Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും വലിയ 'ഉഭയവിമാന'വുമായി ചൈന

ag-600-largest-plane 2016 ചൈന എയർഷോയിൽ എജി 600 വിമാനം പ്രദർശിപ്പിച്ചപ്പോള്‍

കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുയരാനും കഴിയുന്ന തരം ലോകത്തിലെ ഏറ്റവും വലിയ വിമാനം ചൈനയിൽ നിർമാണം പൂർത്തിയായി. എൻജിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിമാനം ഈ വർഷം പകുതിയോടെ ആദ്യ പറക്കൽ നടത്തും. എജി 600 എന്നു പേരിട്ട 'ഉഭയവിമാനം' കഴിഞ്ഞ ജൂലൈയിൽ ചൈനയുടെ ദക്ഷിണനഗരമായ സുഹായിലാണു നിർമാണം ആരംഭിച്ചത്. 37 മീറ്റർ നീളമുള്ള വിമാനത്തിന്റെ ചിറകുകൾ 38.8 മീറ്ററാണ്. ബോയിങ് 737ന്റെ വലുപ്പം വരും. ഏവിയേഷൻ ഇന്റസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയാണ് വിമാനത്തിന്റെ നിർമാതാക്കൾ.

ag-600-largest-plane-1 AG 600

അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കാണ് ഉഭയവിമാനങ്ങൾ ഉപയോഗിക്കുക. വിമാനത്തിന് 53.5 ടൺ ഭാരവുമായി പറന്നുയരാം. 20 സെക്കൻഡ് കൊണ്ടു 12 ടൺ വെള്ളം ശേഖരിക്കാനുമാകും. 53000 കിലോഗ്രാം ഭാരത്തോടെ പറന്നുയരാൻ സാധിക്കുന്ന വിമാനത്തിന്റെ 5500 കിലോമീറ്റർ വരെ ഒറ്റയടിക്ക് സഞ്ചരിക്കാനാവും. 5103 എച്ച്പി കരുത്തു വീതമുള്ള നാല് ഡബ്ല്യുജെ–6 ടർബോപ്രോപ്സ് എൻജിൻ കരുത്തു പകരുന്ന വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 570 കിലോമീറ്ററാണ്. 50 പേർക്കാണ് വിമാനത്തിൽ സഞ്ചരിക്കാനാവുക.

സാങ്കേതിക വിദഗ്ധരുടെ 70 അംഗസംഘം ഏഴുവർഷം കൊണ്ടാണു വിമാനത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നേരത്തെ 2015ൽ വിമാനത്തിന്റെ പരീക്ഷണപ്പറക്കൽ തീരുമാനിച്ചതാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. 2016 ചൈന എയർഷോയിൽ വിമാനം പ്രദർശിപ്പിച്ചിരുന്നു.