Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുതന്ത്രങ്ങളുമായി പാക് വിപണി പിടിക്കാൻ യമഹ

Yamaha

വിപണിയുടെ സാധ്യതകൾ മുതലെടുക്കാനും എതിരാളികളെ ശക്തമായി നേരിടാനും ലക്ഷ്യമിട്ടു ജാപ്പനീസ് നിർമാതാക്കളായ യമഹ പാകിസ്ഥാനിൽ ചുവടുറപ്പിക്കുന്നു. പ്രാദേശിക കമ്പനികൾ ഏറ്റെടുത്തും പുതിയ നിർമാണശാല സ്ഥാപിച്ചും പാകിസ്ഥാനിൽ പ്രവർത്തനം ഊർജിതമാക്കാനാണു യമഹയുടെ പദ്ധതി. തുറമുഖ നഗരമായ കറാച്ചിയിൽ ഏപ്രിൽ അവസാനത്തോടെയാണു യമഹയുടെ പാകിസ്ഥാനിലെ ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. 17,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ശാലയിൽ തുടക്കത്തിൽ 210 ജീവനക്കാരുമുണ്ട്. 2020 ആകുമ്പോഴേക്ക് പ്രതിവർഷം നാലു ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനമാണു യമഹ ലക്ഷ്യമിടുന്നത്.

പൊതുഗതാഗത മേഖല ശക്തമല്ലാത്ത പാകിസ്ഥാനിൽ 17 ലക്ഷത്തോളം മോട്ടോർ സൈക്കിൾ ഉപയോക്താക്കൾ ഉണ്ടെന്നാണു കണക്കുകൾ. ഇറക്കുമതി വഴി ചൈനയിൽ നിന്നെത്തുന്ന പഴഞ്ചൻ മോഡലുകളാണു പാകിസ്ഥാനികളുടെ ആശ്രയം. ഈ പോരായ്മ മറികടക്കാൻ യമഹ 125 സി സി എൻജിനുള്ള ‘വൈ ബി ആർ 125’ പാക് വിപണിയിൽ അവതരിപ്പിച്ചിരുന്നു. മൂന്നു നാലു വർഷത്തെ ഇടവേളയ്ക്കൊടുവിൽ പാകിസ്ഥാനിൽ തിരിച്ചെത്തിയ യമഹയ്ക്ക് ഉജ്വല വരവേൽപ്പാണു ലഭിക്കുന്നതെന്നാണു ഡീലർമാരുടെ അവകാശവാദം. രാജ്യത്ത് 140 ഡീലർഷിപ്പുകളാണു യമഹയ്ക്കുള്ളത്.

നാലു പതിറ്റാണ്ടു മുമ്പ് 1975ൽ ദാവൂദ് കോർപറേഷനുമായി സഹകരിച്ചാണു യമഹ പാകിസ്ഥാൻ വിപണിയിൽ പ്രവേശിക്കുന്നത്. എന്നാൽ പാക് മോട്ടോർ സൈക്കിൾ വിപണി വളർച്ച നേടുന്ന ഘട്ടത്തിൽ 2008ലാണ് ഈ സംയുക്ത സംരംഭം പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇതോടെ സ്വന്തം നിലയിൽ ഭാവി വിപണന പദ്ധതികൾ ആവിഷ്കരിക്കാൻ യമഹ നിർബന്ധിതരായി; പാകിസ്ഥാനായി പുതിയ മോഡലുകളും സ്വന്തം നിർമാണശാലയുമൊക്കെ കമ്പനി പരിഗണിക്കുന്നതും ഈ ഘട്ടത്തിലാണ്.

വളർച്ചാ സാധ്യതയുള്ള വിപണികളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണു പാകിസ്ഥാനിൽ തിരിച്ചെത്താൻ യമഹ പുതിയ കമ്പനി തന്നെ രൂപീകരിച്ചതെന്ന് യമഹ മോട്ടോർ പാകിസ്ഥാൻ (പ്രൈവറ്റ്) ലിമിറ്റഡ് മാനേജിങ് ഡയറക്ടർ യാസുഷി ഇറ്റൊ വിശദീകരിക്കുന്നു. പാക് വിപണിക്കു മുന്തിയ പരിഗണനയാണു കമ്പനി നൽകുന്നതെന്നും ഇറ്റൊ വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.