരിഹരിക്കുമെന്നു വ്യക്തമാക്കാൻ അദ്ദേഹത്തിനായില്ല. സോഫ്റ്റ്​വെയർ തകരാർ പരിഹരിക്കാനുള്ള നടപടി അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്നും ഹാർഡ്​വെയർ തലത്തിലെ മാറ്റങ്ങൾ വർഷത്തിന്റെ മധ്യത്തോടെയോ അതിനു ശേഷമോ തുടങ്ങുമെന്നുമായിരുന്നു ഹോണിന്റെ മറുപടി.

യു എസിലെ മലിനീകരണ നിയന്ത്രണം കൈവരിക്കില്ലെന്നു ബോധ്യമായതിനെ തുടർന്നാവാം കാറുകളിൽ സോഫ്റ്റ്​വെയർ ഘടിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തകരാറുള്ള കാറുകൾ കമ്പനി മടക്കി വാങ്ങില്ലെന്നും പകരം പോരായ്മ പരിഹരിക്കാനാവും ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ മൂന്നിന് ഇ പി എയുമായുള്ള യോഗത്തിനു മുമ്പു മാത്രമാണ് ‘പുകമറ സോഫ്റ്റ്​വെയറി’ന്റെ സാന്നിധ്യത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു.

സോഫ്റ്റ്​വെയറിലെ തിരിമറി കോർപറേറ്റ് തലത്തിലുള്ള തീരുമാനമായിരുന്നില്ലെന്നു ഹോൺ വിശദീകരിച്ചു; ജർമനിയിലെ ചില സോഫ്റ്റ്​വെയർ എൻജിനീയർമാർക്കു മാത്രമാണ് ഇതേപ്പറ്റി അറിവുണ്ടായിരുന്നത്. സീനിയർ മാനേജ്മെന്റിന് ഇതേപ്പറ്റി അറിയില്ലായിരുന്നെന്നു പറയുന്നതു വിശ്വസിക്കാൻ പ്രയാസമാണെന്ന സമിതിയുടെ നിലപാട് ഹോൺ അംഗീകരിച്ചു.

‘പുകമറ സോഫ്റ്റ്​വെയർ’ വിവാദത്തെ തുടർന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവായിരുന്ന മാർട്ടിൻ വിന്റർകോൺ സ്ഥാനമൊഴിഞ്ഞിരുന്നു. നിർമാണ തകരാറുള്ള കാറുകൾ തിരിച്ചുവിളിച്ചു പരിശോധിച്ചു പ്രശ്നം പരിഹരിക്കാൻ 730 കോടി ഡോളർ(47,312 കോടിയോളം രൂപ) ആണു ചെലവ്പ്രതീക്ഷിക്കുന്നത്. പോരെങ്കിൽ ക്ലീൻ എയർ ആക്ട് പ്രകാരം ഫോക്സ്​വാഗൻ 1800 കോടി ഡോളർ(1.17 ലക്ഷം കോടി രൂപ) പിഴ അടയ്ക്കേണ്ടി വരുമെന്നും സൂചനയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.