Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂബറിന്റെ ചരിത്രം തിരുത്തി വനിതാ ഡ്രൈവർ

Uber

യൂബർ ടാക്സി നഗരത്തിനുള്ളിലെ ഹ്രസ്വദൂര ഓട്ടത്തിലൊതുങ്ങുമെന്നാണെല്ലോ പൊതുവേയുള്ള ധാരണ. എന്നാൽ ഇനി ആ ധാരണ തിരുത്താം; അമേരിക്കയിലൊരു വനിതാ ഡ്രൈവറും യാത്രക്കാരിയും ഏതാണ്ട് എട്ടു മണിക്കൂർ കൊണ്ട് 644 കിലോമീറ്റർ താണ്ടി യൂബറിന്റെ ചരിത്രത്തിലെ ഏറ്റവും നീളൻ ഓട്ടം നടത്തി. വെർജിനിയയിലെ വില്യംസ് ബർഗിൽനിന്നാണ് ഡ്രൈവർ ജാനിസ് റോജേഴ്സി (64) ന് ‘സാഹസിക’ യാത്രക്കാരിയെ കിട്ടിയത്. ‘വടക്കോട്ട് എത്ര ദൂരം പോകാനാകും’ എന്നു ചോദിച്ച യാത്രക്കാരിയോട് ദൂരം ഒരു പ്രശ്നമേയല്ലെന്നു ജാനിസ് മറുപടി നൽകി. യൂബർ ടാക്സികളുടെ ശരാശരി ഓട്ടം 8.7 കിലോമീറ്ററാണ്.

ബോയ് ഫ്രണ്ടിനെ കാണാൻ ന്യൂയോർക്ക് ബ്രൂക്‌ലിനിലേക്കാണു തനിക്കു പോകേണ്ടതെന്നു 19–20 വയസ്സ് തോന്നിക്കുന്ന യാത്രക്കാരി പറഞ്ഞതോടെ ജാനിസിന്റെ 2005 മോഡൽ പ്രയസ് കാർ പ്രയാണം തുടങ്ങി. 7 മണിക്കൂർ 42 മിനിറ്റ് ദൂരം ഓടി ലക്ഷ്യത്തിലെത്തിയപ്പോൾ നിരക്ക് വെറും 294 ഡോളർ. ന്യൂയോർക്കിലെ മഞ്ഞ ടാക്സികൾ ഈ ദൂരം പോകാൻ ഏതാണ്ട് 1200 ഡോളർ വാങ്ങും.

യാത്രയ്ക്കൊടുവിൽ യുവതി ടിപ് ഒന്നും നൽകാതെ ഗുഡ്നൈറ്റ് പറഞ്ഞു പോയപ്പോൾ, ജാനിസ് തിരികെ വെർജിനിയയിലെ വീട്ടിലേക്ക് വച്ചുപിടിച്ചു. അങ്ങനെ ആകെ പതിനഞ്ചര മണിക്കൂർ ഓട്ടം തികച്ചിട്ടേ അവർ ആഹാരം കഴിക്കുകപോലും ചെയ്തുള്ളൂ. സാമ്പത്തിക നേട്ടം കുറവായിരുന്നെങ്കിലും ഹരം പകർന്ന ഡ്രൈവായിരുന്നെന്നാണു ജാനിസിന്റെ പക്ഷം.

Your Rating: