Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൺലപ്, ജെസ്സോപ് ജീവനക്കാർക്ക് ഇടക്കാലാശ്വാസം

dunlop

പ്രതിസന്ധിയിലായി പ്രവർത്തനം നിലച്ച ഡൺലപിലെയും ജെസ്സോപ്പിലെയും ജീവനക്കാർക്ക് അടിയന്തരമായി ഇടക്കാലാശ്വാസം അനുവദിക്കുമെന്നു പശ്ചിമ ബംഗാൾ സർക്കാർ. ജീവനക്കാർക്ക് മാസം തോറും 10,000 രൂപ വീതം സഹായം അനുവദിക്കാനുള്ള ബില്ലാണു ബംഗാൾ നിയമസഭ അംഗീകരിച്ചത്. ജെസ്സോപ്പിന്റെയും ഡൺലപിന്റെയും മാസ്റ്റർ റോളിൽ പേരുള്ള ജീവനക്കാർക്കെല്ലാം 10,000 രൂപ നിരക്കിൽ ഇടക്കാലാശ്വാസം അനുവദിക്കാനാണു സർക്കാർ തീരുമാനം. സംസ്ഥാന വ്യവസായ പുനഃരുദ്ധാരണ വകുപ്പിന്റെ നേതൃത്വത്തിലാവും സഹായധന വിതരണമെന്ന് ബംഗാളിലെ ധനകാര്യ, വ്യവസായ മന്ത്രി അമിത് മിശ്ര അറിയിച്ചു. ആയിരത്തോളം ജീവനക്കാർക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിർണായക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണു ടയർ നിർമാതാക്കളായ ഡൺലപ് ഇന്ത്യയെയും എൻജിനീയറിങ് കമ്പനിയായ ജെസ്സോപിനെയും ഏറ്റെടുക്കാൻ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചത്. പവൻ റൂയിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടു വ്യവസായ യൂണിറ്റുകളും ഏറ്റെടുക്കാനുള്ള ബില്ലുകൾ ശനിയാഴ്ചയാണു നിയമസഭ അംഗീകരിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള എൻജിനീയറിങ് കമ്പനിയാണു ജെസ്സോപ്; 228 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയാണു കൊൽക്കത്തയുടെ മുഖമുദ്രയായ ഹൗറ ബ്രിജും ഹൂഗ്ലി നദിക്കു കുറുകെയുള്ള വിദ്യാസാഗർ പാലവുമൊക്കെ നിർമിച്ചത്.

ഡൺലപ് ഇന്ത്യ ലിമിറ്റഡ് വാങ്ങി 2005ലാണു റൂയിയ ഗ്രൂപ് ടയർ നിർമാണ മേഖലയിൽ പ്രവേശിച്ചത്. മനോഹർ രാജാറാം ഛബ്രിയയുടെ പക്കൽ നിന്നാണു ഗ്രൂപ് ഈ സ്ഥാപനം ഏറ്റെടുത്തത്. ഹൂഗ്ലി ജില്ലയിലെ സഹജ്ഗഞ്ചിലും തമിഴ്നാട്ടിലെ അംബത്തൂരിലും ഡൺലപ്പിനുള്ള പ്ലാന്റുകൾ ഏറെ നാളായി അടഞ്ഞുകിടക്കുകയാണ്. ജെസ്സോപും ഡൺലപ്പും തുറന്നു പ്രവർത്തിപ്പിക്കാൻ റൂയിയ ഗ്രൂപ് തീവ്രശ്രമം നടത്തിയിരുന്നു. എന്നാൽ പ്രവർത്തനം നിലനിർത്താനാവാത്ത സാഹചര്യം വന്നതോടെയാണു കമ്പനികൾ ബംഗാൾ സർക്കാരിനു കൈമാറേണ്ടി വന്നത്.

Your Rating: