Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലവിമാനം സെപ്റ്റംബറിൽ

water-sea-plane-mumbai

കൊച്ചി ∙ ജലവിമാന (സീപ്ലെയിൻ) സർവീസ് അടുത്ത ടൂറിസം സീസൺ തുടങ്ങുന്ന സെപ്റ്റംബറിൽ ആരംഭിച്ചേക്കും. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് (കെടിഐഎൽ) പദ്ധതി നടപ്പാക്കുന്നത്.

ടൂറിസ്റ്റുകളെക്കാൾ സംസ്ഥാനത്തിനകത്തു നിന്നു തന്നെ യാത്രികരെ ലഭിക്കുമെന്നതാണു ജലവിമാനത്തിന്റെ പ്രധാന ആകർഷണം. ഗതാഗതക്കുരുക്കു കാരണം റോഡ് മാർഗം യാത്ര ഉപേക്ഷിക്കേണ്ടി വരുന്നവർക്കു മിനിറ്റുകൾകൊണ്ടു വിമാനത്തിലെത്താമെന്നത് ആവശ്യം സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല, വിമാനക്കമ്പനികളുടെ സൗകര്യം നോക്കിനിൽക്കാതെ ഇഷ്ടമുള്ള സമയത്തു യാത്ര നടത്തുകയും ചെയ്യാം. ഒൻപതു സീറ്റുകളുള്ള വിമാനത്തിൽ തിരുവനന്തപുരം–കൊച്ചി റൂട്ടിൽ 5000 മുതൽ 6000 രൂപയാണു പ്രതീക്ഷിക്കുന്ന നിരക്ക്.

നേരത്തേ കൈരളി ഏവിയേഷനും വിങ്സ് ഏവിയേഷനും രംഗത്തുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിൽ കൊല്ലത്ത് അഷ്ടമുടിക്കായലിൽ നിന്നു വിമാനം പറത്തിയതു കൈരളി ഏവിയേഷനാണ്. പക്ഷേ, ആലപ്പുഴയിൽ ഏതാനും മൽസ്യത്തൊഴിലാളികളുടെ എതിർപ്പു മൂലം പദ്ധതി മരവിക്കുകയായിരുന്നു.

പരിസ്ഥിതി ആഘാതത്തെക്കുറിച്ചു പഠനം നടത്തിയ വിദഗ്ധ സമിതിയും അനുകൂല റിപ്പോർട്ട് നൽകിയിരുന്നു. സർവീസ് നടത്തുന്നവർക്ക് ആനുകൂല്യങ്ങളോടെയാണു മന്ത്രിസഭായോഗം ഇക്കുറി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.തലസ്ഥാനത്ത് വിമാനത്താവളത്തിൽ നിന്നു തന്നെയാവും ജലവിമാനം സർവീസ് നടത്തുക.

കൊല്ലത്ത് അഷ്ടമുടിക്കായലിലും ആലപ്പുഴയിൽ പുന്നമടയിലും കൊച്ചിയിൽ ബോൾഗാട്ടിയിലും മൂന്നാറിലെ തടാകത്തിലും ബേക്കലിലും വിമാനം ഇറങ്ങും. കോഴിക്കോട്ടും വിമാനത്താവളത്തിൽ നിന്നാവും സർവീസ്. ഔദ്യോഗിക കാര്യങ്ങൾക്കായി വകുപ്പു മേധാവികൾക്കു ജലവിമാനം ഉപയോഗിക്കാനും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേരളത്തിൽ മാത്രമാണു വിശദമായ പഠനത്തിനു ശേഷം സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) ജലവിമാന സർവീസിന് അനുമതി നൽകിയിട്ടുള്ളത്. മഹാരാഷ്ട്രയും ഗോവയും ശ്രമിച്ചെങ്കിലും ഡിജിസിഎ അനുമതി ലഭിച്ചിട്ടില്ല.

ഒരു വർഷത്തേക്കു സർക്കാർ ആനുകൂല്യങ്ങൾ

∙തിരുവനന്തപുരം∙ ജലവിമാന പദ്ധതിയുമായി മുന്നോട്ടുപോകാനും പദ്ധതി നടപ്പാക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന കമ്പനികളുമായി ചർച്ച ചെയ്തു തുടർനടപടി സ്വീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ജലവിമാനത്തോടു പ്രാദേശികമായി ഉണ്ടായിരുന്ന എതിർപ്പു മാറ്റാൻ എല്ലാവരുമായും ചർച്ച നടത്തിയെങ്കിലും എതിർപ്പു പൂർണമായി മാറിയെന്ന് അവകാശപ്പെടുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഇക്കാര്യത്തിൽ അഭിപ്രായസമന്വയം ഉണ്ടാക്കും. എതിർപ്പില്ലാത്ത പ്രദേശങ്ങളിൽ ജലവിമാന പദ്ധതിക്കു തുടക്കമിടാനാണു തീരുമാനം. പുതുമയുള്ള രീതിയിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യകാലത്തു താൽപര്യം പ്രകടിപ്പിച്ചിരുന്ന കമ്പനികൾ പിന്മാറിയ സാഹചര്യത്തിൽ സർക്കാർ വീണ്ടും പരസ്യം നൽകുമെന്നു മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

ഇതിൽ ആദ്യം വരുന്ന രണ്ടു കമ്പനികൾക്ക് ഒരു വർഷത്തേക്കു സർക്കാർ ആനുകൂല്യങ്ങൾ നൽകും. വിമാനത്തിൽ ആവശ്യത്തിനു യാത്രക്കാരില്ലെങ്കിൽ നാലു സീറ്റിന്റെ തുക സർക്കാർ നൽകുന്ന പാക്കേജ് ആണ് ആദ്യത്തെ ആനുകൂല്യം. ഒപ്പം വിമാന ഇന്ധനത്തിനു നികുതിയിളവും നൽകും.

ആദ്യം എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഈ മേഖലയിലെ കമ്പനികളെ കേരളത്തിലേക്കു നിർബന്ധിച്ചു കൊണ്ടുവരേണ്ട സാഹചര്യമാണെന്ന് അനിൽകുമാർ പറഞ്ഞു. അവർ താൽപര്യം കാട്ടിയാൽ കരാർ ഒപ്പുവയ്ക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.