Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമഹ ഇന്ത്യയുടെ രണ്ടാമത് ആർ ആൻഡ് ഡി കേന്ദ്രം ചെന്നൈയിൽ

yamaha-yzf-r3-bike

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ മോട്ടോറിന്റെ ഇന്ത്യയിൽ രണ്ടാമത്തെ ഗവേഷണ, വികസന(ആർ ആൻഡ് ഡി) കേന്ദ്രം തുറന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ കമ്പനി സ്ഥാപിച്ച പുതിയ വാഹന നിർമാണശാലയ്ക്കൊപ്പമാണ് ഈ ആർ ആൻഡ് ഡി കേന്ദ്രം പ്രവർത്തിക്കുക. ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി 2018നുള്ളിൽ ഇന്ത്യയിൽ 1,500 കോടി രൂപയുടെ നിക്ഷേപം യമഹ മോട്ടോർ വാഗ്ദാനം ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് 66 കോടി രൂപ ചെലവിലാണ് പുതിയ ഗവേഷണ, വികസന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. പ്രോട്ടോടൈപ് ടെസ്റ്റിങ്, വാലിഡേഷൻ എന്നിവയ്ക്കായി അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രത്തിൽ ഇന്ത്യൻ റോഡ് സാഹചര്യങ്ങൾ അനുകരിച്ചു തയാറാക്കിയ വിപുല ടെസ്റ്റ് ട്രാക്കും ലഭ്യമാണ്.

ഇന്ത്യയിലെ രണ്ടു ഗവേഷണ, വികസന കേന്ദ്രങ്ങളുടെയും വിഭവങ്ങളും ശേഷിയും പൂർണമായും വിനിയോഗിച്ച് രാജ്യത്തെ ഉൽപ്പാദന ശേഷിയും നിലവാരവും ഗണ്യമായി ഉയർത്തുകയാണു ലക്ഷ്യമെന്നു യമഹ മോട്ടോർ വെളിപ്പെടുത്തി. യമഹ മോട്ടോർ റിസർച് ആൻഡ് ഡവലപ്മെന്റ് ഇന്ത്യ(വൈ എം ആർ ഐ)യിലൂടെ ഇന്ത്യയ്ക്കൊപ്പം ആഗോള വിപണികളിലെ ഉപയോക്താക്കൾക്കു കൂടി സ്വീകാര്യമായ വാഹനങ്ങൾ വികസിപ്പിക്കുകയാണു കമ്പനിയുടെ ദീർഘകാല പദ്ധതി. മത്സരക്ഷമമായ വിലകളിൽ ലഭ്യമാവുന്ന വാഹനങ്ങൾ വികസിപ്പിക്കുന്ന ‘മൂല്യവത്തായ വികസന കമ്പനി’യായി വൈ എം ആർ ഐയെ വളർത്താനാണു യമഹയുടെ മോഹം.

തുടക്കത്തിൽ ഇന്ത്യയ്ക്കായും ക്രമേണ ആഗോള വിപണികൾക്കായുമുള്ള പുത്തൻ മോഡലുകൾ വികസിപ്പിക്കുകയാണു കേന്ദ്രത്തിന്റെ ദൗത്യമെന്നു വൈ എം ആർ ഐ മാനേജിങ് ഡയറക്ടർ യസുവൊ ഇഷിഹര വിശദീകരിച്ചു. വൈ എം ആർ ഐയുടെ രണ്ടാമത്തെ പ്രധാന തൂണാണു ചൈന്നയിൽ സ്ഥാപിതമാവുന്നത്. സുരജ്പൂരിൽ നിലവിലുള്ള കേന്ദ്രത്തിന്റെ പിൻബലത്തോടെ ചെലവു കുറയ്ക്കാനും ആകർഷക ഉൽപന്നങ്ങൾ വികസിപ്പിക്കാനുമുള്ള ശ്രമങ്ങളാവും ചെന്നൈ കേന്ദ്രം നടത്തുകയെന്ന് അദ്ദേഹം വെളിപ്പെടുത്തി. തായ്‌ലൻഡിൽ 2012ൽ ആസിയാൻ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് സെന്റർ തുടങ്ങിയ പിന്നാലെ 2013 ഫെബ്രുവരിയിലായിരുന്നു യമഹ വൈ എം ആർ ഐ സ്ഥാപിച്ചത്. കമ്പനിയുടെ രണ്ടാമത്തെ സംയോജിത വികസന കേന്ദ്രത്തിന്റെ കാമ്പ് എന്ന നിലയിലായിരുന്നു വൈ എം ആർ ഐയുടെ തുടക്കം. ഇറ്റലിക്കും തയ്വാനും ചൈനയ്ക്കും തായ്‌ലൻഡിനും പിന്നാലെ യമഹ മോട്ടോർ ഗ്രൂപ് വിദേശത്തു സ്ഥാപിക്കുന്ന അഞ്ചാമത് ആർ ആൻഡ് ഡി ആസ്ഥാനമാണ് വൈ എം ആർ ഐ.

Your Rating: