Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫാസിനൊ’ സ്കൂട്ടറുമായി യമഹ

Yamaha Fascino Yamaha Fascino

സ്കൂട്ടർ വിപണിയിൽ സാന്നിധ്യം ശക്മാക്കാൻ ലക്ഷ്യമിട്ടു ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോർ(ഐ വൈ എം) പ്രൈവറ്റ് ലിമിറ്റഡ് ‘ഫാസിനൊ’ പുറത്തിറക്കി. ഹോണ്ടയുടെ ‘ആക്ടീവ’, ടി വി എസിന്റെ ‘ജുപ്പീറ്റർ’, സുസുക്കിയുടെ ‘അക്സസ്’, ഹീറോയുടെ ‘മാസ്ട്രോ’ തുടങ്ങിയവയെ നേരിടാനെത്തുന്ന സ്കൂട്ടറിനു ഡൽഹി ഷോറൂമിൽ 52,500 രൂപയാണു വില.

മോഹിപ്പിക്കുന്നത് എന്നർഥമുള്ള ഇറ്റാലിയൻ വാക്കിൽ നിന്നാണു യമഹ പുതിയ സ്കൂട്ടറിന് ‘ഫാസിനൊ’ എന്ന പേരു കണ്ടെത്തിയതെന്നാണു സൂചന. സ്റ്റൈൽ മോഹികളായ യുവതലമുറയെ, പ്രത്യേകിച്ചു യുവതികളെയാണു ‘ഫാസിനൊ’യിലൂടെ യമഹ ലക്ഷ്യമിടുന്നത്. കാഴ്ചപ്പകിട്ടിനായി സ്കൂട്ടറിന്റ ‘വി’ ആകൃതിയുള്ള എയർ ഇൻടേക്കിനു ക്രോമിയം സ്പർശം പകരാനും യമഹ ശ്രമിച്ചിട്ടുണ്ട്. കണ്ണുകളെ ഓർമിപ്പിക്കുന്ന ആകൃതിയാണു ‘ഫാസിനൊ’യുടെ ഹെഡ്ലാംപിന്. പഴമയുടെ പകിട്ടികോനായി സ്കൂട്ടറിലെ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനു വെള്ള നിറമാണു യമഹ തിരഞ്ഞെടുത്തിരിക്കുന്നത്.

യമഹയുടെ ഇന്ത്യൻ ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ സ്കൂട്ടർ എന്ന പെരുമയോടെയാണു ‘ഫാസിനൊ’ എത്തുന്നത്. 103 കിലോഗ്രാം ഭാരമുള്ള സ്കൂട്ടറിന് ബ്ലൂകോർ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ലീറ്ററിന് 66 കിലോമീറ്ററാണു യമഹ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ‘റേ’, ‘റേ സീ’, ‘ആൽഫാ’ എന്നിവയുടെ പിൻഗാമിയായി നിരത്തിലെത്തുന്ന ‘ഫാസിനൊ’ റോഗ് റെഡ്, സാസി സ്യാൻ, ഹോട്ട് വൈറ്റ്, കൂൾ കൊബാൾട്ട്, ടക്സെഡൊ ബ്ലാക്ക് എന്നീ അഞ്ചു നിറങ്ങളിൽ വിൽപ്പനയ്ക്കുണ്ടാവും.

‘ഫാസിനൊ’യിലെ 113 സി സി, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിന് 7,500 ആർ പി എമ്മിൽ പരമാവധി 7.1 പി എസ് കരുത്തും 5,000 ആർ പി എമ്മിൽ 8.1 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. സി വി ടി ഗീയർബോക്സാണു ട്രാൻസ്മിഷൻ. സ്കൂട്ടറിനു മുന്നിൽ ടെലിസ്കോപിങ് ഫോർക്കും പിന്നിൽ ഇരട്ട ഷോക് അബ്സോബറുമാണു സസ്പെൻഷൻ. മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾ മാത്രമാണു ‘ഫാസിനൊ’യിലുള്ളത്. സ്കൂട്ടറിൽ പക്ഷേ ട്യൂബ്രഹിത ടയർ യമഹ ലഭ്യമാക്കിയിട്ടില്ല.

Fascino

‘ഫാസിനൊ’യ്ക്ക് 1815 എം എം നീളവും 675 എം എം വീതിയും 1120 എം എം ഉയരവുമാണുള്ളത്; സീറ്റിന്റെ ഉയരം 775 എം എം ആണ്. 1270 എം എമ്മാണു വീൽ ബേസ്. 5.2 ലീറ്ററാണ് ഇന്ധനടാങ്കിന്റെ സംഭരണ ശേഷി.

ചെന്നൈയിൽ പ്രവർത്തനക്ഷമമാവുന്ന പുതിയ ശാലയിൽ നിന്നാണു ‘ഫാസിനൊ’ പുറത്തെത്തുന്നത്. മൂന്നു വർഷം വരെ ദീർഘിപ്പിക്കാൻ അവസരമുള്ള രണ്ടു വർഷ വാറന്റിയും സ്കൂട്ടറിനൊപ്പം യമഹ വാഗ്ദാനം ചെയ്യുന്നുണ്ട്. മിക്കവാറും ഈ മാസാവസാനത്തോടെ രാജ്യവ്യാപകമായി യമഹ ഷോറൂമുകളിൽ ‘ഫാസിനൊ’ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.